നെല്ലുനീക്കം മന്ദഗതിയില്‍; കെട്ടിക്കിടക്കുന്നത് നൂറോളം ലോഡ്
1537129
Thursday, March 27, 2025 11:48 PM IST
കോട്ടയം: തിരുവാര്‍പ്പിലും കുറിച്ചിയിലും കെട്ടിക്കിടന്ന നെല്ലിന്റെ സംഭരണം മന്ദഗതിയില്‍. ജില്ലാ കളക്ടറുടെ ചര്‍ച്ചയില്‍ അടിയന്തരമായി നെല്ലെടുക്കാന്‍ നിര്‍ദേശമുണ്ടായെങ്കിലും ജില്ലയിലെ വിവിധ പാടശേഖരങ്ങളിലായി നൂറോളം ലോഡ് നെല്ല് കെട്ടിക്കിടക്കുകയാണ്. തിരുവാര്‍പ്പില്‍ 37 ദിവസം മുന്‍പ് കൊയ്ത നെല്ലിന്റെ ശേഷിക്കുന്ന അഞ്ചു ലോഡ് കൊണ്ടുപോകാന്‍ ഇന്നലെ മില്ലുകാര്‍ അധികം കിഴിവു ചോദിച്ചു.
കളക്ടറുടെ അധ്യക്ഷതയില്‍ നാലു കിലോ കിഴിവിന് ധാരണയായശേഷം ആറു കിലോ കിഴിവ് വേണമെന്ന് മില്ലുകാര്‍ നിലപാടെടുത്തു. കുറിച്ചിയില്‍ 12 ലോഡ് നെല്ലാണ് കെട്ടിക്കിടക്കുന്നത്. ഇന്നും നാളെയുമായി കുറിച്ചിയിലെ നെല്ല് മില്ലുകാര്‍ കൊണ്ടുപോകുമെന്നാണ് കരുതുന്നത്.
വൈക്കം, തലയാഴം, പരിപ്പ്, ആര്‍പ്പൂക്കര, നീണ്ടൂര്‍, കുമരകം പ്രദേശങ്ങളില്‍ വന്‍തോതില്‍ നെല്ല് പാടങ്ങളിലും വഴിയോരങ്ങളിലും സംഭരണം കാത്തു കിടക്കുകയാണ്.
അതിശക്തമായ വേനല്‍മഴയാണ് ഒരാഴ്ചയായി പെയ്യുന്നത്. നിലവിലെ സാഹചര്യത്തില്‍ കൊയ്ത്ത് തീരാന്‍ ഒരു മാസംകൂടി വേണ്ടിവരും. മഴ ശക്തിപ്പെട്ടാല്‍ നെല്ലു വീണു നശിക്കുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍.