മലയോരത്തിന് അഭിമാനമായി ജിജോ മാത്യു
1422805
Thursday, May 16, 2024 1:32 AM IST
ചെറുപുഴ: മലയോരത്തിന് അഭിമാനമായി ജിജോ മാത്യു. മലയോരത്തെ ആദ്യ ക്വാളിഫൈഡ് കൊമേഷ്യൽ പൈലറ്റ് ക്യാപ്റ്റനാണ് ചെറുപുഴ പഞ്ചായത്തിലെ കോക്കടവ് സ്വദേശി കൊച്ചുമുറിയിൽ ജിജോ മാത്യു. ഇന്ത്യൻ നേവിയിൽ 15 വർഷത്തെ സർവീസ് പൂർത്തിയാക്കിയതിന് ശേഷമാണ് ജിജോ പൈലറ്റാകാൻ പരിശീലനം നേടിയത്.
നിലവിൽ ജിജോ 650 മണിക്കൂർ വിമാനം പറത്തിക്കഴിഞ്ഞു. താൻ പരിശീലനം നേടിയ മധ്യപ്രദേശിലുള്ള ചൈമ്സ് ഏവിയേഷൻ അക്കാഡമിയിൽ തന്നെ ഇപ്പോൾ ട്രെയിനറായി സേവനം അനുഷ്ഠിക്കുകയാണ്. 17 പേർ ജിജോയുടെ കീഴിൽ ട്രെയിനിംഗ് നടത്തുന്നു. മൂന്നു തരത്തിലുള്ള വിമാനം പറത്തുവാൻ ജിജോ ലൈസൻസ് നേടിയിട്ടുണ്ട്. സെസ്ന 172 സിഗിൾ എഞ്ചിൻ, ഡയമണ്ട് 42 മൾട്ടി എൻജിനിയൻ എന്നിവയുടെ പൈലറ്റ് ഇൻ കമാൻഡ് ആയും ജെറ്റ് എയർ ക്രാഫ്റ്റിന്റെ കോ- പൈലറ്റായും ജിജോയ്ക്ക് സേവനം ചെയ്യാം. നേവിയിൽ നിന്നും റിട്ടയർ ആകുന്നതിന് രണ്ട് വർഷം മുൻപാണ് പൈലറ്റാകണമെന്ന ആഗ്രഹം ജിജോയ്ക്ക് ഉണ്ടാകുന്നത്. പിന്നീട് അതിനുള്ള തയാറെടുപ്പുകൾ ആരംഭിച്ചു. 35 മുതൽ 40 ലക്ഷം രൂപ വരെ പരിശീലനത്തിനായി ചെലവുവരും. കൂടാതെ മറ്റ് ചെലവുകളും. റിട്ടയർ ചെയ്തപ്പോൾ കിട്ടിയ പണം മുഴുവൻ ഇതിനായി ചെലവഴിച്ചു. കൂടാതെ ലോണുമെടുത്താണ് പരിശീലനം പൂർത്തിയാക്കിയത്. കുടുംബത്തിന്റെ പൂർണ്ണമായ പിന്തുണയാണ് തനിക്ക് കിട്ടിയതെന്നും പരിശീലനം മികച്ച രീതിയിൽ പൂർത്തിയാക്കാൻ ഇത് സഹായിച്ചെന്നും ജിജോ പറഞ്ഞു.
പണച്ചിലവേറെയുണ്ടെങ്കിലും ചെറുപ്പത്തിൽ തന്നെ പരിശീലനം നേടുന്നവർക്ക് സാധ്യതകൾ ഏറെയാണ്. ജോലികിട്ടിക്കഴിഞ്ഞാൽ പരിശീലനത്തിനായി ചെലവാക്കിയ തുക തിരിച്ചു ലഭിക്കുവാൻ പ്രയാസമില്ലെന്നും ചെറുപ്പക്കാർക്ക് കൂടുതൽ സാദ്ധ്യതകളുണ്ടെന്നും 42കാരനായ ജിജോ പറയുന്നു. എത്രമണിക്കൂർ വിമാനം പറത്തി പരിചയമുണ്ടെന്നതാണ് ഒരു പൈലറ്റിന്റെ ഏറ്റവും വലിയ നേട്ടം. ഇതനുസരിച്ചാണ് മികച്ച വിമാന കമ്പനികൾ അവരുടെ എയർക്രാഫ്റ്റിലേയ്ക്ക് പൈലറ്റുമാരെ തെരഞ്ഞെടുക്കുന്നത്. 1000 മണിക്കൂർ ജിജോ അധികം താമസിക്കാതെ തന്നെ പൂർത്തിയാക്കും. 2017 നവംബർ 14നാണ് ജിജോ തനിയെ എയർക്രാഫ്റ്റിൽ പോകുന്നത്. ജിജോ പരിശീലനം നൽകുന്ന ചൈമ്സ് ഏവിയേഷൻ അക്കാഡമി ഇന്ത്യയിലെ തന്നെ മികച്ച പരിശീലന കേന്ദ്രമാണ്. വിവരങ്ങൾ അറിയുവാൻ ജിജോയുടെ അടുത്ത് ആളുകൾ വരാറുണ്ട്. കോക്കടവിലെ കൊച്ചുമുറിയിൽ മാത്യുവിന്റേയും റോസമ്മയുടേയും മൂന്നുമക്കളിൽ മൂത്തയാളാണ് ജിജോ. ഭാര്യ ഷെറിൻ. സ്റ്റാലിയോ, സ്റ്റെഫാൻ എന്നിവർ മക്കളാണ്. സഹോദരങ്ങൾ ജിൻസ്, ജിനീഷ.