ധീരജ് ഗൂപ്ത: പിസയോടു മത്സരിച്ച് നേടിയ വിജയം
ധീരജ് ഗൂപ്ത: പിസയോടു  മത്സരിച്ച് നേടിയ വിജയം
Monday, August 7, 2017 2:57 AM IST
പൂനയിലെ സിംബിയോസിസിൽ എംബിഎയ്ക്കു പഠിക്കുന്പോൾ കൂടെപ്പഠിച്ചിരുന്ന റീത്തയായിരുന്നു ധീരജ് ഗുപ്തയുടെ പ്രിയപ്പെട്ട കൂട്ടുകാരി.

റീത്ത പാലക്കാട്ടുകാരിയാണ്. സഹപാഠിയെന്ന നിലയിൽ വെറും സൗഹൃദം മാത്രമായിരുന്നു അവരുടെ ബന്ധം തുടക്കത്തിൽ. അത്ര സുമുഖനല്ലെങ്കിലും ആ യുവാവിന്‍റെ കണ്ണുകളിൽ പ്രത്യേകമായ ഒരു പാഷൻ റീത്ത തുടക്കം മുതൽക്കെ ശ്രദ്ധിച്ചിരുന്നു. വിജയിക്കണമെന്നുള്ള അടങ്ങാത്ത വാശി എപ്പോഴുമുണ്ട് വാക്കുകളിൽ. എന്തോ, അതാണ് റീത്തയെ ധീരജിലേക്ക് അടുപ്പിച്ചത്.

വലിയ സ്വപ്നത്തിനു പിന്നാലെ

ഒരു ദിവസം ധീരജ് റീത്തയോടു തന്‍റെ ഏറ്റവും വലിയ സ്വപ്നത്തെക്കുറിച്ച് പറഞ്ഞു. എംബിഎ കഴിഞ്ഞ് ഒരു സ്ഥാപനത്തിലും ജോലിക്കു പോകുന്നില്ല. പകരം സ്വന്തമായൊരു ബിസിനസ് തുടങ്ങും. മക്ഡൊണാൾഡ്സ് പോലെ, അല്ലെങ്കിൽ ഡോമിനോസ് പിസ പോലെ ഭക്ഷണസാധനങ്ങൾ നിർമിക്കുന്ന ബിസിനസ്. ഒന്നല്ല, ചെയിൻ ഓഫ് ബിസിനസസ്. ഇന്ത്യയൊട്ടാകെ.

കേട്ടപ്പോൾ റീത്ത ആദ്യം ചിരിച്ചു തള്ളിയതേയുള്ളു. പക്ഷേ, ക്രമേണ സൗഹൃദത്തിന് മറ്റൊരു രൂപം കൈവന്നു. പറയുന്നതിലും കേൾക്കുന്നതിലും പ്രത്യേക സുഖം. ഇരുവർക്കും അന്യോന്യം കൂടുതൽ കൂടുതൽ മനസിലാകുമെന്ന അവസ്ഥ.

ധീരജ് ഒടുവിൽ റീത്തയെ വിവാഹം കഴിച്ചു. ചെറിയ എതിർപ്പുകളൊക്കെ ഇരു വീട്ടുകാരിലും ഉണ്ടായിരുന്നുവെങ്കിലും പിന്നെ എല്ലാവരും സഹകരിച്ചു.

പഠിച്ചുകൊണ്ടിരുന്ന കാലത്ത് ധീരജ് പറഞ്ഞതൊക്കെ വെറും മോഹങ്ങളായിരുന്നില്ലെന്ന് റീത്ത ഇപ്പോൾ പറയും. കാരണം, തന്‍റെ മനസിലെ അഗ്നി ആ ചെറുപ്പക്കാരൻ വലിയൊരു ദീപമായി പടർത്തി ക്കഴിഞ്ഞു. ഉത്തരേന്ത്യക്കാരുടെ പ്രിയപ്പെട്ട ലഘുഭക്ഷണങ്ങളിലൊന്നായ വട പാവിന്‍റെ ഇൻഡ്യയിലെ ഏറ്റവും വലിയ ബ്രാൻഡായ ജംബോ കിംഗ് ധീരജിന്‍റെ സ്വപ്നസാക്ഷാത്ക്കാരമാണ്.

