ആ സിനിമ നഷ്ടമായ അന്നു മാത്രം ഞാൻ പൊട്ടിക്കരഞ്ഞു; രാകുൽ പ്രീത് പറയുന്നു
Thursday, September 19, 2024 3:11 PM IST
തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും സ്വന്തമായൊരു ഇടം കണ്ടെത്തിയ നടിയാണ് രകുല്‍ പ്രീത് സിംഗ്. തെലുങ്കിലൂടെയാണ് രകുല്‍ പ്രീത് സിംഗ് താരമാകുന്നത്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കക്കാലത്തു നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ച് സംസാരിക്കുകയാണ് രകുല്‍ പ്രീത് സിംഗ്.
സിനിമയിലേക്കുള്ള എന്റെ അരങ്ങേറ്റത്തിനും മുമ്പ് നാല് ദിവസത്തെ ഷൂട്ടിംഗിന് ശേഷം എന്നെ ഒരു സിനിമയില്‍ നിന്നു മാറ്റി. പ്രഭാസ് നായകനായ സിനിമയായിരുന്നു അത്. ഇന്‍ഡസ്ട്രിയെക്കുറിച്ചും അതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അറിയാത്തതുകൊണ്ടും അതൊന്നും ഹൃദയത്തിലേക്ക് എടുത്തില്ല.
ഞാനൊരു പഞ്ചപാവമായിരുന്നു. ഓ അവര്‍ എന്നെ മാറ്റിയോ? സാരമില്ല, ഇത് എനിക്കുള്ളതല്ല. വേറെ എന്തെങ്കിലും നോക്കാം എന്നാണു വിചാരിച്ചത്. ചുറ്റും ആളുകളുണ്ടെങ്കില്‍ ഓരോന്ന് പറഞ്ഞ് നമ്മളില്‍ വിഷം കുത്തിവയ്ക്കും. പക്ഷെ എന്റെ കൂടെ ആരുമുണ്ടായിരുന്നില്ല. ആ നിഷ്കളങ്കത്വം എന്നെ സഹായിച്ചു- രാകുൽ പറയുന്നു
പിന്നീട് മറ്റൊരു പ്രൊജക്ടിലും അതുതന്നെ സംഭവിച്ചു. അതുപക്ഷെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നില്ല. പക്ഷെ രണ്ട് സിനിമകളില്‍ ഇങ്ങനെ സംഭവിച്ചതോടെ കിംവദന്തികള്‍ പ്രചരിക്കാന്‍ തുടങ്ങി. നിനക്ക് അഭിനയിക്കാന്‍ അറിയാത്തതു കൊണ്ടോ ആറ്റിട്യൂഡ് പ്രശ്നം ഉള്ളതിനാലോ ആണ് മാറ്റിയതെന്ന് ആളുകള്‍ പറഞ്ഞു. അതോടെ വലിയൊരു തുടക്കം ലഭിക്കില്ലെന്ന് എനിക്ക് ബോധ്യപ്പെട്ടു. എന്റെ ആദ്യ സിനിമ ചെറിയ സിനിമയായിരുന്നു. പക്ഷെ അതു വലിയ വിജയമായി- രാകുല്‍ കൂട്ടിച്ചേർത്തു.
എന്നാല്‍ കരിയറിന്റെ തുടക്കത്തില്‍ മാത്രമല്ല രകുലിന് അവസരം നഷ്ടമായത്. എം.എസ്. ധോണിയുടെ ജീവിതകഥ പറഞ്ഞ സിനിമയില്‍ നിന്നും രാകുലിനെ ഒഴിവാക്കിയിരുന്നു. സുശാന്ത് സിംഗ് രജ്പുത് നായകനായ ചിത്രത്തില്‍ പകരം എത്തിയത് ദിഷ പഠാനിയായിരുന്നു. സിനിമ വലിയ വിജയമായി മാറുകയും ദിഷ പഠാനി താരമാവുകയും ചെയ്തിരുന്നു. നീരജാ പാണ്ഡെയായിരുന്നു സിനിമയുടെ സംവിധായകന്.
ഞാന്‍ ഈ സിനിമയിലേക്ക് കോസ്റ്റ്യൂയും ടെസ്റ്റ് ചെയ്യുകയും തിരക്കഥ വായിക്കുകയും ചെയ്തതാണ്. പക്ഷെ പിന്നീട് ഡേറ്റ് ഒരുമാസത്തേക്ക് മാറിപ്പോയി. ഞാന്‍ ആ സമയത്ത് രാം ചരണിനൊപ്പം ബ്രൂസ് ലി എന്ന സിനിമ ചെയ്യുകയായിരുന്നു.
ഒരു മാസത്തിനകം റിലീസ് ചെയ്യേണ്ട സിനിമയിലെ രണ്ട് പാട്ടുകള്‍ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. ഡേറ്റുകള്‍ അഡ്ജസ്റ്റ് ചെയ്യാനായില്ല. അത്ര നല്ലൊരു സിനിമ നഷ്ടമായല്ലോ എന്നോര്‍ത്ത് അന്നു ഞാന്‍ കുറേ കരഞ്ഞു- രാകുല്‍ പറഞ്ഞു.