വാണിയംകുളത്തെ കുട്ടികളുടെ പാർക്ക് കാടുകയറി നശിക്കുന്നു
1480734
Thursday, November 21, 2024 5:32 AM IST
ഒറ്റപ്പാലം: ബാലസൗഹൃദ പഞ്ചായത്താകുന്നതിന്റെ ഭാഗമായി കുട്ടികൾക്കുവേണ്ടി വാണിയംകുളത്ത് സ്ഥാപിച്ച പാർക്ക് കാടുപിടിച്ചു നശിക്കുന്നു. പാർക്കിൽ സ്ഥാപിച്ച യന്ത്രങ്ങളിൽ ചിലത് തുരുമ്പെടുത്ത് നശിച്ച നിലയിലാണ്.
തൃക്കങ്ങോട് പറളശേരി കുളത്തിനുസമീപത്തായാണ് ജില്ലാപഞ്ചായത്തിന്റെ 10 ലക്ഷം രൂപയും വാണിയംകുളം പഞ്ചായത്തിന്റെ അഞ്ചുലക്ഷം രൂപയും ചെലവഴിച്ച് കുട്ടികളുടെ പാർക്ക് സ്ഥാപിച്ചത്.
തുടർപണികൾ നിലച്ചതിനെത്തുടർന്ന് പാർക്ക് നേരത്തെയും കാടുപിടിച്ച നിലയിലായിരുന്നു. പിന്നീട് വൃത്തിയാക്കിയാണ് ബാക്കി പണികൾ തുടങ്ങിയത്. എന്നിട്ടും പണി ഇനിയും പൂർത്തിയാക്കിയിട്ടില്ല. കളിക്കാനായി ഊഞ്ഞാലുകളും സ്ലൈഡുകളും സീസോയുമടക്കം സ്ഥാപിച്ചതിനാൽ സമീപത്തെ കുട്ടികൾ ഇവിടെ കളിക്കാനായി എത്തിയിരുന്നു. സമീപത്തെ വലിയ കുളത്തിന്റെ വശം ഇരുമ്പുവേലി സ്ഥാപിച്ച് പാർക്കിന്റെ സുരക്ഷയും ഒരുക്കിയിരുന്നു. എന്നാൽ കുളത്തിന്റെ പാർക്കുള്ള ഭാഗത്തെ സംരക്ഷണഭിത്തി ഇടിഞ്ഞതോടെ പാർക്കിന്റെ സുരക്ഷാവേലിയും ഇളകി. പാർക്കിൽ കട്ടവിരിക്കൽ പൂർത്തിയായ ഭാഗത്തെ കട്ടകൾ താഴ്ന്നുകിടക്കുകയാണിപ്പോൾ.
പറശേരി കുളത്തിനുസമീപത്തെ ബാലവിഹാറിന്റെ മുൻവശത്തുതന്നെയാണ് കുട്ടികൾക്കുള്ള പാർക്ക്. നിലവിൽ ആറാംവാർഡിലെ അങ്കണവാടിയാണ് ഇവിടെ പ്രവർത്തിക്കുന്നത്.
പാർക്ക് കാടുമൂടിയതോടെ ഇവിടങ്ങളിൽ ഇഴജന്തുകളുടെ ശല്യവും വർധിച്ചിരിക്കയാണ്. ഇനി പാർക്കിന്റെ പ്രവേശനഭാഗത്ത് മതിൽകെട്ടി സുരക്ഷ വർധിപ്പിക്കുന്ന പണിയടക്കം പൂർത്തിയാക്കണം.