ഇനിയ ഇനി നടി മാത്രമല്ല; കലാമേഖലയിൽ അഭിനേത്രിയുടെ പുത്തൻ സംരംഭം
Friday, September 13, 2024 1:19 PM IST
അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ കലയുടെ മറ്റു മേഖലകളിൽ കൂടി കടന്നു ചെല്ലുകയാണ് ചലച്ചിത്ര താരം ഇനിയ. ഇപ്പോഴിതാ ‘ആത്രേയ ഡാൻസ് സ്റ്റുഡിയോ’ എന്ന പുതിയ സംരംഭത്തിന് നടി തുടക്കം കുറിച്ചിരിക്കുകയാണ്. ഇനിയയുടെ ഗുരുവായ അരുൺ നന്ദകുമാറുമായി സഹകരിച്ച് ആരംഭിച്ചഡാൻസ് സ്റ്റുഡിയോയുടെ ഉദ്ഘാടനവും ആദ്യ പ്രകടനവും ദുബായിലെ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ഇന്ത്യോ അറബ് എക്സലൻസ് അവാർഡ് ചടങ്ങിൽ നടന്നു.
ഒന്നര പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് ശ്രദ്ധേയ വേഷങ്ങളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ഇനിയ. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നഡയിലുമൊക്കെയായി ഒട്ടനേകം സിനിമകളിൽ ഇതിനകം താരം കഴിവുതെളിയിച്ചു കഴിഞ്ഞു.
അടുത്തിടെയാണ് ഇനിയയുടെ സ്വന്തം ബ്രാൻഡായി ‘അനോറ ആർട്ട് സ്റ്റുഡിയോ’ എന്ന പേരിൽ ചെന്നൈയിൽ ഡിസൈനർ ഫാഷൻ സ്റ്റുഡിയോ ആരംഭിക്കുകയുണ്ടായത്. അതിന് പിന്നാലെ ഇപ്പോള്‍ മറ്റൊരു സംരംഭത്തിന് ഇനിയുടെ ആത്രേയ ഡാൻസ് സ്റ്റുഡിയോ തുടക്കമാവുന്നു.
ഇനിയയുടെ സഹോദരി താരയാണ് അനോറ ആർട്ട് സ്റ്റഡിയോയുടെ ഡിസൈനർ. രൂപകല്പനചെയ്ത് തയ്യാറാക്കിയ നൃത്ത വസ്ത്രങ്ങൾ വാടകയ്ക്ക് നൽകാനുള്ള സൗകര്യം ഒരുക്കുകയും ചെയ്യുന്നു.
പരമ്പരാഗത-ആധുനിക കലാരൂപങ്ങൾ എല്ലാവർക്കും സുലഭമാകുന്ന സേവനമാണ് ഇനിയയുടെ ലക്ഷ്യം. നൃത്തത്തോടുള്ള അഗാധമായ സ്നേഹവും സമൂഹത്തോടുള്ള പ്രതിബദ്ധതയുമാണ് ആത്രേയയുടെ പിറവിക്ക് പിന്നിലെന്ന് ഇനിയയുടെ വാക്കുകള്‍.
“ഇവിടെ നൃത്തം ഒരു മനോഹരമായ ദൃശ്യനാടകമായി മാറും. ഓരോ ചലനവും ഒരു കഥ പറയുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. വിവിധ കലാരൂപങ്ങളിലെ പ്രകടനങ്ങൾക്ക് പ്രത്യേക ടീമാകും ഉണ്ടാവുക,” ഇനിയ പറഞ്ഞു.
നർത്തകനും നടനുമായ അരുൺ നന്ദകുമാറുമായി സഹകരിച്ചുകൊണ്ട് ക്ലാസിക്കൽ, പരമ്പരാഗത നൃത്തരൂപങ്ങളെ സമകാലിക പരീക്ഷണങ്ങളുമായി സംയോജിപ്പിച്ചാണ് ആത്രേയയിൽ അവതരിപ്പിക്കുന്നത്. മനസിനെയും ശരീരത്തെയും ഒന്നിപ്പിക്കുന്നതുമായ നർത്തനത്തിലൂടെ അതിശയകരവും വൈകാരികവുമായൊരു അനുഭവമായിരിക്കും നൽകുന്നത് എന്ന് സ്ഥാപന ഉടമകൾ വാഗ്ദാനം നൽകുന്നു.
ഇഷ്ടാനുസൃത വസ്ത്രങ്ങൾ മുതൽ വാടകയ്ക്ക് എടുക്കുന്ന വസ്ത്രങ്ങൾ വരെ ലഭ്യമാക്കിക്കൊണ്ട് നർത്തകർക്ക് അവരുടെ കലയെ ജീവസുറ്റതാക്കാൻ ആത്രേയ സഹായിക്കുന്നുമുണ്ട്. ആത്രേയയിൽ, നൃത്തമെന്നാൽ വെറുമൊരു ചലനം മാത്രമല്ല, അതിനേക്കാള്‍ മേലെയാണ്. ഓരോ ചുവടും ഒരു കഥ പറയുന്ന മനോഹരമായ ഒരു നാടകാവിഷ്കാരമാണത്. കലാപരിപാടികൾക്കുള്ള സമ്പൂർണ പരിഹാരം കൂടിയാണ് ആത്രേയ ഡാൻസ് സ്റ്റുഡിയോ.
നാടക പ്രവർത്തനങ്ങൾ, അവാർഡ് ഷോകൾ, സെലിബ്രിറ്റി ഷോകൾ, ബ്രാൻഡ് ലോഞ്ച്, ഉത്സവ പരിപാടികൾ സീസണൽ ഇവന്റുകൾ , സംഗീത പരിപാടികൾ തുടങ്ങി എല്ലാത്തരം നൃത്ത അധിഷ്ഠിത പരിപാടികളും നൽകുന്നുണ്ട്.
സമകാലിക നൃത്തം, സെമി ക്ലാസിക്കൽ നൃത്തം, സിനിമാറ്റിക് ഡാൻസ്, ഫ്യൂഷൻ ഡാൻസ്, കഥക് ഡാൻസ്, ഒഡീസി ഡാൻസ്, അക്രോബാക്റ്റിക് ഡാൻസ്, ഏരിയൽ ഡാൻസ്, ഫയർ ഡാൻസ്, ലാറ്റിൻ ഡാൻസ്, ഹിപ്-ഹോപ്പ് ഡാൻസ് മറ്റ് സാംസ്കാരിക കലാരൂപങ്ങൾ തുടങ്ങി വ്യത്യസ്തമായ നൃത്ത ശൈലികൾ അവതരിപ്പിക്കാനായുള്ള വലിയൊരു ടീം തന്നെ ആത്രേയയ്ക്ക് ഒപ്പമുണ്ട്.
ഇതോടൊപ്പം തന്നെ ഇനിയ സിനിമാലോകത്തും സജീവമാണ്. സ്വീറ്റി നോട്ടി ക്രേസി( തെലുങ്ക്) എന്ന സിനിമയിലാണ് ഇനിയ ഇപ്പോൾ അഭിനയിക്കുന്നത്. ദുബായിൽ ഡാൻസ് പ്രൊഡക്ഷൻ ആരംഭിച്ചതിന് ശേഷമാണ് ഹൈദരാബാദിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗിൽ എത്തിയത്. ഇനിയ അഭിനയിച്ച മലയാള സിനിമ ഗ്യാംഗസ് ഓഫ് സുകുമാരക്കുറുപ്പ് ഓണത്തിന് റിലീസാകും.