400 കെവി വൈദ്യുത ഇടനാഴി; നഷ്ടപരിഹാര ചർച്ചയിൽ തീരുമാനമായില്ല
1422806
Thursday, May 16, 2024 1:32 AM IST
എടൂർ: വയനാട്-കരിന്തളം 400 കെവി വൈദ്യുത ഇടനാഴി നിർമാണത്തിലെ നഷ്ടപരിഹാരം സംബന്ധിച്ച് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആക്ഷൻകമ്മിറ്റി ഭാരവാഹികളും ഇന്നലെ നടത്തിയ ചർച്ചയിലും തീരുമാനമായില്ല. മുടങ്ങി നിൽക്കുന്ന നിർമാണ പ്രവൃത്തികൾ ആരംഭിക്കാൻ അവസരം ഒരുക്കണമെന്ന പതിവ് ആവശ്യം തന്നെയാണ് ഉദ്യോഗസ്ഥർ ഉന്നയിച്ചത്.
നിലവിൽ കെഎസ്ഇബി പ്രഖ്യാപിച്ചിരിക്കുന്ന നഷ്ടപരിഹാര പാക്കേജ് തന്നെയാണ് ഇത്തവണയും അവർ മുന്നോട്ട് വച്ചത്. കഴിഞ്ഞതവണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കെഎസ്ഇബി പഴയ നഷ്ടപരിഹാര പാക്കേജ് തന്നെ അവതരിപ്പിച്ചതിൽ പ്രതിഷേധിച്ച് എംഎൽഎമാരായ സണ്ണി ജോസഫും സജീവ് ജോസഫും ചർച്ച ബഹിഷ്കരിച്ചിരുന്നു. ഏറ്റവും ചുരുങ്ങിയത് ഇടമൺ -കൊച്ചി പാക്കേജ് എങ്കിലും പ്രഖ്യാപിച്ചാൽ മാത്രമേ നിർമാണം അനുവദിക്കുന്നത് സംബന്ധിച്ച് ചർച്ചക്ക് സാധ്യതയുള്ളൂവെന്ന് ജനപ്രതിനിധികളും ആക്ഷൻ കമ്മറ്റി ഭാരവാഹികളും ഉറപ്പിച്ചതോടെ ചർച്ചയിൽ കാര്യമായ ഒരു തീരുമാനവും എടുക്കാതെ പിരിയുകയായിരുന്നു.
ഇന്നലെ നടന്ന ചർച്ചയിലെ സംബന്ധിച്ച റിപ്പോർട്ട് മന്ത്രിയെ സമർപ്പിക്കും. ഉടൻതന്നെ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല ചർച്ചയിൽ ചർച്ചയിൽ നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനം എടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. എടൂരിലുള്ള ട്രാൻസിഗ്രിഡ് ഇരിട്ടി സബ്ഡിവിഷൻ ഓഫിൽ നടന്ന ചർച്ചയിൽ അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, ആക്ഷൻ ചെയർമാൻ തോമസ് വർഗീസ്, കൺവീനർ ബെന്നി പുതിയാമ്പുറം, ഗ്രാമപഞ്ചായത്തംഗങ്ങളായ സജി മച്ചിത്താന്നി, മിനി വിശ്വനാഥൻ, കർഷക പ്രതിനിധികളായ ജിമ്മി അന്തീനാട്ട്, ജോഷി പാലമറ്റം , ജയിംസ് കാണിച്ചിയാർ, ജോർജ് കിളിയന്തറ, എബ്രഹാം ജോർജ് പനച്ചികരോട്ട്, ഉദ്യോഗസ്ഥരായ ആർ.രാജേഷ് (ചീഫ് എൻജിനിയർ ട്രാൻസ്ഗ്രിഡ്) , ഹരീഷൻ മൊട്ടമേൽ (ചീഫ് എൻജിനീയർ നോർത്ത് സോൺ), പി.എൻ. അശോകൻ (ഇലക്ട്രിക്കൽ സെക്ഷൻ ശ്രീകണ്ഠാപുരം) , കൃഷ്ണേന്തു (എക്സിക്യൂട്ടീവ് എജിനീയർ ട്രാൻസ്ഗ്രിഡ്) , ലിജോ തോമസ് (എഇ ഇരിട്ടി) എന്നിവർ പങ്കെടുത്തു.