ഭക്ഷ്യസുരക്ഷ : ജില്ലയിലെ ഹോസ്റ്റല്‍ കാന്റീനുകളില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കും
1537296
Friday, March 28, 2025 5:09 AM IST
കോഴിക്കോട്: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഹോസ്റ്റല്‍ കാന്റീനുകളില്‍ പരിശോധനകള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ജില്ല കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. ഭക്ഷ്യ വിഷബാധ വിവരങ്ങള്‍ ഭക്ഷ്യസുരക്ഷ വകുപ്പും ജില്ലാ ആരോഗ്യ വിഭാഗവും പരസ്പരം കൈമാറുമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ജില്ലാതല ഉപദേശക സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ജില്ല കളക്ടര്‍ പറഞ്ഞു.
ഭക്ഷ്യ സുരക്ഷ വകുപ്പ് ഈ വര്‍ഷം ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അവലോകനവും ഭക്ഷ്യ വിഷബാധ ഒഴിവാക്കുന്നതിനുള്ള മുന്കരുതലുകളില് കൈക്കൊള്ളേണ്ട തീരുമാനങ്ങളും യോഗം ചര്‍ച്ച ചെയ്തു.
ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 1828 പരിശോധനകള്‍ നടത്തി. 420 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 674 സര്‍വെയ്ലന്‍സ് സാമ്പിളുകളും ശേഖരിച്ച് പരിശോധിച്ചിട്ടുണ്ട്. ചെറിയ രീതിയിലുള്ള നിയമ ലംഘനങ്ങള്‍ കണ്ടെത്തിയ 89 സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നോട്ടീസ് നല്‍കുകയും വലിയ ലംഘനങ്ങള്‍ കണ്ടെത്തിയ 94 സ്ഥാപനങ്ങള്‍ക്കെതിരേ മൂന്ന് ലക്ഷം രൂപ പിഴയായി ഈടാക്കുകയും പത്ത് സ്ഥാപനങ്ങള്‍ക്ക് മെച്ചപ്പെടുത്താനുള്ള നോട്ടീസ് നല്‍കുകയും ചെയ്തു.
27 പ്രോസിക്യൂഷന് കേസുകളും 16 അഡ്ജൂഡിക്കേഷന് കേസുകളും ഫയല്‍ ചെയ്തതില്‍ വിധിയായ മൂന്ന് പ്രോസിക്യൂഷന് കേസുകളില്‍ കോടതി 85,000 രൂപയും 14 അഡ്ജുഡിക്കേഷന് കേസുകള്‍ക്ക് 3,23,500 രൂപയും പിഴ വിധിച്ചിട്ടുണ്ട്.
അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന ഈറ്റ് റൈറ്റ് ചലഞ്ചിന്റെ ഭാഗമായി 97 ഹോട്ടലുകള്‍ ഹൈജീന്‍ റേറ്റിംഗ് ഓഡിറ്റ് പൂര്‍ത്തിയാക്കി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 3120 ജീവനക്കാര്‍ക്ക് ഭക്ഷ്യ സുരക്ഷ പരിശീലനവും നല്കി. കേന്ദ്രം ഭക്ഷ്യ സുരക്ഷ അഥോറിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ സര്‍ക്കിളുകളിള്‍ 12 ബോധവല്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുകയും മൊബൈല്‍ ഫുഡ് ടെസ്റ്റിംഗ് ലാബ് ഉപയോഗിച്ച് 797 സാമ്പിളുകള്‍ പരിശോധന നടത്തുകയും 54 ബോധവല്കരണ ക്ലാസുകളും ട്രെയിനിങ്ങുകളും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.
യോഗത്തില്‍ ഭക്ഷ്യ സുരക്ഷ വിഭാഗം അസിസ്റ്റന്റ് കമ്മീഷണര്‍ എ. സക്കീര്‍ ഹുസൈന്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍. രാജേന്ദ്രന് ,അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പി. ബിജു രാജ്, ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.