വന്യമൃഗശല്യം പരിഹരിക്കണം: താക്കീതായി കിഫയുടെ നെന്മാറ ഡിഎഫ്ഒ ഓഫീസ് മാർച്ചും ധർണയും
1480969
Friday, November 22, 2024 4:01 AM IST
നെന്മാറ: ജനവാസമേഖലകളിൽ സ്ഥിരമായി അനുഭവപ്പെടുന്ന വന്യമൃഗശല്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ- കിഫയുടെ നേതൃത്വത്തിൽ വാഹന ജാഥയും ധർണയും നടത്തി.
ആലത്തൂർ, നെല്ലിയാമ്പതി വനംറേഞ്ചിനു കീഴിലുള്ള മലയോര മേഖലകളിലെ കർഷകരും കൃഷിയെആശ്രയിച്ചു കഴിയുന്നവരുമാണ് ധർണയിൽ പങ്കെടുത്തത്.
നൂറോളം വാഹനങ്ങളിലായി മംഗലംഡാം കടപ്പാറയിൽനിന്ന് ആരംഭിച്ച ജാഥ പൊൻകണ്ടം, ഒലിപ്പാറ, അടിപ്പെരണ്ട, കരിമ്പാറ മേഖലകളിലൂടെ സഞ്ചരിച്ചാണ് നെന്മാറ ഡിഎഫ്ഒ ഓഫീസിനു മുന്നിൽ എത്തിയത്.
ഡിഎഫ്ഒ ഓഫീസിനു മുന്നിൽ ജാഥയെ പോലീസ് തടഞ്ഞു. തുടർന്ന് ഓഫീസിനു മുന്നിൽ നടത്തിയ ധർണ കിഫ ജില്ലാ പ്രസിഡന്റ് സണ്ണി കിഴക്കേക്കര ഉദ്ഘാടനം ചെയ്തു.
അതിജീവന സമിതി ജില്ലാ കോ-ഓർഡിനേറ്റർ ഫാ. സജി വട്ടുകളം വന്യമൃഗശല്യംമൂലം മേഖല അനുഭവപ്പെടുന്ന പ്രശ്നങ്ങൾ മുഖ്യപ്രഭാഷണത്തിൽ വിവരിച്ചു.
കിഫ ജില്ലാസെക്രട്ടറി അബ്ബാസ് ഒറവഞ്ചിറ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ബെന്നി ജോർജ്, ഭൂസംരക്ഷണ സമിതി ചെയർമാൻ കെ. ജി. എൽദോ, എകെസിസി ഏരിയ പ്രസിഡന്റ് ബെന്നി, എസ്എൻഡിപി യോഗം പ്രതിനിധി സോമൻ കൊമ്പനാല്, വ്യാപാരി വ്യവസായി അസോസിയേഷൻ പ്രതിനിധി ഹുസൈൻ കുട്ടി, കിഫ ജില്ലാ കമ്മിറ്റി അംഗം ചാർലി മാത്യു, ജോഷി പാലക്കുഴി, കർഷക സംരക്ഷണ സമിതി ചെയർമാൻ ചിദംബരംകുട്ടി മാസ്റ്റർ, അയിലൂർ പഞ്ചായത്ത് അംഗങ്ങളായ കെ.എ. മുഹമ്മദ് കുട്ടി, എസ്. വിനോദ്, വണ്ടാഴി പഞ്ചായത്ത് അംഗങ്ങളായ മോളി കവിയിൽ, ബീന, രമേശ് ചെവക്കുളം തുടങ്ങിയവർ പ്രസംഗിച്ചു.
ധർണയ്ക്കുശേഷം കിഫ ഭാരവാഹികളും വിവിധ സംഘടനാ പ്രതിനിധികളും ചേർന്ന് നെന്മാറ ഡിഎഫ്ഒയ്ക്ക് മലയോര മേഖലയിലെ കർഷകരുടെയുംമറ്റും വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം സമർപ്പിച്ചു.