ശബരിമല തീർഥാടനം : അഞ്ചുദിവസത്തിനിടെ എത്തിയത് 3.17 ലക്ഷം പേർ
1480900
Thursday, November 21, 2024 7:48 AM IST
ശബരിമല: മണ്ഡലകാലം ആരംഭിച്ച് അഞ്ചുദിവസം പിന്നിടുമ്പോള് 3,17,923 തീർഥാടകര് ശബരിമലയില് ദര്ശനം നടത്തി. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുവരെയുള്ള കണക്കനുസരിച്ചാണ് ഇത്രയും തീർഥാടകരെത്തിയത്. കഴിഞ്ഞവർഷം അഞ്ചുദിവസത്തിനുള്ളിൽ രണ്ടു ലക്ഷത്തോളം പേരാണ് ദർശനം നടത്തിയത്.
അഞ്ചു ദിവസം പിന്നിടുമ്പോള് മുൻവർഷത്തെ അപേക്ഷിച്ച് അഞ്ച് കോടിയോളം രൂപയുടെ അധിക വരുമാനവും ദേവസ്വം ബോർഡിനുണ്ടായിട്ടുണ്ട്. ഇത്തവണ വൃശ്ചികം ഒന്നിന് 72,656 പേരും രണ്ടിന് 67,272 പേരും മൂന്നിന് 75,959 പേരും നാലിന് 64,489 പേരും ബുധന് പകല് രണ്ടു വരെ 37,552 പേരുമാണ് ദർശനം നടത്തിയത്. ഇതില് പത്തു ശതമാനത്തോളം മാത്രമാണ് സ്പോട്ട് ബുക്കിംഗിലൂടെ എത്തിയത്. നട തുറന്നിരിക്കുന്ന സമയം രണ്ടു മണിക്കൂര് വര്ധിപ്പിച്ചതും പതിനെട്ടാംപടി കയറ്റുന്നതിലെ വേഗതയും തിരക്ക് ഒഴിവാക്കാന് സഹായിച്ചു.
ശബരിമലയിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടപടികൾ കർശനം
ശബരിമല: സന്നിധാനത്ത് വിൽക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്ക്വാഡുകൾ പ്രവർത്തനം തുടങ്ങി. ഇതിന്റെ ചുമതലയുള്ള സന്നിധാനത്തെ ഭക്ഷ്യസുരക്ഷാ ഓഫീസർ എസ്. സംഗീതിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പത്തു സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി. പിടിച്ചെടുത്ത 11 ഭക്ഷ്യ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.
സന്നിധാനത്തെ ഹോട്ടലുകളിലും കച്ചവടസ്ഥാപനങ്ങളിലും അരവണ പ്ലാന്റ്, അന്നദാനകേന്ദ്രങ്ങൾ എന്നിവയിലും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, ശുചിത്വം, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിന് സന്നിധാനത്തെ ഹോട്ടലുകളിൽ ജോലിചെയ്യുന്ന 40 പേർക്കു ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി.
ഭക്ഷണം പാചകം ചെയ്യുമ്പോൾ ശുചിത്വം പാലിക്കേണ്ട രീതികൾ, ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും കൈകാര്യം ചെയ്യുന്ന രീതി എന്നിവ സംബന്ധിച്ച് ഇവർക്ക് പരിശീലനം നൽകി. സന്നിധാനത്തെ ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം. നമ്പർ: 18004256330.