സ്ത്രീകളെ അവഗണിച്ച് രാഷ്ട്രീയപ്പാർട്ടികൾക്ക് മുന്നോട്ടുപോകാനാകില്ല: പ്രിയങ്ക ഗാന്ധി എംപി
1537326
Friday, March 28, 2025 5:53 AM IST
മീനങ്ങാടി: സ്ത്രീകളെ അവഗണിച്ച് ഒരു രാഷ്ട്രീയ പാർട്ടിക്കും മുന്നോട്ടുപോകാനാകില്ലെന്ന് പ്രിയങ്ക ഗാന്ധി എംപി. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഹരിതകർമസേന, ആശാ വർക്കർ, അങ്കണവാടി ജീവനക്കാർ, തൊഴിലുറപ്പ് മേറ്റുമാർ, ജാഗ്രതാസമിതി അംഗങ്ങൾ, കാർഷിക കർമസേന, വനിതാ എസ്ടി പ്രമോട്ടർമാർ, കുടുംബശ്രീ സിഡിഎസുമാർ എന്നിവരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
സ്ത്രീകൾ സമൂഹത്തിൽ ഒന്നിച്ചുനിന്നു പോരാടണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പിനുവേണ്ടി മാത്രം എന്തെങ്കിലും സൗജന്യം വച്ചുനീട്ടുന്നത് തിരിച്ചറിയാൻ സാധിക്കണം.
സ്ത്രീകൾ വിജയം എളുപ്പവഴിയിലൂടെ നേടുന്നതല്ല. കരുത്തോടെ പോരാടി നേടുന്നതാണ് ഓരോ വിജയവും. സ്ത്രീകളാണ് സമൂഹത്തിന്റെ യഥാർഥ ചാലക ശക്തി. പുറത്തു ജോലി ചെയ്തതിനുശേഷം വീട്ടിലും അവർക്ക് ജോലി ചെയ്യേണ്ടിവരുന്നു. മക്കളുടെ വിദ്യാഭ്യാസം, മാതാപിതാക്കളുടെയും ഭർത്താവിന്റെയും കാര്യങ്ങൾ തുടങ്ങിയവ നോക്കിയശേഷമാണ് വീട്ടമ്മമാർക്ക് ഉറങ്ങാനാകുക. മിക്ക കുടുംബങ്ങളിലും 50 ശതമാനത്തിന് മുകളിൽ സ്ത്രീകളാണ്.
സ്ത്രീശക്തി എന്ന വാക്കിന്റെ മൂല്യം ഓരോ സ്ത്രീയും തിരിച്ചറിയണമെന്നും പ്രിയങ്ക പറഞ്ഞു. വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ സ്ത്രീകളെ ചടങ്ങിൽ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ടി. സിദ്ദിഖ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. നുസ്റത്ത്, ബേബി വർഗീസ്, ഉഷ രാജേന്ദ്രൻ, പഞ്ചായത്ത് സെക്രട്ടറി പി. അഫ്സത്ത് എന്നിവർ പ്രസംഗിച്ചു.
മുട്ടിൽ ഡബ്ല്യുഎംഒയിൽ ജില്ലാ പഞ്ചായത്തിന്റെ വണ്‍ സ്കൂൾ വണ്‍ ഗെയിം പദ്ധതി ഉദ്ഘാടനം എംപി നിർവഹിച്ചു. വൈകുന്നേരം വള്ളിയൂർക്കാവ് ക്ഷേത്രത്തിൽ അവർ ദർശനം നടത്തി.
ഇന്നു രാവിലെ 9.30ന് തലപ്പുഴയിൽ തവിഞ്ഞാൽ പഞ്ചായത്തിന്റെ വിവിധ വികസന പദ്ധതികളും 10.45ന് എടവക എള്ളുമന്ദത്ത് വീര ജവാൻ തലപ്പുഴ ജാനേഷ് സ്മൃതിമണ്ഡപവും ഉച്ചയ്ക്ക് ഒന്നിന് വടക്കനാട് 50 ഏക്കർ കാട്ടുനായ്ക്ക ഉന്നതിയിൽ സാംസ്കാരിക കേന്ദ്രവും ഉച്ചകഴിഞ്ഞ് രണ്ടിന് സപ്ത റിസോർട്ടിൽ അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ സംഘടിപ്പിക്കുന്ന ടൂറിസം കണ്‍വൻഷനും പ്രിയങ്ക ഗാന്ധി ഉദ്ഘാടനം ചെയ്യും.