ചെറുപുഴ പഞ്ചായത്തിൽ ഹരിത പെരുമാറ്റച്ചട്ടം കർശനമാക്കും
1481051
Friday, November 22, 2024 5:26 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഹരിത പെരുമാറ്റചട്ടവും മാലിന്യ നിർമാർജന സംവിധാനവും കർശനമായി പാലിക്കാൻ ചെറുപുഴയിൽ ചേർന്ന ഉത്സവ ആഘോഷ ഭാരവാഹികളുടെയും വ്യാപാര സംഘടനകളുടെയും ഓഡിറ്റോറിയം കാറ്ററിംഗ് യൂണിറ്റുകളുടെയും യോഗത്തിൽ തീരുമാനിച്ചു.
അന്നദാനം നടക്കുന്ന സ്ഥലങ്ങളിൽ മുൻകൂട്ടി അനുമതി വാങ്ങാനും കുടിവെള്ള പരിശോധന നടത്താനും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാനും യോഗം തീരുമാനിച്ചു. ആഘോഷ പരിപാടികളിൽ ഹരിത പെരുമാറ്റ ചട്ടം പാലിക്കാത്തവർക്കും ഒറ്റത്തവണ ഉപയോഗിക്കുന്ന പാത്രങ്ങൾ, ഗ്ലാസുകൾ എന്നിവ ഉപയോഗിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും. ഉത്സവാഘോഷ സ്ഥലങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നവർക്കു പഞ്ചായത്തിൽ നിന്നും താത്കാലിക ലൈസൻസും ഹെൽത്ത് ഇൻസ്പെക്ടറുടെ സർട്ടിഫിക്കറ്റും ഉണ്ടാകണം.
യോഗം പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ, സെക്രട്ടറി കെ. മോഹനൻ, മെഡിക്കൽ ഓഫീസർ ഡോ. ജിത്തു, ഹെൽത്ത് ഇൻസ്പെക്ടർ വി. മുഹമ്മദ് ഷരീഫ്, വിഇഒ പ്രജീഷ് കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.