രണ്ടു ലക്ഷം രൂപയ്ക്ക് കാഷ് ഇടപാടു നടത്തിയാൽ പിഴശിക്ഷ ഉറപ്പ്
രണ്ടു ലക്ഷം രൂപയ്ക്ക് കാഷ് ഇടപാടു  നടത്തിയാൽ പിഴശിക്ഷ  ഉറപ്പ്
Monday, April 30, 2018 2:16 PM IST
2017-ലെ ബജറ്റിൽ പണം ഇടപാടുകൾ കാഷ് ആയി നടത്തുന്നതിനു നിയന്ത്രണം കൊണ്ടുവന്നു. അതനുസരിച്ച് രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള തുക കാഷ് ആയി ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്‍റെയോ പക്കൽനിന്ന് ഒരേ ദിവസം ഒറ്റ ഇടപാടിനായോ അല്ലെങ്കിൽ ഒരു പ്രത്യേക കാര്യത്തിനായോ കൈപ്പറ്റാൻ പാടില്ല. ബജറ്റിൽ ആദ്യം മൂന്നു ലക്ഷം രൂപയാണു സൂചിപ്പിച്ചിരുന്നതെങ്കിലും പിന്നീട് അത് രണ്ടു ലക്ഷം രൂപയിലേക്കു കുറച്ചു.

ആദായനികുതി നിയമത്തിൽ പുതിയതായി 269 എസ്ടി എന്നൊരു വകുപ്പ് കൂട്ടിച്ചേർത്ത് 2017 ഏപ്രിൽ ഒന്നു മുതൽ ഇത് പ്രാബല്യത്തിലായി. അതനുസരിച്ചു പ്രസ്തുത തീയതിക്കുശേഷം ആരെങ്കിലും രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ ഏതെങ്കിലുമൊരു കാര്യത്തിനായി കാഷ് ആയി കൈപ്പറ്റിയാൽ തത്തുല്യമായ തുക 271 ഡിഎ വകുപ്പനുസരിച്ച് പിഴയായി ചുമത്തുന്നതാണ്.
ഉദാഹരണത്തിന്, ഒരു വ്യക്തി വിലകൂടിയ ഒരു വാച്ച് അഞ്ചു ലക്ഷം രൂപയ്ക്കു വാങ്ങി മുഴുവൻ തുകയും കാഷ് ആയി കടയിൽ നല്കി. ആ പണം സ്വീകരിച്ച കടയുടമ അഞ്ചു ലക്ഷം രൂപയും പിഴയായി ഒടുക്കേണ്ടതായി വരും. ഇനി ഇദ്ദേഹം ഓരോ ലക്ഷം രൂപ അഞ്ചു തവണയായി അന്നു തന്നെ നല്കി എന്ന് വിചാരിക്കാം. അങ്ങനെ ചെയ്താലും കടയുടമ പിഴ ഒടുക്കേണ്ടി വരും.
വാച്ച് വാങ്ങിയ വ്യക്തി 1.5 ലക്ഷം രൂപ വീതം കാഷ് ആയി മൂന്നു ദിവസങ്ങളിൽ നൽകുകയും ബാക്കി വന്ന 50,000 രൂപ നാലാം ദിവസം നൽകി എന്നും കരുതുക. അങ്ങനെ ചെയ്താലും പ്രസ്തുത ഇടപാടുകൾ ഒരു പ്രത്യേക കാര്യത്തിനു വേണ്ടി മാത്രമാകയാൽ നിയമവിരുദ്ധമായി കണക്കാക്കപ്പെടുകയും മുഴുവൻ തുകയും പിഴയായി വസൂൽ ചെയ്യപ്പെടുകയും ചെയ്യും.

ഒഴിവുകൾ
എന്നാൽ, പ്രസ്തുത നിയമത്തിൽനിന്നു ചുവടെ പറയുന്നവരെ ഒഴിവാക്കിയിട്ടുണ്ട്.
1) ഗവണ്‍മെന്‍റ്
2) ബാങ്കിംഗ് കന്പനി
3) പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക്
4) കോഓപ്പറേറ്റീവ് ബാങ്കുകൾ
5) ആദായ നികുതി നിയമം 269 എസ്എസിന്‍റെ പരിധിയിൽ വരുന്ന ഇടപാടുകൾ.

അതായത്, മുകളിൽ സൂചിപ്പിച്ച സ്ഥാപനങ്ങൾ ഒഴികെയുള്ള ഒരു പ്രസ്ഥാനവുമായോ സ്ഥാപനവുമായോ 2017 ഏപ്രിൽ ഒന്നിനുശേഷം രണ്ടു ലക്ഷം രൂപയോ അതിനു മുകളിലോ ഉള്ള തുക വരുന്ന ഒരു ഇടപാടും കാഷ് ആയി സെറ്റിൽ ചെയ്യാൻ പാടില്ല.

