ക്ലിന്റ്: നിറങ്ങളുടെ കളിക്കൂട്ടുകാരൻ
Monday, February 27, 2017 2:32 AM IST
നിറങ്ങളും ചായങ്ങളും കൊണ്ടു നിറഞ്ഞ ആറു വർഷവും പത്തുമാസവും 26 ദിവസവും– ഇതായിരുന്നു എഡ്മണ്ട് തോമസ് ക്ലിൻറ് എന്ന വിസ്മയ ചിത്രകാരൻറെ ജീവിതം. കുഞ്ഞുവിരലിൽ വിരിഞ്ഞ വിസ്മയ ചിത്രങ്ങൾ ക്ലിൻറ് എന്ന മാന്ത്രികനെ ചരിത്രമാക്കി. വിരലുകൾ കൊണ്ട് അദ്ഭുതം തീർക്കാൻ ദൈവം ക്ലിൻറിനെ ഭൂമിയിലേക്കയച്ചു. മാലോകരെല്ലാം എന്നും ഓർത്തിരിക്കുന്ന 26,000 ചിത്രങ്ങൾക്ക് ക്ലിൻറ് ജീവൻ കൊടുത്തു.

എറണാകുളം കലൂർ ജഡ്ജസ് അവന്യുവിലെ ക്ലിൻറ് എന്ന വീട്ടിൽ അവൻറെ മാതാപിതാക്കളായ എം.ടി.ജോസഫും ചിന്നമ്മയും തങ്ങളുടെ കുഞ്ഞോമനയെക്കുറിച്ച് അറിഞ്ഞെത്തുന്നവർക്ക് ആതിഥ്യമരുളി കാത്തിരിക്കുന്നു. ക്ലിൻറ് നിറം നൽകിയ ചിത്രങ്ങളിലൂടെയുള്ള സഞ്ചാരത്തിലൂടെ അവൻറെ ഓർമകൾക്ക് നിറം നൽകുന്നു അവർ. പുസ്തകങ്ങളിലൂടെയും ഡോക്യൂമെൻററികളിലൂടെയും രേഖപ്പെടുത്തിയ ക്ലിൻറിൻറെ ജീവിതം സിനിമയാകാനും പോവുകയാണ്.

എഡ്മണ്ട് തോമസ് ക്ലിൻറ് എന്ന അദ്ഭുത ബാലൻ

1976 മേയ് 19 ന് ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയിലാണ് ക്ലിൻറ് എന്ന അദ്ഭുത ബാലൻ ജനിച്ചുവീണത്. ക്ലിൻറ് ഈസ്റ്റുവുഡിനോടുള്ള ജോസഫിന്റെ ആരാധന കൊണ്ട് എഡ്മണ്ട് തോമസിനെ അവർ ക്ലിൻറ് എന്നു വിളിച്ചു. പിച്ചവച്ചു തുടങ്ങും മുൻപേ കൈയിൽ കിട്ടിയ എന്തും അവനു പെയിൻറിംഗ് ബ്രഷുകളായി. നിലവും ചുമരുകളും അവനു കാൻവാസായി. ആറുമാസം പ്രായമായതു മുതൽ ക്ലിൻറ് തറയിലും ചുമരിലും വരയ്ക്കാൻ തുടങ്ങി. തറയിൽ കിടന്ന ചെറിയ കല്ലുകൊണ്ട് വൃത്തം വരച്ചു ക്ലിൻറ് തൻറെ കഴിവുകൾ പുറത്തുകാണിച്ചു. ഒരു അളവുകോലും ഇല്ലാതെ പൂർണമായി, കൃത്യമായി വൃത്തം വരച്ചത് അന്ന് എല്ലാവരെയും അന്പരപ്പിച്ചു. ഇതു മനസിലാക്കിയ അച്ഛനും അമ്മയും അവനു ചോക്കു കൊടുത്തു. പിന്നീട് ചിത്രങ്ങൾ ഓരോന്നായി വരച്ചു. ചായങ്ങളും കളർ പെൻസിലുകളുമായിരുന്നു അവന്റെ സന്തത സഹചാരികൾ. കാക്കയും കുയിലും മൂങ്ങയും മരപ്പട്ടിയും പാന്പും എലിയും പുലിയും അവന്റെ മുന്നിൽ കാണുന്നതും കഥകളിൽ കേൾക്കുന്നതും സ്വപ്നങ്ങളും എല്ലാം ചിത്രങ്ങളായി മാറി. കാറും ബൈക്കും വിമാനവും പുരാണകഥാപാത്രങ്ങളും പൂരവും തെയ്യവും ചിത്രങ്ങളായി.