പൊളിഞ്ഞ ബിസിനസ് എന്ന പാഠം

ഹോട്ടൽ മാനേജ്മെന്‍റിലാണ് ധീരജ് എംബിഎ നേടിയത്. പഠനം കഴിഞ്ഞ്. സ്വപ്നം കണ്ടു നടന്നതുപോലെ, മധുരപലഹാരങ്ങൾ നിർമിച്ച് വിൽക്കുന്ന കന്പനി തുടങ്ങി. ഫാക്ടറി നിർമാക്കാൻ സ്ഥലമെടുത്തു. യന്ത്രോപകരണങ്ങൾ വാങ്ങി. എട്ടു പത്തു പേരെ ജോലിക്കും വച്ചു. പക്ഷേ രണ്ടു വർഷം കൊണ്ട് നഷ്ടം 50 ലക്ഷം.

ബിസിനസ് മാനേജ്മെന്‍റ് പഠിച്ചതുകൊണ്ട് മാത്രം വലിയ കാര്യമില്ലെന്ന് ധീരജിന് തോന്നി. ചുറ്റുപാടും നിരീക്ഷിക്കുക. അതുതന്നെയാണ് ഒരു നല്ല ബിസിനസ്കാരന്‍റെ സംരംഭകത്വസാമർത്ഥ്യം. ധീരജ് മക്ഡോണാൾഡ്സ്, ഡോമിനോസ് പിസ മുതലായ സ്ഥാപനങ്ങളുടെ പ്രവർത്തനരീതി വിമർശനബുദ്ധിയോടെ നിരീക്ഷിച്ചു. എത്ര പെട്ടെന്നാണ് അവർ ഇന്ത്യൻ മാർക്കറ്റ് പിടിച്ചെടുത്തത്?

ഇന്ത്യയിൽ നന്നായി ചെലവാകുന്ന ഒരു ഭക്ഷണവസ്തു കൊണ്ടേ കാര്യമുള്ളു എന്നു മനസിലായി. പിന്നെ എല്ലാവർക്കും പ്രിയങ്കരമായതേതെന്ന് അന്വേഷണമായി. അങ്ങനെയാണെങ്കിൽ ഉത്തരേന്ത്യക്കാർക്ക്, പ്രത്യേകിച്ച് മഹാരാഷ്ട്രക്കാർക്ക് പ്രിയപ്പെട്ട വടപാവ് നിർമിച്ചാലോ? നമ്മുടെ ഉരുളക്കിങ്ങ് ബോണ്ട പോലുള്ള ഒന്ന് ചെറിയ ബ്രഡിനുള്ളിൽ വച്ചാണ് വട പാവ് നിർമിക്കുന്നത്. പക്ഷേ അതിനെ ഒരു വലിയ ബിസിനസ് സംരംഭമാക്കി വളർത്താൻ തക്ക സ്കോപ്പുണ്ടോ? ധീരജ് ആലോചിച്ചു.
ഉവ്വ്. മുംബൈയിലും മറ്റും ധാരാളം തെരുവു കച്ചവടക്കാർ വട പാവ് നന്നായി കച്ചവടം ചെയ്ത് ജീവിക്കുന്നുണ്ട്. അങ്ങനെയാണെങ്കിൽ മക് ഡൊണാൾഡ്സിന്‍റെ മാതൃകയിൽ നല്ല രീതിയിൽ പശ്ചാത്തലമൊരുക്കി വടപാവ് നിർമിച്ചാലോ?

ജംബോ കിംഗ് ജനിക്കുന്നു

ധീരജ് ആശയം ഭാര്യയും മറ്റു കുടുംബാംഗങ്ങളുമായി ചർച്ച ചെയ്തു. ഒരു ബിസിനസിൽ കൈവച്ച് കൈപൊള്ളിയ അനുഭവം മറക്കാനാണ് നല്ല കൂട്ടുകാരൊക്കെ ഉപദേശിച്ചത്. തോറ്റു പിന്മാറുന്നവർക്ക് ബിസിനസ് ഇണങ്ങില്ല എന്ന പ്രാഥമികപാഠം എല്ലാവരും ഓർമിപ്പിച്ചു. എല്ലാവരുടെയും പ്രചോദനം കൂടിയായപ്പോൾ ീരജ് രണ്ടു കൽപിച്ച് ബിസിനസിനിറങ്ങി.

വീട്ടുകാരിൽ നിന്നും കുട്ടൂകാരിൽ നിന്നുമൊക്കെയായി രണ്ടു ലക്ഷം രൂപ കടം വാങ്ങി. വടക്കൻ മുംബൈയിലെ മലാഡ് റെയിൽവേസ്റ്റേഷനു സമീപം ഒരു ചെറിയ മുറി കട വാടകയ്ക്കെടുത്തു.

