അമ്മയുടെ തലപ്പത്തേയ്ക്ക് ഇനിയില്ല; ഉറപ്പിച്ച് മോഹൻലാൽ
Friday, November 8, 2024 12:55 PM IST
താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് പദവിയിലേയ്ക്ക് ഇല്ലെന്നുറപ്പിച്ച് മോഹൻലാൽ. ഭാരവാഹിത്വം ഏൽക്കാൻ താൽപര്യമില്ലെന്ന വിവരം മോഹൻലാൽ അഡ്ഹോക് കമ്മിറ്റിയിൽ അറിയിച്ചതായാണ് വിവരം.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ അമ്മ സംഘടന ആടിയുലഞ്ഞിരുന്നു. ഇതിന് പിന്നാലെ മോഹൻലാൽ പ്രസിഡന്റും സിദ്ദിഖ് ജനറൽ സെക്രട്ടറിയുമായിരുന്ന സംഘടന പിരിച്ചുവിട്ടിരുന്നു.
ഇനി ഭാരവാഹിത്വത്തിലേക്ക് ഇല്ല എന്ന തീരുമാനം മോഹൻലാൽ സഹപ്രവർത്തകരെയും അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഹേമ കമ്മിറ്റി റിപ്പോർട്ടിനുശേഷം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടും സഹപ്രവർത്തകരിൽനിന്നു കാര്യമായ പിന്തുണയോ സഹായമോ ലഭിച്ചില്ലെന്നതും മോഹൻലാലിന്റെ പിന്മാറ്റത്തിന്റെ കാരണമായി പറയപ്പെടുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം അമ്മയിലേക്കു മാത്രമായി വിമർശനങ്ങൾ കേന്ദ്രീകരിച്ചതിലുള്ള എതിർപ്പ് മോഹൻലാൽ നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു. അമ്മ മാത്രമല്ല, എല്ലാവരുമാണു മറുപടി പറയേണ്ടതെന്നും എന്തിനും ഏതിനും അമ്മയെ മാത്രം കുറ്റപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.
മാത്രമല്ല സംഘടനയുടെ പദവി ഏറ്റെടുക്കണ്ട എന്ന കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നിർദ്ദേശം അനുസരിച്ചാണ് താരത്തിന്റെ തീരുമാനമെന്നും വിവരമുണ്ട്.
അമ്മയുടെ പുതിയ ഭാരവാഹികളെ ഉടൻ തിരഞ്ഞെടുക്കുമെന്ന് മുൻ വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയും സുരേഷ് ഗോപിയും സൂചന നൽകിയിരുന്നു. അമ്മ ജനറൽബോഡിയും തെരഞ്ഞെടുപ്പും ജൂണിൽ നടക്കാനാണ് ഇനി സാധ്യത. ഒരു വർഷം താൽക്കാലിക കമ്മിറ്റി ചുമതല വഹിക്കും.