ലക്കിടി തടയണയുടെ സംഭരണശേഷി വർധിപ്പിക്കാൻ നടപടി തുടങ്ങി
1422792
Thursday, May 16, 2024 1:04 AM IST
ഒറ്റപ്പാലം: ജലസംഭരണ ശേഷി കുറഞ്ഞ ലക്കിടി തടയണ ഭാഗം നവീകരിക്കുന്നതിനു നടപടി. ഭാരതപ്പുഴയിൽ പതിറ്റാണ്ടുകളായുള്ള മണ്ണും മണലും ചെളിയും നിറഞ്ഞാണ് തടയണയുടെ ജലസംഭരണ ശേഷി കുറഞ്ഞത്.
ഇവ നീക്കം ചെയ്യുന്നതിനു നിയമ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതു പരിഹരിച്ച് തടയണയിൽ പ്രവൃത്തികൾ നടത്തി ജലസംഭരണ ശേഷി വർധിപ്പിക്കാനാണ് പുതിയ തീരുമാനം.
ഇതിനായി കഴിഞ്ഞ വർഷങ്ങളിൽ 10 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് വകയിരുത്തിയിരുന്നെങ്കിലും മേലധികാരികളുടെ അനുമതി ലഭിക്കാത്തതിനാൽ പദ്ധതി മുടങ്ങുകയായിരുന്നു. ഈ വർഷത്തെ കൊടും വരൾച്ചയുടെ പശ്ചാത്തലത്തിൽ പ്രശ്നം പരിഹരിക്കാനുള്ള തീവ്രശ്രമം ലക്കിടി -പേരൂർ ഗ്രാമപഞ്ചായത്ത് നടത്തി വരികയായിരുന്നു.
ഇതിന്റെ ഭാഗമായി വകുപ്പുമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഗ്രാമ പഞ്ചായത്തധികൃതർ ബന്ധപ്പെട്ടിരുന്നു.
തുടർന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരായ കെ. അജയ്കുമാർ, എൻ. സന്തോഷ് തുടങ്ങിയവർ തടയണ സന്ദർശിക്കുകയും പ്രോജക്ടിന്റെ എസ്റ്റിമേറ്റ് തയാറാക്കൽ നടപടി ആരംഭിക്കുകയും ചെയ്തു.
ജനപ്രതിനിധികളായ കെ. ഹരി, ചൈതന്യ രാമകൃഷ്ണൻ, സി. ബാലൻ തുടങ്ങിയവരും സമീപവാസികളും സ്ഥലത്തെത്തിയിരുന്നു. മഴക്കാലത്തിനുമുൻപ് തന്നെ പണി ആരംഭിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് തടയണ പ്രദേശത്ത് നടത്തേണ്ടത്.
നിയമ തടസങ്ങളും മറ്റു സാങ്കേതിക തടസങ്ങളും മറികടന്ന് തടയണ വൃത്തിയാക്കാനും പരമാവധി വെള്ളം സംഭരിച്ചുവയ്ക്കാനും കഴിയുന്ന വിധം പദ്ധതി ആവിഷ്കരിക്കണമെന്നാണ് ജനാവശ്യം.