ജഹനാര
ഡോ. മുഞ്ഞിനാട് പത്മകുമാര്‍
Wednesday, September 3, 2025 12:38 AM IST
ഒരു കുഞ്ഞ് പിറക്കുമ്പോള്‍, അതൊരു പെണ്കുഞ്ഞാണെങ്കില്, അവള്ക്കിടാനൊരു പേര് കാലേക്കൂട്ടി ഞാന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. അതെന്റെ വിശുദ്ധ രഹസ്യങ്ങളിലൊന്നായിരുന്നു.അതിപ്പോള്‍ മാത്രമാണ് ഞാന്‍ വെളിപ്പെടുത്തുന്നത്. രഹസ്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ അതു ഫലിതങ്ങളായിത്തീരുമെന്നൊരു കബീര്വാണിയുണ്ട്.
വ്യഞ്ജന, ലോപാമുദ്ര, ബാലാമണി, ജഹനാര, ശുഭേന്ദു, ബാലസരസ്വതി, തേജസ്വിനി, ശാരദ ഇങ്ങനെ പോകുന്നു ഞാന്‍ പണ്ടേ കുറിച്ചിട്ട പേരുകള്‍. ഒരാണ്‍കുഞ്ഞാണ് വിരുന്നുകാരനായെത്തുന്നതെങ്കില് ഒരൊറ്റ പേരേ മനസില്‍ കുറിച്ചിട്ടിട്ടുള്ളൂ; ആനന്ദവര്ധനന്. കരുണയറ്റ ഈ ‘ധ്വന്യാലോക’ത്ത് അവനെങ്കിലും ആനന്ദചിന്മയഗോപികാരമണനായി വാഴട്ടെ എന്ന് ഞാന്‍ ആശിച്ചിരുന്നു. പക്ഷേ, പിറന്നത് പെണ്‍കുഞ്ഞാണ്. പേരിടീല്‍ നേരത്ത് എന്റെ ഇത്തിരിപ്പോന്ന ആഗ്രഹത്തിനുമേലേ പ്രലോഭനങ്ങളുടെ ഒരു ഘോഷയാത്രതന്നെ കടന്നുപോയി. അരവിന്ദാകൃതികളുള്ള എന്റെ ഇഷ്ടനാമങ്ങളുടെ നേരേ ആരും കാരുണ്യം കാട്ടിയില്ല. ക്ഷമാപൂര്ണ മനസോടെ ഞാനെന്റെ ഇഷ്ടത്തിൽനിന്ന് പതിയെ പിന്‍വാങ്ങി.
ഉള്ളില്‍ ചിരകാലം കൊണ്ടുനടന്ന ഈ പെൺപേരുകളില്‍ എനിക്കേറ്റം പ്രിയംവദയായത് ‘ജഹനാര’യായിരുന്നു. ആ പേര് ഒറ്റക്കല്ലില്‍ തീര്‍ത്ത ഒരു ശോകശില്പംപോലെ എന്റയുള്ളില്‍ എന്നേ പണിതുയര്‍ത്തിയിരുന്നു. ആ പേര് നോവുന്ന ഒരുടലും പ്രാണനുമായിരുന്നു. അപാരത കണ്ടുനില്ക്കുംപോലൊരനുഭവം. കുഞ്ഞിന് ‘ജഹനാര’ എന്ന് പേരിടുന്നതിനെക്കുറിച്ചു പറഞ്ഞപ്പോള്‍ ചരിത്രാന്വേഷകനായ ഒരു കൂട്ടുകാരന് പറഞ്ഞു, “അശാന്തവും അസ്വസ്ഥവുമായ പേര്. ചരിത്രത്തിലെ കണ്ണീര്ത്തുള്ളിയാണവള്. അതുവേണ്ട.’’ അവനൊരു കലഹപ്രിയനായതിനാല് ഞാനധികം മുഷിയാന്‍ നിന്നില്ല. പക്ഷേ, ഞാനാ പേരില്‍ അതിനോടകം അനുരക്തനായിത്തീര്ന്നിരുന്നു.
