എഴുകുംവയൽ കുരിശുമലയിലേക്ക് ഭക്തജനപ്രവാഹം
1537429
Friday, March 28, 2025 11:04 PM IST
എഴുകുംവയൽ: ഇടുക്കി രൂപതയുടെ തീർത്ഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിലേക്ക് നോന്പുകാല തീർത്ഥാടനത്തിന് എത്തുന്ന വിശ്വാസികളുടെ തിരക്ക് വർധിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും രൂപതകളിൽനിന്നും വിവിധ ഇടവകകളിൽനിന്നും വൈദികരുടെ നേതൃത്വത്തിൽ വിശ്വാസികൾ കുരിശുമലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
കാഞ്ഞിരപ്പള്ളി രൂപതയിലെ എരുമേലി, ചേനപ്പാടി, ചാമംപതാൽ, വെളിച്ചിയാനി തുടങ്ങിയ ഇടവകകളിൽ നിന്നു വൈദികരുടെ നേതൃത്വത്തിൽ നൂറുകണക്കിനു വിശ്വാസികൾ മലകയറാൻ എത്തിയിരുന്നു. വലിയ നോന്പിലെ കുരിശുമല കയറ്റത്തിന്റെ ഭാഗമായി ഇടുക്കി രൂപത മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേൽ ഇന്നലെ രൂപതയിലെ ഏതാനും വൈദികരോടൊപ്പം വൈകുന്നേരം കുരിശുമല കയറി പ്രാർഥന നടത്തി.
രാവിലെ 9.30ന് മലയടിവാരത്തുള്ള ടൗണ്‍ കപ്പേളയിൽനിന്നു കുരിശുമല കയറ്റം ആരംഭിച്ചപ്പോൾ നൂറുകണക്കിനു വിശ്വാസികളാണ് കുരിശിന്റെ വഴിയിൽ പങ്കുചേർന്നത്.
കുരിശുമലയിൽ നടന്ന തിരുക്കർമങ്ങൾക്ക് ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കൽ, ഫാ. തോമസ് വലിയ മംഗലം എന്നിവർ മുഖ്യകാർമികരായിരുന്നു. കുരിശുമലയിലെത്തിയ മുഴുവൻ വിശ്വാസികൾക്കും മലയിലെ തിരുസ്വരൂപങ്ങൾ സന്ദർശിച്ച് പ്രാർഥിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കിയിരുന്നു. ഏപ്രിൽ 11 ന് നാല്പതാം വെള്ളിയാഴ്ച ഇടുക്കി രൂപത കാൽനട കുരിശുമല തീർഥാടനം ഇടുക്കി രൂപത മെത്രാന്റെ നേതൃത്വത്തിൽ വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽനിന്ന് ആരംഭിക്കും. അന്നേദിവസം രൂപതയുടെ വിവിധ കേന്ദ്രങ്ങളിൽ നിന്നും കാൽനട തീർഥാടനം കുരിശുമലയിലെത്തുമെന്ന് തീർഥാടക ദേവാലയ ഡയറക്ടർ ഫാ. തോമസ് വട്ടമല, അസിസ്റ്റന്റ് വികാരി ഫാ. ലിബിൻ വള്ളിയാംതടം എന്നിവർ അറിയിച്ചു.