ഓടയുടെ സ്ലാബ് തകര്ന്നിട്ട് മാസങ്ങൾ; തിരിഞ്ഞുനോക്കാതെ അധികൃതർ
1537411
Friday, March 28, 2025 10:18 PM IST
കാഞ്ഞിരപ്പള്ളി: ഓടയ്ക്ക് മുകളിലെ സ്ലാബ് തകര്ന്ന് മാസങ്ങൾ പിന്നിട്ടിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. ദേശീയപാത 183ല് കാഞ്ഞിരപ്പള്ളി മിനി സിവില് സ്റ്റേഷന് മുന്പിലെ ഓടയ്ക്ക് മുകളിലെ സ്ലാബാണ് തകര്ന്നുകിടക്കുന്നത്. മിനി സിവില് സ്റ്റേഷനിലെ ജീവനക്കാരും വിവിധ ആവശ്യങ്ങള്ക്കായി എത്തുന്ന പൊതുജനങ്ങളും ഉപയോഗിക്കുന്ന പാതയിലാണ് അപകടം വാ പിളർന്ന് നിൽക്കുന്നത്.
കാഞ്ഞിരപ്പള്ളി ടൗണിലെ പലയിടങ്ങളിലും ഓടയുടെ മൂടി തകർന്നുകിടക്കുന്ന അവസ്ഥയിലാണ്. മാസങ്ങൾക്ക് മുന്പാണ് ബസ് സ്റ്റാന്ഡിന് മുന്പിലെ ഓടയുടെ മൂടി മാറിക്കിടന്നതിനെത്തുടര്ന്ന് അധ്യാപികയ്ക്ക് വീണ് പരിക്കേറ്റത്. ബസ് സ്റ്റാന്ഡിന് മുന്പിലും പലയിടങ്ങളിലും ഓടയുടെ മുകളില് സ്ഥാപിച്ചിരിക്കുന്ന സ്ലാബുകള് ഇളകിയ നിലയിലും വലിയ വിടവുകളുണ്ടായ നിലയിലുമാണ്. മുന്പ് ഓടയുടെ വിടവില് വിദ്യാര്ഥിയുടെ കാല് കുടങ്ങിയ സംഭവമുണ്ടായിട്ടുണ്ട്.
ദേശീയപാതയിലെ ഓടകള് പലയിടങ്ങളിലും മാലിന്യങ്ങളും ചെളിയും നിറഞ്ഞ് വെള്ളമൊഴുക്ക് തടസപ്പെട്ട നിലയിലുമാണ്. മഴക്കാലത്തിന് മുന്പ് ഓടകൾ വൃത്തിയാക്കണമെന്നും അപകടത്തിന് കാത്തിരിക്കാതെ ഓടയുടെ മുകളിലെ സ്ലാബുകള് ശരിയാക്കണമെന്നുമുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.