കഥകളാണ് ക്ലിൻറിനെ വരയുടെ ലോകത്ത് വിരാജിക്കാൻ സഹായിച്ചത്. അച്ഛനും അമ്മയും കഥകളുമായി ക്ലിൻറിൻറെ ഭാവനാ ലോകത്തെ സന്പന്നമാക്കി. അവൻറെ ഓരോ സംശയത്തിനും അവർ ഉത്തരങ്ങൾ കണ്ടെത്തി. കഥകളിലൂടെ അവൻ കഥാപാത്രങ്ങളെ കണ്ടെത്തി. മകനു വായിച്ചുകൊടുക്കാൻ അച്ഛനും അമ്മയും പുസ്തകങ്ങൾ തേടി. അമ്മ വായിച്ചുകൊടുക്കുന്ന കഥകൾ അവൻ വീണ്ടും വായിച്ചു മനസിൽ ആവാഹിച്ചു. ചിത്രകഥകളിലൂടെ രാജാക്കൻമാരും പുരാണത്തിലെ കഥാപാത്രങ്ങളും ക്ലിൻറിനു സുപരിചിതരായി. പിന്നീട് ചിത്രങ്ങളായി വിരിഞ്ഞു. ഹനുമാൻറെ വിശ്വരൂപവും ബ്രഹ്മാവും രാവണനുമെല്ലാം ക്ലിൻറിൻറെ ഭാവനയിൽ വിരിഞ്ഞു. എവിടെയും നോക്കി വരയ്ക്കാറില്ലായിരുന്നു കുഞ്ഞു ക്ലിൻറ്. മനസിൽ നിറഞ്ഞു വരുന്ന ചിത്രം കടലാസിലേക്കു പകർത്തുന്നതായിരുന്നു ക്ലിൻറിൻറെ രീതി. ഹിന്ദു പുരാണങ്ങളും ബൈബിളും ഈസോപ്പുകഥകളും ക്ലിൻറിനു പ്രിയപ്പെട്ടവയായിരുന്നു.
ക്ലിൻറ് ലോകമെങ്ങും അറിയപ്പെടും എന്നൊന്നും അക്കാലത്ത് അവൻറെ അച്ഛനും അമ്മയും വിചാരിച്ചിരുന്നില്ല. എന്നാൽ അവൻറെ ചിത്രങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ അമ്മയോടു പറഞ്ഞു. ചിത്രങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന കാര്യത്തിൽ ക്ലിൻറിനു നിർബന്ധമുണ്ടായിരുന്നു. അമ്മയോടു ക്ലിൻറ് അക്കാര്യം ആവശ്യപ്പെട്ടിരുന്നു. കാർഡ് ബോർഡ് പെട്ടികളിൽ ക്ലിൻറിൻറെ ചിത്രങ്ങൾ നിറഞ്ഞു. ചായപ്പെൻസിലുകളും നിറക്കൂട്ടുകളും അവനായി അച്ഛൻ എത്തിച്ചു.

ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ

ആൾക്കൂട്ടത്തിൽ നിന്നുകൊണ്ട് എങ്ങനെയാ ദൈവത്തോടു സംസാരിക്കുക ഏഴു വയസുകാരൻ ക്ലിൻറിന്റെ ചില സംശയങ്ങളിൽ ഒന്നു മാത്രമായിരുന്നു ഇത്. ചുറ്റും കാണുന്ന എന്തിനെയും സസൂക്ഷ്മം നിരീക്ഷിക്കാനും അതിനെക്കുറിച്ചുള്ള സംശയങ്ങൾ ചോദിച്ചു മനസിലാക്കി അവ ചിത്രങ്ങളാക്കി മാറ്റാനും അസാമാന്യ കഴിവു പ്രകടിപ്പിച്ച കുട്ടിയായിരുന്നു ക്ലിൻറ്. ക്ലിൻറിനു എന്നും സംശയങ്ങളായിരുന്നു. അവൻറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതായിരുന്നു അവൻറെ അച്ഛൻറെയും അമ്മയുടെയും പ്രധാനജോലി.

വേദന പകരുന്ന മുച്ചിലോട്ടു ഭഗവതി തെയ്യം

ഒരിക്കൽ ജോസഫിന്റെ കോഴിക്കോടുള്ള സുഹൃത്തിന്റെ വീട്ടിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയ സമയം. കോഴിക്കോടു നിന്നു കൊയിലാണ്ടിയിലേക്ക് ബസിൽ യാത്ര ചെയ്യമ്പോൾ വഴിയിൽ ബസ് കുറച്ചു നേരം പിടിച്ചിട്ടു. മുച്ചിലോട്ട് ഭഗവതിയുടെ തെയ്യം നടക്കുന്ന തിരക്കുകൊണ്ടായിരുന്നു ബസ് പിടിച്ചിട്ടത്. ഉടൻ തന്നെ ബസ് കടന്നുപോയി. പിന്നീട് രണ്ടു മാസങ്ങൾക്കു ശേഷം ക്ലിൻറ് മുച്ചിലോട്ടു ഭഗവതി തെയ്യത്തിൻറെ മനോഹരചിത്രം വരച്ചു. നിറങ്ങളുടെ സമന്വയവും പൂർണതയും ആറുവയസുകാരനിൽ നിന്ന് പ്രതീക്ഷിക്കുന്നതിലും വലുതായിരുന്നു.

പിന്നീട് ക്ലിൻറിന്റെ മരണത്തിനുശേഷം കനകക്കുന്നിൽ ക്ലിൻറ് ചിത്രങ്ങളുടെ ഒരു പ്രദർശനം നടത്തി. സംവിധായകൻ രാജീവ് കുമാറും ആ പ്രദർശനത്തിൻറെ സംഘാടകരിൽ ഒരാളായിരുന്നു. തെയ്യത്തിൻറെ ചിത്രം കണ്ട രാജീവ്കുമാർ ചിത്രത്തിലുള്ളത് എന്തു തെയ്യമാണെന്നു അറിയാൻ തീരുമാനിച്ചു. അന്ന് അവിടെ തന്നെ ഓണാഘോഷത്തിൻറെ ഭാഗമായി എത്തിയ തെയ്യം കലാകാരൻമാരെ ഇവിടെ എത്തിച്ചു. കുറേനേം ചിത്രം നോക്കിനിന്നശേഷം അയാൾ മടങ്ങി. കുറച്ചു സമയത്തിനുശേഷം അയാൾ ഒരു മുതിർന്ന കലാകാരനുമായി തിരിച്ചെത്തി. കുറച്ചു നേരം ആ ചിത്രം നോക്കി നിന്നശേഷം ഈ ചിത്രം വരച്ചയാളെ കാണാൻ സാധിക്കുമോ എന്ന് അയാൾ ചോദിച്ചു. ഇല്ല എന്നറിയിച്ചപ്പോൾ ചിത്രം വരച്ചയാൾ ജീവിച്ചിരിപ്പുണ്ടോ എന്നായി ചോദ്യം. അങ്ങനെ ചോദിക്കാനുള്ള കാരണവും അയാൾ തന്നെ പറഞ്ഞു. മുച്ചിലോട്ടു ഭഗവതിയുടെ തെയ്യം കെട്ടുന്പോൾ എന്തെങ്കിലും ഒരു കാര്യം അപൂർണമാക്കിയിട്ടേ അതു ചെയ്യു. ഭഗവതിയുടെ വേഷം പൂർണതയോടെ കെട്ടിയാൽ അതു ചെയ്യുന്നയാൾക്ക് മരണം സംഭവിക്കുമെന്നും അയാൾ പറഞ്ഞു. ക്ലിൻറ്് വരച്ച ചിത്രം പൂർണമായിരുന്നെന്നും അതുകൊണ്ടാണ് വരച്ചയാൾ ജീവിച്ചിരിപ്പുണ്ടോ എന്നു ചോദിച്ചതെന്നും അയാൾ പറഞ്ഞു. ഏതാനും നിമിഷങ്ങൾ മാത്രം മുന്നിൽ വന്ന ഒരു ദൃശ്യത്തെ പൂർണതയോടെ ക്ലിൻറിനു വരയ്ക്കാൻ സാധിച്ചതിനു പിന്നിൽ പ്രവർത്തിച്ച ശക്‌തി എന്താണെന്നു കണ്ടെത്താൻ ഇന്നും ക്ലിൻറിൻറെ മാതാപിതാക്കൾക്ക് കഴിഞ്ഞിട്ടില്ല. ഇതിൽ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഈ ചിത്രത്തെക്കുറിച്ച് ഓർക്കുന്പോൾ ക്ലിൻറിൻറെ മാതാപിതാക്കൾക്കു മനസു വിങ്ങും.