ജഹനാരയെ ആദ്യം പരിചയപ്പെടുന്നത് സ്കൂള്‍ പഠനകാലത്താണ്. ഏഴിലോ എട്ടിലോ ആണെന്നാണ് ഓര്മ. സ്കൂള്‍ കലോത്സവമാണ് വേദി. അവിടെ ജോസല്ലാ സിസ്റ്റര്‍ തയാറാക്കിയ ഒരു നിശ്ചലരംഗം അരങ്ങേറുകയാണ്. ആഗ്രാകോട്ടയിലെ തടവുമുറിയില്‍ മുഗള്‍ രാജകിരീടം നഷ്ടപ്പെട്ട, നിരാലംബനും നിസഹായനുമായ ഷാജഹാന് ഒരേക ജാലകത്തിലൂടെ ദൂരെ താജ്മഹാള് നോക്കിനില്ക്കുന്നു. പിതാവിന്നരികില്‍ ജഹനാര വിഷാദവതിയായി നില്ക്കുന്നു. ഷാജഹാന്റെ വേഷം ഏറെ മുഷിഞ്ഞതാണ്. തലയില്‍ നരച്ച തട്ടമിട്ട്, ഇലകള്‍ ഉപേക്ഷിച്ചുപോയ ഒരു ദേവദാരുപോലെയാണ് ജഹനാര. തിരശീല ഉയരുമ്പോള്‍ കാണുന്ന രംഗം ഇതാണ്. ഒരൊറ്റ നിമിഷം മാത്രം. രംഗത്തിനൊപ്പം ഒരൊറ്റ ശ്വാസത്തില്‍ രംഗസന്ദർഭത്തെക്കുറിച്ച് സിസ്റ്ററുടെ അനൗണ്‍സ്മെന്റുമുണ്ട്. തീര്‍ന്നു. കുട്ടികളായ കൂട്ടുകാരുടെ നിറഞ്ഞ കൈയടി. ജഹനാരയായി അഭിനയിച്ച എന്നെ ആരും ഗ്രീൻറൂമിൽ വന്ന് പുകഴ്ത്തിയില്ല. ഷാജഹാൻ ചക്രവർത്തിയെ കൂട്ടുകാർ എടുത്തുപൊക്കി അഭിനന്ദിക്കുന്നതു കണ്ടു.അപ്പോള്‍ എല്ലാ കൈയടികളും ചക്രവർത്തിക്കായിരുന്നെന്ന് എനിക്കു മനസിലായി. പിന്നീട് ചരിത്രത്തിലെയോ പുരാണത്തിലെയോ ദുഃഖപുത്രിമാരെ അവതരിപ്പിക്കേണ്ട സന്ദർഭങ്ങളിൽ സിസ്റ്റര്‍ എന്നെ വിളിച്ചുവെങ്കിലും ഞാന്‍ പോയില്ല. അങ്ങനെ ആ ‘മിനുക്ക്’ വേഷം എന്നെന്നേക്കുമായി ഞാന്‍ ഉപേക്ഷിക്കുകയായിരുന്നു.