പിഴ അടയ്ക്കേണ്ടി വരുന്നത് പണം സ്വീകരിക്കുന്ന വ്യക്തി അല്ലെങ്കിൽ സ്ഥാപനമാണ്. പണം നല്കുന്ന ആൾക്ക് പിഴ വരുന്നില്ല. ഇവിടെ നികുതിക്ക് വിധേയമായ പണമാണ് അല്ലെങ്കിൽ കൃഷിയിൽനിന്നുള്ള കാർഷികവരുമാനമാണ് എന്നുള്ള യാതൊരുവിധ പരിഗണനയും പിഴ ഈടാക്കുന്നതിൽനിന്നു പിന്തിരിപ്പിക്കുന്നില്ല.

മൂന്നു തരം ഇടപാടുകൾ
269 എസ്ടി വകുപ്പ് മൂന്നു വിധത്തിലുളള പണമിടപാടിനെപ്പറ്റിയാണ് വിവരിക്കുന്നത്.

1. ഒരേ ദിവസം 2 ലക്ഷം രൂപയ്ക്കു മുകളിലുള്ള കാഷ് ഇടപാട്
ഒരേ ദിവസം തന്നെ ഒരു വ്യക്തിയോ സ്ഥാപനമോ ഒരു വ്യക്തിയുടെ/സ്ഥാപനത്തിന്‍റെ പക്കൽനിന്നു രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ കാഷ് ആയി സ്വീകരിക്കുന്നതിനാണ് വിലക്കുള്ളത്. ഇത് ഉദാഹരണ സഹിതം വ്യക്തമാക്കാം. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് ഒന്നാം തീയതി 1.5 ലക്ഷം രൂപ വിലയുള്ള സാധനങ്ങൾ വിറ്റു. അതേ ഇടപാടുകാർ രണ്ടാം തീയതി ഒരു ലക്ഷം രൂപയുടെ വില്പനകൂടി നടത്തി. രണ്ടാം തീയതിയിലെ ഇടപാട് കഴിഞ്ഞപ്പോൾ പ്രസ്തുത വ്യക്തി ആദ്യത്തെ ആൾക്ക് രണ്ടര ലക്ഷം രൂപ കൊടുക്കാനുണ്ട്. ഇവിടെ രണ്ടു ലക്ഷം രൂപയിൽ കൂടുതൽ കാഷ് ആയി നല്കാൻ പാടില്ല. രണ്ടു ദിവസത്തെ ഇടപാടാണ് എന്നതിന് ഇവിടെ യാതൊരു പ്രസക്തിയും ഇല്ല.
2. ഇടപാടിന്‍റെ വലുപ്പം
രണ്ടു ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള ഒറ്റ ഇടപാട് നടത്തിയാലും അതിന്‍റെ പണം രണ്ടു ലക്ഷത്തിൽ താഴെ മാത്രമേ കാഷ് ആയി സ്വീകരിക്കാൻ സാധിക്കുകയുള്ളൂ. ബാക്കി പണം അക്കൗണ്ട് പേയി ചെക്കായോ ഡ്രാഫ്റ്റായോ ഇലക്ട്രോണിക് മാർഗത്തിലൂടെ ബാങ്കിൽകൂടിയോ മാത്രമേ കൈമാറാൻ പാടുള്ളൂ. ഇവിടെ തുക ചെറിയ സംഖ്യകളായി പല ദിവസങ്ങളിലായി നൽകാൻ പാടില്ല.

ഉദാഹരണമായി ആശുപത്രിയിലെ രോഗിയുടെ ഓപ്പറേഷൻ ചെലവ് നാലു ലക്ഷം രൂപ ആയെന്നിരിക്കട്ടെ, ആശുപത്രി അധികൃതർക്ക് ഈ നാലു ലക്ഷം രൂപയും കാഷ് ആയി വാങ്ങിക്കാൻ സാധിക്കില്ല. രണ്ടു ലക്ഷം രൂപയിൽ കുറഞ്ഞ തുക കാഷ് ആയും ബാക്കിയുള്ളത് ചെക്കുമാർഗത്തിലൂടെയോ ഡ്രാഫ്റ്റ് മുഖാന്തിരമോ ഇലക്ട്രോണിക് മാർഗത്തിലൂടെ ബാങ്കിൽ കൂടിയോ മാത്രമേ കൈമാറ്റം നടത്താൻ സാധിക്കുകയുള്ളൂ.
3. പ്രത്യേക ഇടപാട്
ഒരു പ്രത്യേക ഇടപാടിന് അല്ലെങ്കിൽ പ്രത്യേക സംഭവത്തിനുവേണ്ടി ഒരു വ്യക്തിയുടെ പക്കൽനിന്നു രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ കാഷ് ആയി സ്വീകരിക്കാൻ സാധിക്കില്ല എന്നതാണ്. ഉദാഹരണം പറഞ്ഞാൽ, ഒരു വിവാഹ ആഘോഷത്തിനുവേണ്ടി ഇവന്‍റ്മാനേജ്മെൻറ് കന്പനിയെ അഞ്ചു ലക്ഷം രൂപ കരാർതുക ഉറപ്പിച്ച് ഏൽപിക്കുന്നു. ഇവിടെ പ്രസ്തുത കന്പനിക്ക് ഇതിന്‍റെ പ്രതിഫലത്തിലേക്ക് രണ്ടു ലക്ഷം രൂപയിൽ താഴെ മാത്രമേ കാഷ് ആയി സ്വീകരിക്കാൻ സാധിക്കൂ. ബാക്കിയുള്ള തുക ചെക്ക് / ഡ്രാഫ്റ്റ്/ ഇലക്ട്രോണിക് മാർഗത്തിലൂടെ മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ.

