ഉദ്ഘാടനങ്ങളുടെ പേരിൽ എൽഡിഎഫ്-യുഡിഎഫ് പോര്
1537311
Friday, March 28, 2025 5:26 AM IST
നിലന്പൂർ: ചാലിയാർ പഞ്ചായത്തിൽ ഉദ്ഘാടനങ്ങളുടെ പേരിൽ എൽഡിഎഫ്, യുഡിഎഫ് പോര്. ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരിച്ച മുറികളുടെ ഉദ്ഘാടനമാണ് യുഡിഎഫ് നടത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരൻ ഉൾപ്പെടെയുള്ള സിപിഎം അംഗങ്ങൾ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നു. പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തിയ നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനത്തിൽ പ്രസിഡന്റ് ഉൾപ്പെടെ വിട്ടു നിന്നത് ശ്രദ്ധേയമായി.
എൽഡിഎഫും യുഡിഎഫും നിലപാട് കടുപ്പിച്ചതോടെ ഉദ്ഘാടനങ്ങൾ വിവാദമാവുകയാണ്. എൽഡിഎഫ് ബഹിഷ്കരണം കണക്കിലെടുക്കാതെ ഉപാധ്യക്ഷയുടെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങൾ പങ്കെടുത്ത് ഉദ്ഘാടനം നടത്തുകയും ചെയ്തു. ഡോക്ടേഴ്സ് കാബിൻ കം ഓഫീസും മീറ്റിംഗ് ഹാളുമാണ് പഞ്ചായത്ത് ഫണ്ടിൽ ഏഴു ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ചത്.
യുഡിഎഫ് അംഗവും പഞ്ചായത്ത് ഉപാധ്യക്ഷയുമായ ഗീതാ ദേവദാസ് ആണ് ഉദ്ഘാടനം ചെയ്തത്. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സുമയ്യ പൊന്നാംകടവൻ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരംസമിതി അധ്യക്ഷൻ തോണിയിൽ സുരേഷ് മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്തംഗങ്ങളായ സിബി അന്പാട്ട്, ഗ്രീഷ്മ പ്രവീണ്, മെഡിക്കൽ ഓഫീസർ ഡോ. ഐഷക്കുട്ടി, പഞ്ചായത് എഇ ഹസീന, ഡോക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
പണിതീരും മുന്പ് ഉദ്ഘാടനം നടത്തുന്നുവെന്നാരോപിച്ചാണ് പ്രസിഡന്റ് ഉൾപ്പെടെയുള്ള അംഗങ്ങൾ വിട്ടു നിന്നത്. ചാലിയാർ പഞ്ചായത്ത് ഓഫീസ് നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം 26 ന് തീരുമാനിച്ചിരുന്നു.
ഉദ്ഘാടന ഫലകവും സ്ഥാപിച്ചിരുന്നു. എന്നാൽ പണി പൂർത്തീകരിക്കാതെ ഉദ്ഘാടനം അനുവദിക്കില്ലെന്ന സിപിഎം നിലപാടിനെ തുടർന്ന് ഉദ്ഘാടനം നടന്നില്ല.
ഇതിനിടയിലാണ് എൽഡിഎഫ് നിലപാട് അവഗണിച്ച് ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം യുഡിഎഫ് അംഗങ്ങൾ നടത്തിയത്.