കൈപ്പുഴ വേലപ്പൻ നായർ അന്തരിച്ചു
1420325
Friday, May 3, 2024 10:43 PM IST
കൊല്ലം: ഒന്നര പതിറ്റാണ്ടിലധികം ഫോർവേഡ് ബ്ലോക്കിന്റെ ദേശീയ ചെയർമാനായിരുന്ന കൊല്ലം തേവള്ളി കൈപ്പുഴവീട്ടിൽ കൈപ്പുഴ വേലപ്പൻ നായർ (99) അന്തരിച്ചു. ഇന്നലെ പുലർച്ചെ രണ്ടിന് തേവള്ളിയിലുള്ള വസതിയിൽ ആയിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ.
നേതാജി സുഭാഷ് ചന്ദ്ര ബോസ് വഹിച്ചിരുന്ന ഫോർവേഡ് ബ്ലോക്കിന്റെ ദേശീയ ചെയർമാൻ പദവിയിലെത്തുന്ന ആദ്യ മലയാളിയായിരുന്നു അദ്ദേഹം. ഫോർവേഡ് ബ്ലോക്കിന്റെ ആഭിമുഖ്യത്തിലുള്ള കേന്ദ്ര തൊഴിലാളി സംഘടനയായ ട്രേഡ് യൂണിയൻ കോ-ഓർഡിനേഷൻ സെന്ററി (ടിയുസിസി)ന്റെ ദേശീയ ചെയർമാൻ പദവിയിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
ആർഎസ്പിയിലൂടെ ആയിരുന്നു രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്.
യുടിയുസിയുടെ സംസ്ഥാന നേതാവും കശുവണ്ടി തൊഴിലാളി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റും ആർഎസ്പി സംസ്ഥാനക്കമ്മറ്റി അംഗവുമായിരുന്നു. എമ്പതുകളുടെ തുടക്കത്തിൽ ആർഎസ്പിയിലുണ്ടായ പിളർപ്പിനെത്തുടർന്ന് എൻ. ശ്രീകണ്ഠൻ നായരോടൊപ്പം ആർഎസ്പി -എസ് രൂപീകരിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു.
ആർഎസ്പി -എസ് നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസം മൂലം അദ്ദേഹം ഫോർവേഡ് ബ്ലോക്കിന്റെ നേതാക്കളെ ബന്ധപ്പെടുകയും 1983 ൽ കേരളത്തിൽ ഫോർവേഡ് ബ്ലോക്ക് പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ദീർഘകാലം പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്നു. അദ്ദേഹം ദേശീയ ചെയർമാൻ ആയപ്പോൾ മകൻ അഡ്വ. വി. റാം മോഹൻ ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി ആയി.
10 വർഷം കൊല്ലം ഡിസ്ട്രിക്ട് ഗവ. പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടർ ആയി പ്രവർത്തിച്ചു. 1960മുതൽ 65വരെ ആർഎസ്പി പ്രതിനിധിയായി തേവള്ളി വാർഡിൽ നിന്ന് കൊല്ലം മുൻസിപ്പൽ കൗൺസിലറായിരുന്നു. ഓൾ കേരളാ മർച്ചന്റ് അസ്ോസിയേഷൻ സ്ഥാപക പ്രസിഡന്റുമായിരുന്നു. കൊല്ലത്തെ പ്രമുഖനായ അഭിഭാഷകനും മാമ്പുഴ എൽപി സ്കൂൾ സ്ഥാപക മാനേജരുമായിരുന്നു.
ഭാര്യ: ശാരദാംബ. മക്കൾ: പരേതനായ വി.ചന്ദ്രമോഹൻ, ബീന, അഡ്വ.കൈപ്പുഴ വി.റാംമോഹൻ(ആർഎസ്പി സംസ്ഥാന കമ്മിറ്റിയംഗം ), വി.ശ്യാംമോഹൻ. മരുമക്കൾ:ഡോ.എം.പുരുഷോത്തമൻപിള്ള( സനാതന ഐ ഹോസ്പിറ്റൽ ആദിച്ചനല്ലൂർ ), രഞ്ജിനി, സായി ഗീത(ചാത്തന്നൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), നിഷാ.