മസാല, തന്തൂരി ചായകളുമായി ചായ ദിനാഘോഷം
1424152
Wednesday, May 22, 2024 4:02 AM IST
വണ്ടിപ്പെരിയാർ: അന്താരാഷ്ട്ര ചായ ദിനാഘോഷത്തിന്റെ ഭാഗമായി വണ്ടിപ്പെരിയാർ കോണിമാറ എസ്റ്റേറ്റ് അധികൃതർ അശ്വഗന്ധം, ജാതിപത്രി, ഗ്രാമ്പൂ, ഏലയ്ക്ക, ഇഞ്ചി തുടങ്ങിയ ഒമ്പതോളം സുഗന്ധവ്യഞ്ജനങ്ങളാൽ തയാറാക്കിയ മസാലച്ചായ വിതരണം ചെയ്തു. മാനസികസമ്മർദ്ദം കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമായി കരുതപ്പെടുന്നത് അശ്വഗന്ധി എന്ന ഔഷധം ആണ്.
ഇതുകൊണ്ടുതന്നെ ഈ ചായ കുടിച്ചാൽ ഉന്മേഷം വർധിക്കുകയും മാനസിക സമ്മർദ്ദം കുറയും ചെയ്യുമെന്ന് ഫാക്ടറി മാനേജർ സാബു പി. ഈപ്പൻ പറയുന്നു. ഇതോടൊപ്പം തന്തൂരി ചായയും തയ്യാറാക്കി. മൺ ചട്ടി ചൂടാക്കി അതിൽ ചായ ഒഴിച്ച് മൺഗ്ലാസിൽ ചായ പൊതുജനങ്ങൾക്കായി വിതരണം ചെയ്തു.
ഇതിനായി പഴമ നിലനിർത്തിയുള്ള ചായക്കടയും കോണിമാറ ഔട്ട് ലെറ്റിനോടു ചേർന്നു നിർമിച്ചിരിക്കുകയാണ്. 2019 വരെ ഡിസംബർ 15 ആയിരുന്നു ഈ ദിനം ലോകമെമ്പാടും ആഘോഷിച്ചിരുന്നത്.
എന്നാൽ, മിക്ക രാജ്യങ്ങളിലെയും തേയില ഉത്പാദന സീസൺ തുടങ്ങുന്നത് ഏപ്രിൽ-മെയ് മാസത്തിൽ ആയതുകൊണ്ട് 2020 മുതൽ മെയ് 21ന് ചായ ദിനം ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. ആന്റി ഓക്സിഡന്റുുകളുടെ കലവറയാണ് തേയില, ഇതുകൊണ്ടുതന്നെ ഉന്മേഷം നൽകുന്ന പാനീയങ്ങളിൽ ആദ്യം ഇടം പിടിച്ചിരിക്കുന്നതും ചായ തന്നെയാണ്.