‘ഭരണഘടനയുടെ അന്തസ്സത്ത കാത്തുസൂക്ഷിക്കാന്‍ ഒറ്റക്കെട്ടാകണം’
1508965
Tuesday, January 28, 2025 7:20 AM IST
കോഴിക്കോട്: മനുഷ്യനെ വിഭജിക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്ത കാത്തുസൂക്ഷിക്കാന്‍ അചഞ്ചലരായി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, സമത്വം തുടങ്ങിയ മഹത്തായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യന്‍ ഭരണഘടന.
ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കാനും നിരാകരിക്കാനുമുള്ള ഏത് ശ്രമവും നമ്മളെ പിന്നോട്ടടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ 76- -ാമത് റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തിയശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. മന്ത്രിയെ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗും ജില്ല പോലീസ് മേധാവി ടി. നാരായണനും കോഴിക്കോട് ജില്ലാ റൂറല്‍ പോലീസ് മേധാവി കെ. ഇ. ബൈജുവും ചേര്‍ന്ന് സ്വീകരിച്ചു.
പ്രത്യേക വേദിയില്‍ മന്ത്രി ദേശീയപതാക ഉയര്‍ത്തി. തുറന്ന ജീപ്പില്‍ സഞ്ചരിച്ച് പരേഡ് പരിശോധിച്ച് 28 പ്ലാറ്റൂണുകളുടെ അഭിവാദ്യം സ്വീകരിച്ചു. ഫറോഖ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി.എസ്. ശ്രീജിത്തും ജില്ലാ പോലീസ് ആസ്ഥാനത്തെ ആര്‍എസ്ഐ കെ. സുജിത് കുമാറും പരേഡിന് നേതൃത്വം നല്കി. മേയര്‍ ബീന ഫിലിപ്പ്, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, സബ് കളക്ടര്‍ ഹര്‍ഷില്‍ ആര്. മീണ, എഡിഎം സി. മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പരേഡില്‍ സേനാ വിഭാഗത്തില്‍ കോഴിക്കോട് സിറ്റി ആസ്ഥാനത്തെ ആര്‍എസ്ഐ ടി. കോയ നേതൃത്വം നല്കിയ പ്ലാറ്റൂണ്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുട്ടികളുടെ വിഭാഗത്തില്‍ എസ്പിസി ഗേള്‍സ് കോഴിക്കോട് റൂറല്‍ നന്മണ്ട എച്ച്സിലെ എം. തന്മയ നയിച്ച പ്ലാറ്റൂണ്‍ ഒന്നാം സ്ഥാനം നേടി.