അവള്, ജഹനാര, ആ ദുഃഖപുത്രി എന്റെ ഉള്ളില്‍നിന്ന് അന്നത്തെ ദിവസത്തിനുശേഷം ഇറങ്ങിപ്പോകാൻ തയ്യാറായില്ല. ഏകാന്തതകളില്‍ അവള് വെയില്നാളംപോലെ എന്നില്‍ പ്രകാശിച്ചുനിന്നു. നല്ല നിലാവുള്ള രാവുകളില്‍ അവളെന്നോട് മിണ്ടിപ്പറഞ്ഞു. “നോക്കൂ, എന്റെ മുടി ഇങ്ങനെയായിരുന്നില്ല. എന്റെ കഴുത്ത്, കണ്ണുകള്‍, ഹൃദയം, സ്വപ്നങ്ങള്‍ ഇങ്ങനെ ആയിരുന്നില്ല. ഇപ്പോൾ എല്ലാം ചിന്നിച്ചിതറിപ്പോയിരിക്കുന്നു. എന്റെ മുത്തുമാലകള്‍ ഊര്‍ന്നുപോയിരിക്കുന്നു. ഞാനിന്ന് ഒറ്റപ്പെട്ടവളാണ്. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ടവള്. എനിക്ക് മരിക്കണമെന്നുണ്ട്.
പക്ഷേ, തുറുങ്കൽ ഭിത്തി തുരന്ന് മരണത്തിന് ഇങ്ങോട്ട് വരാൻ കഴിയുന്നില്ല. വേദന അല്പാല്പമായി എന്നെ കൊന്നു തീർത്തിരുന്നെങ്കിൽ. നോക്കൂ, എന്റെ കണ്ണീരുകൂടി കലര്‍ന്നതാണ് യമുനയിലെ ഓളങ്ങള്‍’’. പനിനീര്‍പ്പൂവിന്റെ ഇതളുകളില്‍ പറ്റിച്ചേര്‍ന്ന ഹിമകണംപോലെ അവള് എന്നെ നോക്കി ചിരിച്ചു. ആ ചിരി തീനാളത്തിന്റെ ചൂടായി എനിക്കനുഭവപ്പെട്ടു. അവളെ എനിക്ക് ഹൃദയത്തിലേക്ക് ചേര്‍ത്തുപിടിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, മഞ്ഞില്‍ കുതിര്‍ന്ന നക്ഷത്രംപോലെ അവള് മേഘങ്ങള്ക്കിടയിലെങ്ങോ ഒളിഞ്ഞുനില്ക്കുകയായിരുന്നു.
ജഹനാരയിലേക്കുള്ള വഴികള്‍ നിശ്ശൂന്യജാതകംപോലെ അജ്ഞാതമാണ്. അവളുടെ കാല്പാടുകള് തിരയുക അസാധ്യം. ഏതോ നദീതീരത്ത് പിറവികൊണ്ട ദേവദാരു. ഋതുക്കള്‍ ഉപേക്ഷിച്ചുപോയ ഒരു മുളന്തണ്ട്. ശാരദോത്സവങ്ങളില് അവള് മുഗള്‍ ഉദ്യാനത്തിലെ പൂമൊട്ടുകള്‍ നനയ്ക്കുന്നതും കൃഷ്ണമണികളില്‍ നിലാവുതൊട്ടെഴുതുന്നതും ബുന്ദിയിലെ രജപുത്ര രാജാവായിരുന്ന ഛത്രസാലനില് ഒരോടക്കുഴലായി പാടുന്നതും ഞാന്‍ സങ്കല്പിച്ചു.
രണഭൂമിയില്‍നിന്ന് അസ്ഥികള്‍ മാത്രം പെറുക്കിക്കൂട്ടുന്ന ചരിത്രപുസ്തകങ്ങളിലൊന്നും പിന്നീടവളെ ഞാന്‍ കണ്ടിട്ടില്ല. ചരിത്രം അതെഴുതിയവന്റെ മാത്രം ഒസ്യത്താണ്. അതില്‍ ജഹനാരയില്ല. സന്ദര്‍ശകരില്ലാത്ത ശവകുടീരങ്ങൾ പെരുകിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, അവളുടെ സമാധിക്കുമേല്‍ പടര്‍ന്ന പുല്പ്പരപ്പുകളൊന്നില് ആ ക്ഷണഭംഗുരയെക്കുറിച്ചോര്ത്തു കരഞ്ഞ എന്റെകൂടി പ്രാണഞരമ്പുണ്ട്.