"നിങ്ങളെന്താ ഇവന് തിന്നാൻ കൊടുക്കുന്നത്? അടുക്കളയിലെത്തി മമ്മൂട്ടി ചോദിച്ചു, ഒപ്പം സുൽഫത്തും
Thursday, November 7, 2024 3:36 PM IST
നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്റെ വീട്ടിൽ അപ്രതീക്ഷിത അതിഥിയായി എത്തി മമ്മൂട്ടിയും ഭാര്യ സുൽഫത്തും.
നിർമാതാവ് രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലേയ്ക്ക് പോകുവഴിയാണ് കുന്നംകുളത്തുള്ള ശ്രീരാമന്റെ വീട്ടിൽ അപ്രതീക്ഷിതമായി മമ്മൂട്ടിയും ഭാര്യയും കയറിച്ചെന്നത്. അടുക്കളയിൽ തൂക്കിയിട്ടിരിക്കുന്ന പഴക്കുലകൾ കണ്ട് മമ്മൂട്ടി ചോദിച്ച ചോദ്യം രസകരമാക്കി ശ്രീരാമന് കുറിച്ചിട്ടുണ്ട്.
ഗുരുവായൂരൊരു കല്യാണത്തിന് പോണ വഴി കയറി വന്നതാ രണ്ടാളും കൂടി. വന്നതും അട്ക്കളയിൽ വന്ന് നമ്മടെ തീയ്യത്തിയെ വെരട്ടി.
"നിങ്ങളെന്താ ഇവന് തിന്നാൻ കൊടുക്കുന്നത്?"
" ചോറും മീങ്കൂട്ടാനും പപ്പടം ചുട്ടതും... ചെലേപ്പൊ പയറുപ്പേരീം "
പിന്നെ... ?
"പിന്നെ പ്രത്യേകിച്ചൊന്നൂല്ലാ"
"പിന്നെന്തിനാണ് ഇത്രയും പഴക്കുലകൾ? ഇവിടെ ആനയോ മറ്റോ ഉണ്ടോ? നിങ്ങൾ രണ്ടാളല്ലേ ഉള്ളൂ ഈ വീട്ടിൽ?"
"മൂപ്പരടെ പണിയാ, പറമ്പിലുള്ളത് പോരാഞ്ഞ് കുന്നംകുളത്തുള്ള പഴുന്നാൻ മാത്തൂന്റെ പീട്യേന്നും വേടിച്ചൊടന്ന് ഇബടെ ഞാത്തും."
"ആരാ ഈ പഴുന്നാൻ മാത്തു?" ചോദ്യം എന്നോടായിരുന്നു.
"പഴുന്നാൻ മാത്തൂന്റെ അപ്പൻ പഴുന്നാൻ ഇയ്യാവു ആണ് BC 60ൽ കുന്നങ്കൊളത്ത് ബനാനാ റിപ്പബ്ലിക്ക് സ്ഥാപിച്ചത്."
"അപ്പോപ്പിന്നെ ഡെയ്ലി ഓരോ കുലവാങ്ങി ഞാത്തിക്കോ. ഇട്ടിക്കോരയുടെ ഒരു ഫോട്ടോ വെച്ച് മെഴുകുതിരിയും കത്തിച്ചോ'
അങ്ങനെ മല പോലെ വന്ന പ്രശ്നം പെരുച്ചാഴിയെപ്പോലെ വെളിച്ചം കണ്ടമ്പരന്നു.
സിനിമയിലും ജീവിതത്തിലും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും ശ്രീരാമനും. ഒരുപാട് സിനിമകളിലും ഇവർ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.