ജീവിതം പ്രസന്നമാക്കാൻ സുഭിക്ഷമായി ഭക്ഷണം വിളമ്പി പ്രസന്ന
1537450
Friday, March 28, 2025 11:26 PM IST
അന്പലപ്പുഴ: സുഭിക്ഷമായി ഭക്ഷണം വിളമ്പി ജീവിതം പ്രസന്നമാക്കി പ്രസന്ന എന്ന വീട്ടമ്മ. പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാര്ഡ് വലിയകുളങ്ങര വീട്ടില് പ്രസന്നയാണ് വിശന്നെത്തുന്നവര്ക്ക് ഇഷ്ടമറിഞ്ഞ് ഭക്ഷണം വിളമ്പുന്നത്.
പുന്നപ്ര പോളിടെക്നിക് ഹോസ്റ്റലിനു കിഴക്ക് സിവില് സപ്ലൈസിന്റെ സുഭിക്ഷ പദ്ധതിയില് ഹോട്ടല് നടത്തുകയാണ് പ്രസന്ന. രണ്ട് ഒഴിച്ചുകറികളും തോരന് ഉള്പ്പെടെ മൂന്ന് തൊടുകറിയും കൂട്ടി ഊണിന് 20 രൂപ മാത്രം. ഊണിനേക്കാള് പ്രിയം ഇവിടത്തെ സ്പെഷല് ഐറ്റങ്ങൾക്കാണ്. ബീഫ് ഫ്രൈ, പോട്ടി, മീന്കറി, മീന് വറ്റിച്ചത്, മീന് പൊരിച്ചത്, കക്കായിറച്ചി, ചെമ്മീന് ഫ്രൈ ഇവയില് ഏതു വാങ്ങിയാലും 30 രൂപ മാത്രം.
ഉച്ച ഊണ് മാത്രമാണ് ഇവിടെയുള്ളത്. ഉച്ചയാകുന്പോഴേ ക്കും പ്രസന്നയുടെ ഹോട്ടലില് ഉത്സവത്തിരക്കാണ്. കോളജ് വിദ്യാര്ഥികളും അധ്യാപകരും രുചി അറിഞ്ഞെത്തുന്ന സ്ഥിരം ഊണുകാരുമാണ് അധികവും. ഒരു ദിവസം 400 ഊണുവരെ ചെലവാകും. ഓര്ഡര് അനുസരിച്ച് ഊണ് പൊതികളാക്കിയും നല്കാറുണ്ട്.
പ്രസന്നയോടൊപ്പം മൂന്ന് സ്ത്രീകള് വേറെയും ജോലിക്കാരായുണ്ട്. ഊണിന് സര്ക്കാര് സബ്സിഡിയായി അഞ്ച് രൂപ കിട്ടും. വള്ളക്കടവുകളില്നിന്നു മീന് ലേലം പിടിച്ചെടുക്കുകയാണ് പതിവ്.
നാട്ടുപണികള് ചെയ്ത് കുടുംബം പോറ്റുന്നതിനിടെയാണ് ഭര്ത്താവ് ജയന് മാനസിക വെല്ലുവിളികള് നേരിട്ടത്. അന്ന് ആറും നാലും വയസുള്ള രണ്ട് ആണ്കുട്ടികളാണ് ഉണ്ടായിരുന്നത്. ഭർതൃമാതാവും നേരത്തേതന്നെ മാനസിക വെല്ലുവിളി നേരിടുന്നതിന് ചികിത്സയിലായിരുന്നു. ഭര്ത്താവിനും രോഗം പിടിപെട്ടതോടെ എന്തുചെയ്യണമെന്നറിയാതെ പ്രസന്ന ഒന്നു പതറി. പിന്നീട് കുടുംബം പുലര്ത്താനുള്ള ഒറ്റയാള് പോരാട്ടമായിരുന്നു. മാനസികവെല്ലുവിളി നേരിടുന്ന ഭര്ത്താവും ഭർതൃമാതാവും പറക്കമു റ്റാത്ത രണ്ട് മക്കളും അടങ്ങുന്ന കുടുംബം പ്രസന്നമാക്കാനുള്ള പോരാട്ടം.
ആദ്യം പാചകക്കാരോടൊപ്പം സഹായിക്കാന് പോയി. വല്ലപ്പോഴും കിട്ടുന്ന തുച്ഛമായ വരുമാനം ഇരുവരുടെയും ചികിത്സയ്ക്കും വീട്ടുചെലവിനും തികയാതെ വന്നു. പിന്നീട് ഹോട്ടലുകളില് പാചകത്തിനും ഭക്ഷണം സപ്ലൈ ചെയ്യാനും പോയി. കൂടാതെ വീടുകളില്നിന്ന് ഓര്ഡറെടുത്ത് ഇൻഡക്ഷൻ കുക്കറുകള് വില്പ്പനയും നടത്തി.
പ്രസന്ന നല്ലൊരു അനൗണ്സറുമാണ്. കോവിഡുകാലം ജീവിതം തളര്ത്തി. പിന്നീടാണ് വീട്ടില് ഊണുമായി രംഗത്തെത്തുന്നത്. മീന്കറി ഉള്പ്പെടെയുള്ള ഊണിന് 50 രൂപ. ഭക്ഷണത്തിന്റെ രുചി കേട്ടറിഞ്ഞ് വിദ്യാര്ഥികളാണ് അധികവും എത്തിയിരുന്നത്. പാചകവും വിളമ്പും എല്ലാം ഒറ്റയ്ക്ക്.
ഭക്ഷണം കഴിക്കാനെത്തിയവരുടെ പ്രോത്സാഹനമാണ് സുഭിക്ഷ പദ്ധതി തെരഞ്ഞെടുക്കാന് കാരണം. തുടക്കം വീട്ടില് തന്നെയായിരുന്നു. തിരക്ക് കുടിയപ്പോള് വീടിന് അടുത്തൊരു സ്ഥലത്ത് ഷെഡ് പണിത് അവിടേക്ക് മാറി. ബില്ലടിക്കാന് ഇളയ മകന് അനന്തുവും ഒപ്പമുണ്ട്. മൂത്തമകന് ജിഷ്ണു വെല്ഡിംഗ് ജോലികള് ചെയ്തുവരുന്നു.