ബസ് കണ്ടക്ടറെ കുത്തിപരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ
Saturday, May 17, 2025 12:00 PM IST
മെഡിക്കൽ കോളജ്: ബസ് കണ്ടക്ടറെ കുത്തിപ്പരിക്കൽപ്പിച്ചയാളെ ഫോർട്ട് പോലീസ് അറസ്റ്റുചെയ്തു. മലയിൻകീഴ് മലയം സ്വദേശിയും നിലവിൽ എ.കെ.ജി സെന്ററിന് സമീപം താമസിച്ചുവരുന്നയാളുമായ ബാബുരാജ് (46) ആണ് അറസ്റ്റിലായത്.
ഉണ്ണികൃഷ്ണൻ എന്ന സ്വകാര്യ ബസിലെ കണ്ടക്ടറും ചെറിയതുറ ഫിഷർമെൻ കോളനി സ്വദേശിയുമായ വിനോജ് (22) ആണ് ആക്രമണത്തിന് ഇരയായത്. ഫോർട്ട് സ്റ്റേഷൻ പരിധിയിൽ കിഴക്കേകോട്ട പെട്രോൾ പമ്പിന് സമീപം വ്യാഴാഴ്ച വൈകുന്നേരം ആറോടുകൂടി ബസ് നിർത്തിയിട്ടപ്പോഴായിരുന്നു അക്രമം.
കുത്തിൽ വിനോജിന്റെ മുഖത്തിനും തലയ്ക്കും ശരീരത്തിനും സാരമായി പരിക്കേറ്റു. ഉണ്ണികൃഷ്ണൻ എന്ന ബസിൽ മുമ്പ് ഡ്രൈവറായി ജോലി നോക്കി വന്നിരുന്ന ആളാണ് ബാബുരാജ്. മദ്യപാനി ആയതുകൊണ്ട് ഇയാളെ ജോലിയിൽനിന്ന് നീക്കം ചെയ്യുകയായിരുന്നു.
സംഭവദിവസം മദ്യപിച്ചെത്തിയ ബാബുരാജ് ബസിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചപ്പോൾ വിനോജ് തടഞ്ഞതാണ് ആക്രമണത്തിൽ കലാശിച്ചത്. ബിനോജ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് കസ്റ്റഡിയിലെടുക്കാൻ ചെന്നപ്പോൾ ബാബുരാജ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെയുണ്ടായ വീഴ്ചയിൽ ഇയാളും പരിക്കേറ്റു ചികിത്സയിലാണ്. ഫോർട്ട് സിഐ ശിവകുമാറും സംഘവുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.