സിനിമയ്ക്കായി വ്യോമസേന ജോലി ഉപേഷിച്ച ഡൽഹി ഗണേഷ്; വിടവാങ്ങിയത് തെന്നിന്ത്യൻ സിനിമയുടെ നിറസാന്നിധ്യം
Monday, November 11, 2024 10:51 AM IST
നടൻ ഡൽഹി ഗണേഷിന്റെ വിയോഗത്തിലൂടെ തെന്നിന്ത്യൻ സിനിമ ലോകത്തിന് നഷ്ടമായത് അഭിനയത്തിന്റെ അതുല്യ പ്രതിഭയെയാണ്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ശനിയാഴ്ച രാത്രി 11.30ഓടെ ചെന്നൈയിലായിരുന്നു ഗണേഷിന്റെ (83) അന്ത്യം.
1944 ഓഗസ്റ്റ് ഒന്നിനായിരുന്നു ഗണേഷിന്റെ ജനനം. 1964ൽ വ്യോമസേനയിൽ ചേർന്ന ഗണേഷ് 1974ൽ സിനിമയ്ക്ക് വേണ്ടി ജോലി ഉപേക്ഷിച്ചു. സിനിമയിൽ വരുന്നതിന് മുമ്പ് ഗണേഷ് ഡൽഹിയിലെ ദക്ഷിണ ഭാരത് നാടക സഭ എന്ന ട്രൂപ്പിൽ ചേർന്നു പ്രവർത്തിച്ചു. അന്ന് പ്രമുഖ സംവിധായകൻ ബാലചന്ദറാണ് അദ്ദേഹത്തെ ഡൽഹി ഗണേഷ് എന്ന പേര് വിളിച്ച് വിശേഷിപ്പിച്ചത്.
1976ൽ കെ.ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.
നായകൻ (1987), മൈക്കിൾ മദന കാമ രാജൻ (1990) എന്നീ സിനിമകളിലെ വേഷങ്ങളിലൂടെ ഏറെ പ്രശംസ പിടിച്ചുപറ്റിയ അദ്ദേഹം അപൂർവ സഹോദരങ്ങൾ (1989), ആഹാ (1997), തെന്നാലി (2000), എങ്കമ്മ മഹാറാണി (1981) എന്നീ സിനിമകളിലും വേഷമിട്ടു.
രജനീകാന്ത്, കമൽഹാസൻ, വിജയകാന്ത് എന്നിവർക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച ഗണേഷിന് 1979ൽ അഭിനയത്തിന് തമിഴ്നാട് സർക്കാരിന്റെ പ്രത്യേക ജൂറി പരമാർശവും ലഭിച്ചിട്ടുണ്ട്. ധ്രുവം, ദേവാസുരം, കാലാപാനി, കീർത്തിചക്ര, പോക്കിരിരാജ തുടങ്ങിയവയാണ് ഡൽഹി ഗണേഷിന്റെ മലയാള ചിത്രങ്ങൾ. ഇന്ത്യൻ 2 ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.