ജീവിതം മാറ്റിമറിച്ച പനി

രണ്ടാം വയസിൽ ചെറിയ പനി വന്നതായിരുന്നു ക്ലിൻറിന്റെ ആരോഗ്യം തകർത്ത സംഭവം. ഡോക്ടർമാർ പനിക്കായി നൽകിയ മരുന്നുകൾ ക്ലിൻറിൻറെ വൃക്കകളെ ബാധിച്ചുവെന്നാണ് അവൻറെ അച്ഛനുമമ്മയും വിശ്വസിക്കുന്നത്. അസുഖം ക്ലിൻറിൻറെ യാത്രകൾക്കു പരിമിതികൾ തീർത്തെങ്കിലും ചിത്രരചനയ്ക്ക് ഒരുവിധത്തിലും തടസമായില്ല. അവൻ വരച്ചു കൊണ്ടേയിരുന്നു. അവൻറെ സ്വപ്നങ്ങളും കാഴ്ചകളും ചിത്രങ്ങളായി മാറി. എട്ടുമണിക്കൂർ വരെ ക്ലിൻറ് ചിത്രരചനയിൽ ഏർപ്പെട്ടിരുന്നു.

13 ഓളം ചിത്രരചനാ മത്സരങ്ങളിൽ ക്ലിൻറ് സമ്മാനങ്ങൾ നേടിയിരുന്നു. തേവര സെൻറ് തോമസ് സ്കൂളിലെ തിളങ്ങും താരമായിരുന്നു അവൻ. ഏഴു വയസുകഴിഞ്ഞാൽ രോഗത്തെ പേടിക്കേണ്ടതില്ലെന്ന് അവനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞിരുന്നു. എന്നാൽ ഏഴാം പിറന്നാളിനു കാത്തുനിൽക്കാതെ ക്ലിൻറ് ഭൂമിയിലെ കാൻവാസിൽ നിന്നു മറഞ്ഞു. 1983 ഏപ്രിൽ 15 ആയിരുന്നു അന്ന്.

