പച്ചക്കറികൾ സൗജന്യമായി നല്കി ബെള്ളൂർ കുടുംബാരോഗ്യകേന്ദ്രം
1537511
Saturday, March 29, 2025 1:56 AM IST
ബെള്ളൂര്‍: എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്യിച്ച ബെള്ളൂർ പഞ്ചായത്തിൽ വിഷരഹിത പച്ചക്കറി കൃഷിയിൽ വേറിട്ട മാതൃകയുമായി കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാർ. കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം തരിശായി കിടന്ന റവന്യൂ ഭൂമിയിലാണ് ജീവനക്കാർ പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെ പച്ചക്കറി കൃഷി നടത്തിയത്.
ഹരിത സ്പര്‍ശം എന്ന പേരിൽ പഞ്ചായത്തും, കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായി വിളഞ്ഞ പച്ചക്കറികൾ കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ പാവപ്പെട്ട രോഗികള്‍ക്കും ബെള്ളൂര്‍ ബഡ്സ് സ്കൂളിലെയും കിന്നിംഗാള് അങ്കണവാടിയിലെയും കുട്ടികള്‍ക്കും സൗജന്യമായി വിതരണം ചെയ്തത് മറ്റൊരു വേറിട്ട മാതൃകയായി.
പഞ്ചായത്ത് ഭരണസമിതിയുടെയും കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരുടെയും നേതൃത്വത്തില്‍ സന്നദ്ധ സേവനത്തിലൂടെയാണ് പച്ചക്കറി കൃഷിക്കായി നിലമൊരുക്കിയത്. കുടുംബാരോഗ്യ കേന്ദ്രത്തിലെ പാർട്ട് ടൈം ജീവനക്കാരനായ കെ. തമ്പാന്റെ നേതൃത്വത്തിലാണ് ഇവിടെ കൃഷിയിറക്കിയത്. വെള്ളരി, പയര്‍, വെണ്ട, കോവക്ക , തണ്ണിമത്തന് , ചീര, മുളക് എന്നിങ്ങനെ മൂന്ന് ക്വിന്റലിലധികം വിളവ് കിട്ടി. ഇവയെല്ലാം പാവപ്പെട്ട രോഗികള്‍ക്കും കുട്ടികൾക്കുമായി സൗജന്യ വിതരണം നടത്തി.
പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധര വിളവെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് കെ. ഗീത അധ്യക്ഷത വഹിച്ചു. ദേശീയ കർഷക അവാർഡ് ജേതാവ് പത്മശ്രീ സത്യനാരായണ ബെളേരി മുഖ്യാതിഥിയായി.
മെഡിക്കല്‍ ഓഫീസര്‍ ഡോ. പി വി ജ്യോതിമോള്‍, കൃഷി ഓഫീസര്‍ പി.അദ്വൈത്, വില്ലേജ് ഓഫീസര്‍ വിജിന് പോള്‍ എന്നിവര്‍ സംബന്ധിച്ചു. കൃഷിക്ക് നേതൃത്വം നല്കിയ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരന് കെ തമ്പാനെ ചടങ്ങില്‍ ആദരിച്ചു.