ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അനുജൻ അറസ്റ്റിൽ
1422798
Thursday, May 16, 2024 1:32 AM IST
ഇരിക്കൂർ: പടിയൂർ ചാളംവയൽ കോളനിയിൽ ജ്യേഷ്ഠനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതിയായ അനുജൻ അറസ്റ്റിൽ. ചാളം വയൽ കോളനിയിലെ രാജീവനെ (43) കുത്തിക്കൊലപ്പെടുത്തിയ കേസിൽ അനുജൻ സജീവൻ (40) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് ഇന്നലെ പുലർച്ചെയാണ് ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ആറിന് രാത്രിയായിരുന്നു രാജീവൻ കൊല്ലപ്പെട്ടത്.
മദ്യലഹരിയിലെത്തിയ പ്രതി വീട്ടുമുറ്റത്ത് മീൻ മുറിച്ചു കൊണ്ടിരിക്കുകയായിരന്ന രാജീവനെ വാക്കേറ്റത്തിനിടെ കുത്തുകയായിരുന്നു.ഒളിവിൽ പോയ പ്രതിക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇരിക്കൂർ സിഐ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീരാജ്പേട്ട, സിദ്ധാപുര,ഗോണികുപ്പ തുടങ്ങിയ സ്ഥല ങ്ങളിലും കർണാടക വനത്തിലും അന്വേഷണം നടത്തുന്നതിനിടെ ഇയാൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയതായി വിവരം ലഭിച്ചു.
ഉടൻ റെയിൽവേ പോലീസുമായി ബന്ധപ്പെടുകയും ഇവരുടെ സഹായത്തോടെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയുമായി ഇരിക്കൂർ പോലീസ് ചാളംവയൽ കോളനിയിലും കൊലപാതകം നടത്തിയ ശേഷം രാത്രി കിടന്നുറങ്ങിയ സ്കൂൾ ഗ്രൗണ്ടിലും തെളിവെടുപ്പ് നടത്തി പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എസ് ഐമാരായ മനോഹരൻ, സത്യനാഥൻ, പോലീസുകാരായ രഞ്ജിത്ത് , ജയരാജൻ, നിധീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.