സ്വകാര്യ വ്യക്തിയുടെ കിണറ്റില് തിരയിളക്കം
1480713
Thursday, November 21, 2024 4:48 AM IST
കോതമംഗലം: നേര്യമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില് തിരയിളക്കം പോലെ പ്രതിഭാസം. കിണറിലെ തിരയിളക്കത്തില് വീട്ടുകാരും സമീപവാസികളും ആശങ്കയില്. നേര്യമംഗലം നവോദയ വിദ്യാലയത്തിന് സമീപം മറ്റത്തില് കുമാരന്റെ വീടിനോട് ചേര്ന്ന കിണറ്റിലാണ് വെള്ളം അടിയില്നിന്ന് തള്ളും പോലെ ഓളംവെട്ടുന്നത്. ബുധനാഴ്ച രാവിലെ മുതലാണ് ഈ പ്രതിഭാസം വീട്ടുകാരുടെ ശ്രദ്ധയില്പ്പെട്ടത്.
എറണാകുളത്തുനിന്ന് ഭൂഗര്ഭ ജല അഥോറിട്ടി അധികൃതര് സ്ഥലത്തെത്തി കിണറും പരിസരവും പരിശോധിച്ചു.17 അടി താഴ്ചയുള്ള കിണറില് രാവിലെ മുതല് കണ്ട ജലതരംഗം വൈകിട്ടായിട്ടും നിലച്ചിട്ടില്ല. ഭൂഗര്ഭ ജല അഥോറിട്ടിയിലെ ഫീല്ഡ് വിഭാഗം ഹൈഡ്രോ ജിയോളജിസ്റ്റ് ലാല് തോംസണിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളത്തിന്റെ സാമ്പിള് ശേഖരിച്ച് കിണറും പരിസര പ്രദേശവും പരിശോധിച്ചു.
കിണറിലേത് തിരയിളക്കമല്ല കേവലം ഓളം മാത്രമേയുള്ളൂവെന്ന് ലാല് തോംസണ് സ്ഥിരീകരിച്ചു. അധികജലം കിണറിലേക്ക് ഉറവയിലൂടെ ഒഴുകിയെത്തുന്നതായാണ് പ്രാഥമികനിഗമനം. കിണറിന്റെ ഉപരിതലത്തില് റീചാര്ജ് ചെയ്യുന്നതിന്റെ ഭാഗമായി സ്വാഭാവിക വ്യതിയാനം മാത്രമാണ്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.