കൊല്ലം കോർപറേഷൻ : ബജറ്റിനെച്ചൊല്ലി നിൽപ്പ് സമരം
1537338
Friday, March 28, 2025 6:11 AM IST
കൊല്ലം : കോർപറേഷനിൽ ഇന്നലെ നടന്ന ബജറ്റ് ചർച്ചയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. ബജറ്റിനെ രൂക്ഷമായി വിമർശിച്ച് യുഡിഎഫ് പാർലമെന്റ് പാർട്ടി ലീഡർ ജോർജ് ഡി. കാട്ടിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് കൗൺസിൽ ഹാളിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
ബജറ്റിൽ വികസന കാഴ്ചപ്പാട് ഇല്ലെന്നും പുതുതായി ഒന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസനരംഗത്ത് പക്ഷപാതമായ നിലപാടാണ് കോർപ്പറേഷൻ ഭരണകൂടം എല്ലാ കാലത്തും സ്വീകരിക്കുന്നത്. യുഡിഎഫ് കൗൺസിലർമാരുടെ ഡിവിഷനുകളെ വികസന രംഗത്ത് അവഗണിക്കുന്ന സമീപനമാണ് കോർപ്പറേഷൻ അധികൃതർ സ്വീകരിച്ചിട്ടുള്ളത്.
ബിജെപി അംഗത്തെ മേയർ ക്ഷണിച്ചതോടുകൂടിയാണ് കൗൺസിൽ ഹാളിനുള്ളിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കൂടിയായ ബിജെപി പാർലമെന്ററി പാർട്ടി ലീഡർ റ്റി.ജി. ഗിരീഷ് പ്രസംഗിക്കാൻ അവസരം വേണമെന്ന് പറഞ്ഞ് സീറ്റിൽ നിന്ന് എഴുന്നേൽക്കുകയായിരുന്നു.
അനുവദിക്കാൻ ആകില്ലെന്നും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ അംഗങ്ങൾ ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കാറില്ല എന്നും മേയർ റൂളിംഗ് നൽകിയിട്ടും ബിജെപി പാർലമെന്റ്് പാർട്ടി ലീഡർ സീറ്റിൽ ഇരിക്കാൻ തയാറായില്ല. ഗിരീഷ് സീറ്റിൽ ഇരിക്കണമെന്ന് ഭരണകക്ഷി അംഗങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടു.
ബജറ്റ് ചർച്ചയിൽ പ്രസംഗിക്കാൻ അനുവദിക്കാത്തതിനെതിരേ മറ്റ് ബിജെപി അംഗങ്ങളും പ്രതിഷേധിച്ചു. മേയർ ആണ് യോഗത്തിന്റെ അധ്യക്ഷൻ എന്നും മേയറുടെ മറുപടിക്കപ്പുറം കൗൺസിൽ യോഗത്തിൽ കോർപ്പറേഷൻ സെക്രട്ടറിക്ക് ഒന്നും പറയാനില്ലെന്നും ഹണി ബെഞ്ചമിൻ നിലപാടെടുത്തതോടെ ബിജെപി പാർലമെന്റ് പാർട്ടി ലീഡർ പ്രതിഷേധം കടുപ്പിച്ച് കസേരയ്ക്ക് മുകളിലേക്ക് കയറി നിന്നു. ഇതോടെ ഭരണപക്ഷ അംഗങ്ങൾ ഒന്നടങ്കം ബിജെപിക്കെതിരെ വിമർശനമുയർത്തി.
തുടർന്ന് നിൽപ്പ് സമരം തുടർന്നു. പിന്നീട് ബിജെപി അംഗം അഭിലാഷും മുൻ ഡെപ്യൂട്ടി മേയറും സിപിഐ അംഗവുമായ കൊല്ലം മധുവും സിപി എമ്മിലെ എസ്. ഗീതാകുമാരിയും പ്രസംഗിച്ചപ്പോഴും ബിജെപി യുടെ നിൽപ്പ് സമരം തുടർന്നു. പിന്നീട് ഉച്ചഭക്ഷണത്തിനും വിശ്രമത്തിനുമായി കൗൺസിൽ യോഗം പിരിഞ്ഞു.
ഉച്ചകഴിഞ്ഞ് ചർച്ച തുടർന്നുവെങ്കിലും കാര്യമായ പ്രതിഷേധങ്ങൾ ഉണ്ടായില്ല. കൊല്ലം മഹാനഗരമായി മാറി കൊണ്ടിരിക്കുകയാണെന്ന് മേയർ വ്യക്തമാക്കി. എല്ലാ ഡിവിഷനുകളിലും വികസനം എത്തിക്കും. ഹൈടെക് നഗരം ലക്ഷ്യമാക്കിയുള്ള ബജറ്റാണെന്നും മേയർ ഹണി പറഞ്ഞു. എസ്ഡിപിഐ അംഗം കൃഷ്ണേന്ദു ബജറ്റിനെ പിന്തുണച്ചു. 26 അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു.