ഓഫീസിൽ കയറി വെട്ടുമെന്ന് സിപിഎം ഏരിയാ സെക്രട്ടറി : വില്ലേജ് ഓഫീസർക്കു തുടർ ഭീഷണി; അവധിയിൽ പ്രവേശിച്ചതായി സൂചന
1537210
Friday, March 28, 2025 2:45 AM IST
പത്തനംതിട്ട: വീടിന്റെ കെട്ടിട നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട നാരങ്ങാനം വില്ലേജ് ഓഫീസർ ജോർജ് ജോസഫിനെ അസഭ്യം പറയുകയും ഓഫീസിൽ കയറി വെട്ടുമെന്ന് സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തുകയും ചെയ്തതിനു പിന്നാലെ ഓഫീസർ പരാതിയുമായി ജില്ലാ കളക്ടറെ സമീപിച്ചു.
സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം. വി.സഞ്ജുവിനോട് വീട്ടുകരം ആവശ്യപ്പെട്ടു വില്ലേജ് ഓഫീസർ ബുധനാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് ഓഫീസിൽ കയറി വെട്ടുമെന്ന് ഭീഷണി മുഴക്കിയത്.
സംഭാഷണം പുറത്തുവന്നതിനു പിന്നാലെ വില്ലേജ് ഓഫീസർക്കെതിരേ സമൂഹമാധ്യമങ്ങളിലും ഫോൺ കോളുകളിലും ഭീഷണി തുടരുകയാണ്. സമൂഹമാധ്യമങ്ങളിൽ സഞ്ജുവിന്റെ നടപടിയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി.
ഭീഷണികൾ തുടർന്നതോടെ വില്ലേജ് ഓഫീസർ ഔദ്യോഗിക ഫോൺ ഉപയോഗിക്കാതെയായി. ഇന്നലെ ഉച്ചവരെ ഇദ്ദേഹം വില്ലേജ് ഓഫീസിൽ ഉണ്ടായിരുന്നു. ഔദ്യോഗിക മൊബൈൽ സിംകാർഡ് ഓഫീസിൽ വച്ചശേഷം ഉച്ചയോടെ മടങ്ങി. വില്ലേജ് ഓഫീസർ ദീർഘാവധിക്ക് അപേക്ഷ നൽകിയതായും അറിയുന്നു.
വീടിന്റെ കെട്ടിട നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് 2022 മുതൽ ഏരിയാ സെക്രട്ടറിക്കു നോട്ടീസ് നൽകിയിരുന്നു. ഡെപ്യൂട്ടി തഹസിൽദാർ നൽകിയ കുടിശിക പട്ടികയിലെ ആദ്യ പേരുകാരനായിരുന്നു ഏരിയാ സെക്രട്ടറി. ഇത് ലഭിച്ച ശേഷം ഏരിയെ സെക്രട്ടറിയെ ഫോണിൽ വിളിച്ച് കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് വാക്കുതർക്കവും ഭീഷണിയുമുണ്ടായത്.
ആസൂത്രിത നീക്കമെന്ന് എം.വി. സഞ്ജു
പൊതുപ്രവർത്തകനായ തന്നെ അപമാനിക്കാൻ ആസൂത്രിതമായി തയാറാക്കിയ നീക്കമാണ് വില്ലേജ് ഓഫീസറുടെ ഫോൺ കോളെന്ന് സിപിഎം ഏരിയാ സെക്രട്ടറി എം.വി. സഞ്ജു. 2022 മുതൽ കുടിശികയുടെ പേരിൽ തനിക്ക് ആരും നോട്ടീസ് നൽകിയിട്ടില്ല.
വില്ലേജ് ഓഫീസർ ബുധനാഴ്ച വിളിക്കുന്പോൾ കരം അടയ്ക്കാൻ തയാറാണെന്നു പറയുന്നതിനു മുന്പേ അദ്ദേഹം മറ്റു രീതിയിൽ സംഭാഷണം മാറ്റിക്കൊണ്ടുപോകുകയായിരുന്നു. പ്രകോപിപ്പിക്കുന്നതരത്തിലാണ് തുടക്കം മുതൽ സംഭാഷണം നടത്തിയത്. കോൾ റെക്കോർഡ് ചെയ്ത് തന്നെ അപമാനിക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് പുറത്തുവിട്ട സംഭാഷണം എഡിറ്റ് ചെയ്തതാണ്. സംഭാഷണം പൂർണമായി പുറത്തുവിടാൻ വില്ലേജ് ഓഫീസർ തയാറാകണം.
നാരങ്ങാനത്ത് പുതുതായി എത്തിയ വില്ലേജ് ഓഫീസറാണദ്ദേഹം. നേരത്തെ ജോലി ചെയ്ത പലയിടങ്ങളിലും അഴിമതി ആരോപണ വിധേയനാകുകയും നടപടി നേരിടുകയും ചെയ്തിട്ടുണ്ട്. നാരങ്ങാനത്തു ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിൽ കുടിശിക പിരിവെന്ന പേരിൽ നേരത്തെ കരം വാങ്ങിയവരിൽ നിന്നും വീണ്ടും പണം വാങ്ങിയിട്ടുണ്ട്.
ഒരുവർഷം തന്നെ രണ്ടു തവണ കരം വാങ്ങുന്ന പ്രകൃതം ഈ വില്ലേജ് ഓഫീസർക്കുണ്ടെന്നും സഞ്ജു ആരോപിച്ചു. വിജിലൻസ് അന്വേഷണം നേരിടുന്ന വ്യക്തിയാണ് വില്ലേജ് ഓഫീസറെന്നും സഞ്ജു ആരോപിച്ചു.