സമ്മാനമായാലും പിഴ

മറ്റൊരു ഉദാഹരണം: ഒരു വിവാഹ ആഘോഷത്തിൽ പങ്കെടുത്ത 500 പേർ വരന് 1000 രൂപ വീതം സമ്മാനമായി നല്കുന്നു. ഇവിടെ ആകെ തുക അഞ്ചു ലക്ഷം രൂപ വരുമെങ്കിലും ഒരു വ്യക്തിയുടെ മാത്രം പക്കൽ നിന്നല്ലാത്തതിനാൽ ഈ നിയമം ബാധകമാകുമോ രണ്ടാമത്തെ ക്ലോസ് അനുസരിച്ച് നിയമലംഘനം ആകും എന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. വിവാഹം എന്നു പറയുന്നത് ഒരു പ്രത്യേക സംഭവമായി കണക്കാക്കണം എന്നാണ് സൂചന.

ആദായനികുതി നിയമം 269 എസ്ടി വകുപ്പ് ലംഘിച്ചാൽ സ്വീകരിക്കുന്ന തുകയ്ക്കു തുല്യമായ തുക പിഴ അടയ്ക്കേണ്ടതായി വരും. നികുതി നിയമത്തിലെ 271 ഡിഎ വകുപ്പനുസരിച്ചാണിത്. എന്നാൽ, പണം സ്വീകരിച്ച വ്യക്തിക്ക് അതിനു തക്കതായ കാരണം ബോധിപ്പിക്കാൻ സാധിച്ചാൽ പിഴ ഈടാക്കുന്നതല്ല. പിഴ ഈടാക്കുന്നത് ജോയിന്‍റ് കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്.

കൃഷിക്കാർക്ക് ഇളവില്ല

സാധാരണഗതിയിൽ കൃഷിക്കാർക്ക് അവരുടെ കാർഷികവിളകൾ വിൽക്കുന്പോൾ പണം കാഷ് ആയി വാങ്ങാൻ സാധിക്കും എന്നായിരുന്നു പൊതുവെയുള്ള അനുമാനം. എന്നാൽ, കൃഷിക്കാർക്കു മാത്രമായി യാതൊരു വിധത്തിലുള്ള ആനുകൂല്യവും പ്രസ്തുത നിയമത്തിൽ സൂചിപ്പിച്ചിട്ടില്ല. അതിനാൽ കാർഷികവിളകളുടെ വില്പനസമയത്തുപോലും വില്പനവില രണ്ടു ലക്ഷം രൂപയോ അതിനു മുകളിലോ ആണെങ്കിൽ കാഷ് ആയി സ്വീകരിക്കാൻ പാടില്ല.

ബാങ്കിൽനിന്നു പിൻവലിക്കാം

എന്നാൽ, ബാങ്കിൽനിന്നു രണ്ടു ലക്ഷം രൂപയിൽ കൂടുതൽ പണം കാഷ് ആയി പിൻവലിച്ചാലും 269 എസ്ടി ബാധകമാവില്ല. ഈ ഭേദഗതി 2017 ഏപ്രിൽ അഞ്ചിന് പ്രാബല്യത്തിൽ വന്നു. പങ്കുവ്യാപാര സ്ഥാപനങ്ങളിൽ ഉടമസ്ഥർക്ക് (പാർട്ണർമാർക്ക്) പോലും സ്വന്തം സ്ഥാപനത്തിലേക്ക് രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള പണം കാഷ് ആയി നൽകാനും സ്വന്തം പണം സ്ഥാപനത്തിൽനിന്നു പ്രസ്തുത തുകയ്ക്ക് മുകളിലെങ്കിൽ പിൻവലിക്കാനും സാധിക്കില്ല!

അതുപോലെതന്നെ ബെയറർ ചെക്കുകളും സെൽഫ് ചെക്കുകളും കാഷ് ചെക്കുകളും മറ്റും കാഷിനു തുല്യമായി മാത്രമേ പരിഗണിക്കുകയുള്ളൂ. പ്രസ്തുത രീതിയിൽ സെറ്റിൽ ചെയ്യുന്ന ഇടപാടുകൾ രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ പിഴയ്ക്ക് അർഹമാണ്. പിഴ ഈടാക്കുന്നതിന് നികുതിദായകർ അല്ലെന്നുള്ളതോ പാൻ ഇല്ലെന്നുള്ളതോ തടസമാകില്ല. ബിസിനസ് ചെലവുകൾ എന്നോ വ്യക്തിപരമായ ചെലവുകൾ എന്നോ വ്യത്യാസം ഇവിടെയില്ല.

ബേബി ജോസഫ്,
ചാർട്ടേഡ് അക്കൗണ്ടന്‍റ്