ആരാധകരെ ഇതാ വിജയ്യുടെ അവസാനചിത്രം; സംവിധാനം എച്ച്. വിനോദ്, സംഗീതം അനിരുദ്ധ്
Monday, September 16, 2024 8:34 AM IST
തമിഴ് സൂപ്പർതാരം ദളപതി വിജയ്യുടെ അവസാന ചിത്രം പ്രഖ്യാപിച്ചു. ‘ദളപതി 69’ എന്നു താൽകാലികമായി പേരു നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എച്ച്. വിനോദാണ്. സിനിമ നിർമിക്കുന്നത് കെവിഎൻ പ്രൊഡക്ഷൻസ് ആണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം നിർവഹിക്കുക.
കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ. നാരായണ ആണ് കെവിഎൻ പ്രൊഡക്ഷൻസിന്റെ പേരിൽ ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമായി ചേർന്നാണ് ദളപതി 69ന്റെ നിർമാണം. ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്ടോബറിൽ തിയറ്ററിലേക്കെത്തും.
ആരാധകർക്ക് ആവേശം നൽകുന്ന പ്രഖ്യാപനങ്ങൾ ഉടൻ ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറപ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ പങ്കുവയ്ക്കുമെന്നും കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു. പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ കേരള പിആർഓ.