റിവ്യു നീക്കം ചെയ്തില്ലെങ്കിൽ വിവരമറിയും; ബാഡ് ബോയ്സിന് നെഗറ്റിവ് റിവ്യു ചെയ്ത വ്ലോഗറെ ഭീഷണിപ്പെടുത്തി നിർമാതാവ്
Friday, September 20, 2024 9:25 AM IST
തിയറ്ററിൽ ഓണം റിലീസായെത്തിയ ബാഡ് ബോയ്സ് എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യൂ പറഞ്ഞ യുട്യൂബ് വ്ലോഗറെ ഭീഷണിപ്പെടുത്തി നിർമാതാവ്. അബാം മൂവിസിന്റെ ഉടമസ്ഥനായ ഏബ്രഹാം മാത്യുവാണ് റിവ്യുവറെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞത്.
റിവ്യു യൂട്യൂബിൽ നിന്നും നീക്കം ചെയ്തില്ലെങ്കിൽ പോലീസിനെ വിളിച്ചുകൊണ്ട് വീട്ടിലെത്തുമെന്നും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുമെന്നും പറഞ്ഞുകൊണ്ടാണ് ഏബ്രഹാം മാത്യു സംസാരം തുടങ്ങുന്നത്.
റിവ്യു നീക്കം ചെയ്തില്ലെങ്കിൽ രാവിലെ വിവരമറിയുമെന്നും ഇതൊരു താക്കീത് ആണെന്നും നിർമാതാവ് പറയുന്നുണ്ട്. തോന്നുന്നത് എഴുതിയിടാനല്ല കോടിക്കണക്കിന് കാശ് മുടക്കി സിനിമ എടുക്കുന്നതെന്നും കാശ് മേടിച്ചാണ് ഇത്തരം റിവ്യു ചെയ്യുന്നതെന്നും ഏബ്രഹാം മാത്യു ആരോപിക്കുന്നു.
നിർമാതാവ് ഭീഷണിപ്പെടുത്തുന്നതടക്കമുള്ള വീഡിയോ വ്ലോഗർ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. തനിക്കു പേടിയും ടെൻഷനും ഉണ്ടെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്ന ഒരുപാട് കാശുള്ളവരോട് നമുക്ക് തിരിച്ചൊന്നും പറയാൻ പറ്റില്ലെന്നും വ്ലോഗർ പറയുന്നു.
നിർമാതാവിന്റെ ഭീഷണിയെ തുടർന്ന് വ്ലോഗർ ബാഡ് ബോയ്സ് സിനിമയുടെ റിവ്യു നീക്കം ചെയ്തിട്ടുണ്ട്.
റഹ്മാൻ, ശീലു ഏബ്രഹാം, ബാബു ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഒമർ ലുലു സംവിധാനം ചെയ്ത സിനിമയാണ് ബാഡ് ബോയ്സ്. ചിത്രത്തിലെ നായികയായ ശീലു ഏബ്രഹാം, ഏബ്രഹാം മാത്യുവിന്റെ ഭാര്യയാണ്.