വേനൽ മഴയിൽ മലയോരമേഖലയിൽ വൻനാശം
1422804
Thursday, May 16, 2024 1:32 AM IST
ഏരുവേശി: വേനൽചൂടിനു ആശ്വാസമായി എത്തിയ മഴയിൽ മലയോരമേഖലയിൽ വൻനാശം. മഴയ്ക്കൊപ്പം ആഞ്ഞുവീശിയ കാറ്റാണ് ഏരുവേശിയിൽ പരക്കെ നാശം വിതച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയാണ് മഴ പെയ്തത്.
ഏരുവേശി, മുയിപ്ര, പൂപ്പറമ്പ്, ചെളിമ്പറമ്പ്, മണ്ണംകുണ്ട്, പെരുവംപറമ്പ്, കൂട്ടുമുഖം പ്രദേശങ്ങളിൽ കാറ്റിൽ മരങ്ങളും തെങ്ങും പൊട്ടിവീണു. മുയിപ്രയിൽ നാല് വീടുകളുടെ മുകളിലേക്ക് മരം വീണ് നേരിയ തോതിൽ കേടുപാടുണ്ടായി. കമുകുകൾ വ്യാപകമായി നശിച്ചു.
കുടിയാൻമല, മണ്ണംകുണ്ട് ഭാഗത്ത് വൃക്ഷങ്ങൾ വീണ് വീടുകൾ ഭാഗികമായി തകർന്നു. പാപ്പിനിശേരി മോഹനൻ, തേക്കും വളപ്പിൽ നിശാന്ത്, പുളിക്ക നിരവിൽ ജോസഫ്, പുതിയ വീട്ടിൽ നാരായണൻ, തങ്കച്ചൻ എന്നിവരുടെ വീടുകൾക്കാണ് നാശം. നാട്ടുകാരുടെ നേതൃത്വത്തിൽ രാത്രിതന്നെ മരക്കൊമ്പുകൾ മുറിച്ചുമാറ്റിരക്ഷാ പ്രവർത്തനം നടത്തി. ഏരുവേശി ഗ്രാമപഞ്ചായത്ത് അധികൃതർ വീടുകൾ സന്ദർശിച്ചു. ശ്രീകണ്ഠപുരം നഗരസഭയിലും മലപ്പട്ടം,പടിയൂർ, ഇരിക്കൂർ,നടുവിൽ, ചെങ്ങളായി, ഉദയഗിരി പഞ്ചായത്തുകളിലും മഴപെയ്തു.
ചെറുപുഴ: ശക്തമായ മഴയിലും കാറ്റിലും എയ്യൻകല്ല്, കുണ്ടേരി, പെരുവട്ടം, മൂന്നാംകുന്ന് എന്നിവിടങ്ങളിൽ കനത്ത നാശമുണ്ടായി. ഇന്നലെ വൈകുന്നേരം നാലോടെയാണ് കാറ്റും മഴയും ഉണ്ടായത്.
നിരവധി പേരുടെ റബർ, കമുക്, തെങ്ങ്, വാഴ തുടങ്ങിയ കാർഷിക വിളകൾ കാറ്റിൽ നശിച്ചു. രയോരം-മൂന്നാം കുന്ന്-കുണ്ടേരി-എയ്യൻകല്ല്-പ്രാപ്പൊയിൽ റോഡിൽ മരം വീണ് വൈദ്യുതി തൂണുകൾ നിലംപൊത്തി. ഇതിനെ തുടർന്ന് റോഡിൽ ഗതാഗതം തടസപ്പെട്ടു.
കുണ്ടേരി, എയ്യൻകല്ല്, പ്രാപ്പൊയിൽ, കോക്കടവ്, തിരുമേനി തുടങ്ങിയ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങി.