പയ്യന്നൂരിൽ കാഷ് ഡെപ്പോസിറ്റ് മെഷീനിൽ 500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തി
1422800
Thursday, May 16, 2024 1:32 AM IST
പയ്യന്നൂർ: എടിഎം കൗണ്ടറിലെ കാഷ് ഡെപ്പോസിറ്റ് മെഷിനീൽ നിക്ഷേപിച്ച പണത്തിൽ നിന്നും കള്ളനോട്ടുകൾ കണ്ടെത്തി. പയ്യന്നൂർ പോലീസ് സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ ഡെപ്പോസിറ്റ് മെഷീനിൽ നിന്നാണ് 500ന്റെ രണ്ട് കള്ളനോട്ടുകൾ ബാങ്കധികൃതർ കണ്ടെത്തിയത്. പണം നിക്ഷേപിച്ചവർ കള്ളനോട്ടുകൾ ഇടകലത്തി ഇട്ടതായിരിക്കുമെന്നാണ് നിഗമനം. ബാങ്കധികൃതരുടെ പരാതിയിൽ പോലീസ് അന്വേഷണമാരംഭിച്ചു.
ദിവസങ്ങൾക്കു മുന്പ് കണ്ണൂർ പോലീസ് പിടികൂടിയ കള്ളനോട്ടു കേസുമായി ബന്ധമുള്ളതാണ് ഈ സംഭവമെന്നു കരുതുന്നു. കണ്ണൂരിൽ പിടികൂടിയ കള്ളനോട്ടുകളുടെ സീരിയൽ നന്പറിൽപെടുന്നവയാണ് കാഷ്ഡെപ്പോസിറ്റ് മെഷീനിൽ നിന്നും കണ്ടെത്തിയവയും. ഇതോടെ ജില്ലയിൽ വ്യാപകമായ തോതിൽ കള്ളനോട്ടുകൾ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. കഴിഞ്ഞയാഴ്ച കണ്ണൂരിലെ ബാറിൽ 500ന്റെ കള്ളനോട്ടുപയോഗിച്ച് ബില്ലടച്ച പയ്യന്നൂർ സ്വദേശി ഷിജുവി (36)നെ കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാടിയോട്ടുചാൽ ഏച്ചിലംപാറ സ്വദേശിനിയും കാസർഗോഡ് ജില്ലയിൽ ഡ്രൈവിംഗ് സ്കൂൾ നടത്തുകയും ചെയ്യുന്ന പി. ശോഭ (45)യും അറസ്റ്റിലായിരുന്നു. കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്.