ബാങ്കോക്ക് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ; ‘ഒങ്കാറ’യ്ക്ക് മൂന്ന് പുരസ്കാരങ്ങൾ
Saturday, November 9, 2024 11:56 AM IST
കാസർഗോഡൻ മണ്ണിലെ മാവിലൻ ഗോത്രസമുദായത്തിന്റെ കഥ പറഞ്ഞ ‘ഒങ്കാറ’യ്ക്ക് ബാങ്കോക്ക് ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിന്റെ 2024 എഡിഷനിൽ മൂന്ന് പുരസ്കാരങ്ങൾ. പത്രപ്രവർത്തകനും എഴുത്തുകാരനുമായ രാജേഷ് തില്ലങ്കേരിയുടെ തിരക്കഥയിൽ നവാഗതനായ ഉണ്ണി കെ.ആർ. സംവിധാനംചെയ്ത ചിത്രമാണ് ഒങ്കാറ.
മികച്ച ഒറിജിനൽ തിരക്കഥാവിഭാഗം-രാജേഷ് തില്ലങ്കേരി, ആഖ്യാനനടൻ-പ്രകാശ് വി.ജി. (വെട്ടുകിളി പ്രകാശ്) പ്രത്യേക ജൂറി പരാമർശം- ഉണ്ണി കെ.ആർ. എന്നീ കാറ്റഗറിയിലാണ് അവാർഡ്. വിവിധ രാജ്യങ്ങളിൽനിന്നുള്ള 55 ചിത്രങ്ങളാണ് മേളയിൽ സ്ക്രീൻ ചെയ്യുന്നത്.
വേൾഡ് ക്ലാസിക് മത്സരവിഭാഗത്തിലാണ് ഒങ്കാറയ്ക്ക് പുരസ്കാരം. പ്രശസ്ത ജോർജിയൻ-പെറു സിനിമാസംവിധായകനായ മനന ജോഷ്വലിയുടെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.
വടക്കൻകേരളത്തിൽ ജീവിക്കുന്ന ഗോത്രവിഭാഗമായ മാവിലാൻ സമുദായത്തിന്റെ തെയ്യം, മംഗലംകളി, പാരമ്പര്യസംഗീതം, ഒപ്പം അവരുടെ ജീവിതവും ആചാരാനുഷ്ഠാനങ്ങൾക്കും പ്രധാന്യം നൽകിയുള്ള ചിത്രമാണ് ഒങ്കാറ.
മാവിലാൻ സമുദായക്കാരുടെ സംസാരഭാഷയായ മർക്കോടിയിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സുധീർ കരമനയാണ് മുഖ്യവേഷത്തിൽ. ശനിയാഴ്ച ബാങ്കോക്കിലെ സിലോമിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.