കാഴ്ചക്കുറവ് പരിമിതിയായില്ല, ഡോക്ടറേറ്റുമായി ജിബി ജോസ്
1537192
Friday, March 28, 2025 1:49 AM IST
ചിറ്റാട്ടുകര: കാഴ്ചപരിമിതികൾക്കുള്ളിലും, തന്റെ ഇച്ഛാശക്തികൊണ്ടും കഠിനപ്രയത്നംകൊണ്ടും ജിബി ജോസ് കരസ്ഥമാക്കിയ ഡോക്ടറേറ്റിനു മാധുര്യമേറെ. കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽനിന്ന് ചരിത്രത്തിൽ പ്രീ മോഡേൺ സ്റ്റേറ്റ് ഇൻ കൊളോണിയൽ മലബാർ എന്ന വിഷയത്തിലാണ് ജിബി ജോസിനു ഡോക്ടറേറ്റ് ലഭിച്ചത്.
ചരിത്രത്തിൽ ബിരുദവും ബിരുദാനന്തരബിരുദവും നേടിയ ജിബി ജോസ് ബിഎഡ് കോഴ്സ് പൂർത്തീകരിച്ച് മൂന്നുവർഷമായി പെരുവല്ലൂർ ഗവ. യുപി സ്കൂളിൽ അധ്യാപികയാണ്. താൻ താമസിക്കുന്ന പഴയകാല പുന്നത്തൂർ നാടിനെക്കുറിച്ചുള്ള ചരിത്രപഠനമാണ് ഡോക്ടറേറ്റിന് അർഹമാക്കിയത്.
ഗവേഷണപ്രബന്ധങ്ങളെല്ലാം ജിബി ജോസ് നേരിട്ടാണ് ഡാറ്റാ എൻട്രി ചെയ്തത്. നിരവധി പേരിൽ നിന്നാണ് വിവരശേഖരണം നടത്തിയത്. ആറു വർഷമെടുത്തു ചരിത്ര ഗവേഷണം പൂർത്തിയാക്കാൻ.
അധ്യാപകരായ ചിറ്റാട്ടുകര പുലിക്കോട്ടിൽ ചിമ്മൻ ജോസിന്റെയും ബ്ലെസിയുടെയും മകളാണ് ജിബി ജോസ് പി. കാലിക്കട്ട് യൂണിവേഴ്സിറ്റി റാങ്ക് ജേതാവുമായിരുന്നു.
ഡോക്ടറേറ്റ് നേടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, മാതാപിതാക്കളുടെ പ്രോത്സാഹനവും ദൈവത്തിന്റെയും ഗുരുഭൂതരുടെയും അനുഗ്രഹവുമാണ് ഡോക്ടറേറ്റ് നേടാൻ തനിക്കു സഹായകരമായതെന്നും ജിബി പറഞ്ഞു.