കുട്ടികളുടെ വികൃതികളുമായി "സ്താനാർത്തി ശ്രീക്കുട്ടൻ'; ടീസർ
Thursday, November 7, 2024 10:08 AM IST
അജു വർഗീസ്, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സ്താനാർത്തി ശ്രീക്കുട്ടൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. നവാഗതനായ വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രം ബഡ്ജറ്റ് ലാബ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാന്ത് കെ. പിള്ള, മുഹമ്മദ് റാഫി എം.എ. എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചത് മുരളി കൃഷ്ണൻ, ആനന്ദ് മന്മഥൻ, കൈലാഷ് എസ്. ഭവൻ, വിനേഷ് വിശ്വനാഥ് എന്നിവരാണ്.
യു പി സ്കൂൾ പശ്ചാത്തലത്തിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന രണ്ട് കുട്ടികളെ കേന്ദ്രീകരിച്ചാണ് സിനിമ കഥ പറയുന്നത്. മുപ്പതിലധികം കുട്ടികളാണ് ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. അതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച എല്ലാ കുട്ടികളേയും ഓഡിഷൻ വഴി കണ്ടെത്തി, അവർക്ക് 15 ദിവസം നീണ്ടു നിന്ന അഭിനയ കളരിയിലൂടെ പരിശീലനവും അണിയറപ്രവത്തകർ നൽകിയിരുന്നു. സാം ജോർജിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് അഭിനയ പരിശീലനം നൽകിയത്.
ഒരു യു.പി. സ്കൂളും അവിടുത്തെ കുറച്ചു കുട്ടികളും അവർക്കിടയിലെ ഇണക്കവും, പിണക്കവും, കിടമത്സരവും വാശിയും കുട്ടികളും അധ്യാപകരും തമ്മിലൊരു രസതന്ത്രമുണ്ട്.
അധ്യാപകർക്ക് ഇഷ്ടപ്പെട്ട കുട്ടികൾ, കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട അധ്യാപകർ ഇതെല്ലാം ഈ ചിത്രത്തിൽ കോർത്തിണക്കിയിരിക്കുന്നു. ഒപ്പം രസകരമായ പ്രണയവും എല്ലാം ചേർന്ന ഒരു ക്ലീൻ എന്റർടൈനർ. നമ്മുടെ ബാല്യങ്ങളുടെ ഒരു നേർക്കാഴ്ച്ച തന്നെയെന്ന് ഈ ചിത്രത്തെക്കുറിച്ചു പറയാം.
ശ്രീക്കുട്ടൻ, അമ്പാടി എന്നിവരെ യഥാക്രമം ശ്രീരംഗ് ഷൈൻ, അഭിനവ് എന്നിവർ അവതരിപ്പിക്കുന്നു. അജു വർഗീസും ജോണി ആന്റണിയും ഈ ചിത്രത്തിലെ രണ്ട് അധ്യാപകരാണ്. സൈജു കുറുപ്പ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ആനന്ദ് മന്മഥൻ, ഗംഗ മീര, ശ്രുതി സുരേഷ്, അജിഷ പ്രഭാകരൻ, കണ്ണൻ നായർ, ജിബിൻ ഗോപിനാഥ്, ശ്രീനാഥ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം- അനൂപ് വി. ഷൈലജ, സംഗീതം/പശ്ചാത്തല സംഗീതം- പി.എസ്. ജയഹരി, എഡിറ്റിംഗ്- കൈലാഷ് എസ്. ഭവൻ, വരികൾ- വിനായക് ശശികുമാർ, മനു മൻജിത്, അഹല്യ ഉണ്ണികൃഷ്ണൻ, നിർമ്മൽ ജോവിയൽ, പിആർഒ-വാഴൂർ ജോസ്.