ക്ലിൻറിനെക്കുറിച്ച് നിർമിച്ച ഡോക്യുമെൻററി ലോകമെങ്ങും പ്രദർശിപ്പിച്ചു. ഒട്ടേറെ ബഹുമതികളും ഇതിനു ലഭിച്ചു. ഈ ഡോക്യുമെൻററി കണ്ട വിഖ്യാത ചലച്ചിത്രകാരൻ ക്ലിൻറ് ഈസ്റ്റുവുഡ് ക്ലിൻറിൻറെ മാതാപിതാക്കൾക്ക് എഴുതി. തൻറെ ഒരു ചിത്രത്തിൽ കൈയൊപ്പിട്ടാണ് അദ്ദേഹം ജോസഫിന് അയച്ചുകൊടുത്തത്. അതിൽ ഇങ്ങനെ കുറിച്ചിരുന്നു ‘‘എൻറെ പേരുള്ള നിങ്ങളുടെ മകൻറെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ’’. പിന്നീട് ഒരു തവണകൂടി അദ്ദേഹം കത്തെഴുതി.

ക്ലിൻറിനെക്കുറിച്ചറിഞ്ഞ് അവന്റെ ചിത്രങ്ങൾ കാണാനും അവനെ ഭാവനയുടെ ലോകത്തേക്ക് കഥകളിലൂടെയും മറ്റും വഴിനടത്തിയ അവൻറെ അച്ഛനെയും അമ്മയെയും കാണാനും ഇന്നും ആളുകൾ എത്തുന്നു. അവരെ സ്നേഹത്തോടെ സ്വീകരിച്ചും അവർക്കായി ചിത്രങ്ങൾ കാണിച്ചും ജോസഫും ചിന്നമ്മയും അവന്റെ ഓർമയിൽ ജീവിക്കുന്നു.

ക്ലിൻറ് സിനിമയാകുന്നു

ക്ലിൻറിൻറെ ജീവിതം സിനിമയാകുകയാണ്. ഹരികുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആലപ്പുഴയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൽ ക്ലിൻറിനെ അവതരിപ്പിക്കുന്നത് തൃശൂർ സ്വദേശിയായ മാസ്റ്റർ അലോക് ആണ്. ക്ലിൻറിൻറെ അച്ഛനും അമ്മയുമായി ഉണ്ണി മുകുന്ദനും, റിമ കല്ലിങ്കലും അഭിനയിക്കുന്നു. കെപിഎസി ലളിത, ജോയ് മാത്യു, വിനയ് ഫോർട്ട് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. കൂടാതെ ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ടു ജീവചരിത്രങ്ങൾ ക്ലിൻറിനെക്കുറിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. ക്ലിൻറിൻറെ കളിക്കൂട്ടുകാരിയായ അമ്മു നായർ എഴുതിയ ‘ക്ലിൻറ് എ ബ്രീഫ് അവർ ഓഫ് ബ്യൂട്ടി’ യും സെബാസ്റ്റ്യൻ പള്ളിത്തോട് എഴുതിയ നിറങ്ങളുടെ രാജകുമാരൻ എന്ന പുസ്തകവും. അകാലത്തിൽ പൊലിഞ്ഞ ഈ കൊച്ചു പ്രതിഭയുടെ സ്മരണയിൽ കേരള ടൂറിസം വകുപ്പ് കുട്ടികൾക്കായി ആഗോളതലത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. 58 രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു.

സംസ്‌ഥാന ടൂറിസം വകുപ്പിൻറെ നേതൃത്വത്തിൽ ക്ലിൻറിൻറെ ചിത്രങ്ങൾ പതിച്ച ടീ–ഷർട്ടുകൾ, കപ്പുകൾ, ലെറ്റർപാഡുകൾ എന്നിവ വിപണിയിൽ ലഭിക്കും. എറണാകുളം ബോട്ടുജെട്ടിക്കു പരിസരത്തെ ടൂറിസം വകുപ്പിൻറെ ഇൻഫമേഷൻ സെൻററിൻറെ സമീപത്തു പ്രവർത്തിക്കുന്ന സ്‌ഥാപനത്തിൽ നിന്ന് ഇതു വാങ്ങാനാകും. തങ്ങളുടെ കാലശേഷം കലൂരിലെ വീട് മ്യൂസിയമാക്കി മാറ്റാനാണ് ഇവരുടെ പദ്ധതി.

അരുൺ സെബാസ്റ്റ്യൻ