പ്ലാറ്റ് ഫോമിന് മേൽക്കൂരയില്ല; കുടചൂടി പ്രതിഷേധവുമായി നാട്ടുകാർ
1537166
Friday, March 28, 2025 12:53 AM IST
തൃക്കരിപ്പൂർ: മേൽക്കൂരയില്ലാത്ത ചന്തേര റെയിൽവേ സ്റ്റേഷനിൽ
യാത്രക്കാരും നാട്ടുകാരും ചേർന്ന് കുടചൂടിയുള്ള പ്രതിഷേധ സമരം നടത്തി. പിലിക്കോട്, കരിവെള്ളൂർ -പെരളം, പടന്ന പഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങൾ യാത്രക്കായി തിരഞ്ഞെടുത്തിട്ടുള്ള സ്റ്റേഷനിൽ പാസഞ്ചർ ട്രെയിനുകൾക്ക് മാത്രമാണ് സ്റ്റോപ്പുള്ളത്. യാത്രക്കാർക്ക് മഴയും വെയിലുമേൽക്കാതെ സ്റ്റേഷനിൽ കാത്തിരിക്കാൻ മേൽക്കൂര നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ചന്തേര റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ യാത്രക്കാരുടെ കുടചൂടി പ്രതിഷേധ സമരം.
അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെയില്ലാത്ത ചന്തേര സ്റ്റേഷനിൽ സ്ത്രീകളും ഭിന്നശേഷിക്കാരും രോഗികളുമായ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.ചന്തേര റെയിൽവേ യൂസേഴ്സ് ഫോറം നേതൃത്വത്തിലാണ് യാത്രക്കാരും നാട്ടുകാരും ചേർന്ന് സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വേറിട്ട പ്രതിഷേധ സമരം നടത്തിയത്. പിലിക്കോട്, കരിവെള്ളൂർ - പെരളം, പടന്ന പഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങൾ യാത്രക്കായി തെരഞ്ഞെടുത്ത ചന്തേര സ്റ്റേഷനിൽ യാത്രക്കാരുടെ എണ്ണം വർധിക്കുമ്പോഴും പ്രാഥമിക സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ലെന്ന പരാതിയാണ് ഉയർന്നിട്ടുള്ളത്.
റെയിൽവേ പ്ലാറ്റ്ഫോമിൽ ഇരിപ്പിടങ്ങൾ ഉണ്ടെങ്കിലും മേൽക്കൂര ഇല്ലാത്തതിനാൽ വെയിലും മഴയും കൊള്ളുക മാത്രമാണ് യാത്രക്കാർക്ക് പോംവഴി. യാത്രക്കാർക്ക് കാത്തിരിപ്പിന് ഇരിപ്പിടങ്ങൾക്ക് മുകളിൽ മേൽക്കൂര നിർമിക്കണമെന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുമായാണ് യാത്രക്കാരും നാട്ടുകാരും കുടചൂടി പ്രതിഷേധ സമരം നടത്തിയത്. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ഉൾപ്പെടെ രോഗികൾ ആശ്രയിച്ചിരുന്നതും കോവിഡിന് മുൻപ് ചന്തേരയിൽ
സ്റ്റോപ്പുണ്ടായിരുന്നതുമായ 16610 മംഗളുരു സെൻട്രൽ -കോഴിക്കോട് പാസഞ്ചറിന്റെ സ്റ്റോപ്പ് പുനസ്ഥാപിക്കുക, റെയിൽവേ ഫുട് ഓവർ ബ്രിഡ്ജ് നിർമിക്കുക, മംഗളൂരു-കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചറിന് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രത്യക്ഷ സമരത്തിനിറങ്ങിയത്. റെയിൽവേ യൂസേഴ്സ് ഫോറം പ്രസിഡന്റ് കെ.ടി.ശിവദാസൻ സമരം ഉദ്ഘാടനം ചെയ്തു.
യൂസേഴ്സ് ഫോറം സെക്രട്ടറി സി.വി.ഷാജി, എം.വിജയൻ, വി.സി.റീന, പി.പി.ജയശ്രീ, പി.വി.ചന്ദ്രൻ, സി.ദേവദാസ്, സി.സുമേഷ്, എം.പ്രദീപ്, വി.എം.അജയൻ, രാകേഷ് മാണിയാട്ട്, പി.വൈശാഖ് എന്നിവർ നേതൃത്വം നൽകി. രാവിലെ കണ്ണൂർ -മംഗളുരു പാസഞ്ചർ, വൈകുന്നേരം കണ്ണൂർ -ചെറുവത്തൂർ പാസഞ്ചർ എന്ന ട്രെയിനുകൾക്ക് മാത്രമാണ് ചന്തേര സ്റ്റേഷനിൽ സ്റ്റോപ്പുള്ളത്.