2001 ഓഗസ്റ്റ് 23-ാം തീയതി ധീരജ് കട തുറന്നു. വടപാവിന് എന്തെങ്കിലും പുതുമ വേണമല്ലോ. വലിപ്പം അൽപം കൂട്ടി. വൃത്തിയാണ് പ്രഫഷണൽ കന്പനികളുടെ മേന്മയൈന്ന് മനസിലാക്കിയ ധീരജ് കടയിൽ വൃത്തിയുള്ള അന്തരീക്ഷം നിലനിർത്തി. കിച്ചണിൽ ജോലി ചയ്യുന്നവരൊക്കെ ഗ്ളൗസും കിച്ചൻ ക്യാപ്പും ധരിക്കണമെന്ന് നിഷ്കർഷിച്ചു. വലിയ വട പാവിന് ജംബോ കിംഗ് എന്നു പേരുമിട്ടു. പിസ നിർമിക്കുന്നവരും മറ്റും നൽകുന്നതുപോലെ വട പാവ് ഓർഡർ അനുസരിച്ച് ഹോം ഡെലിവറി നടത്തി.

ആദ്യദിവസത്തെ കച്ചവടം 5000 രൂപയായിരുന്നു. ആ തുടക്കത്തിൽ നിന്ന് ധീരജിന്‍റെ ബിസിനസ് മെല്ലെ മെല്ലെ വളരാൻ തുടങ്ങി. തികച്ചും പുതിയതായിരുന്നിട്ടും ആദ്യത്തെ വർഷം ഏതാണ്ട് 50 ലക്ഷത്തോളം രൂപയുടെ ബിസിനസ് നടത്താൻ ജംബോ കിംഗിനായി.

ജംബോ കിംഗ് വളരുന്നു

വട പാവിന്‍റെ പുതിയ രുചി ഉത്തരേന്ത്യൻ ഭക്ഷണപ്രിയർക്ക് സ്വീകാര്യമായി. 2003-ൽ ജംബോ കിംഗിന്‍റെ രണ്ടാമത്തെ ഒൗട്ടലെറ്റ് കാണ്ടിവിളിയിൽ തുറന്നു. 2005 ആയപ്പോഴേക്കും മുംബൈയിൽ മാത്രം 5 ഔട്ട് ലെറ്റുകളായി. 2006-ൽ ഗുജറാത്തിലെ സൂററ്റിൽ പുതിയൊരു ഒൗട്ട് ലെറ്റ് എന്ന ആവശ്യവുമായി ഫ്രാഞ്ചൈസിയെടുക്കാൻ ആളുകൾ വന്നു. അവസരം മുതലാക്കാത്തവന് ബിസിനസിൽ നിലനിൽപില്ലെന്ന തിരിച്ചറിവ് ധീരജിനെ മുന്നോട്ടു നയിച്ചു. 2009 ആയപ്പോഴേക്കും വടക്കേ ഇന്ത്യയിൽ ഏതാണ്ട് മുപ്പത്തെട്ടോളം ജംബോ കിംഗ്് ഒൗട്ട് ലെറ്റുകളായി.

ഫുഡ് ബിസിനസിന്‍റെ എല്ലാ രഹസ്യങ്ങളും ധീരജ് ഇതിനകം മനസിലാക്കിയിരുന്നു. അത്യാധുനിക രീതിയിലുള്ള കിച്ചണുകൾ, ശുചിത്വം, ഹോം െഡലിവറി, സമയനിഷ്ഠ, വിഭവത്തിന്‍റെ രുചിഭേദങ്ങൾ....... ഇങ്ങനെ എല്ലാത്തരം ഗുണഭോക്താക്കളെയും സംതൃപ്തരാക്കാനുള്ള കാര്യങ്ങളൊക്കെ ധീരജും നടപ്പാക്കി. ഫലം, ഇപ്പോൾ പ്രധാനപ്പെട്ട പന്ത്രണ്ട് പട്ടണങ്ങളിലായി 65 ഒൗട്ട് ലെറ്റുകളുണ്ട് ജംബോ കിംഗിന്. മുംബൈയിലും പൂനയിലും ആധുനിക കിച്ചണുകൾ, ലൂധിയാനയിൽ സ്വന്തമായ സോസ് പ്ളാന്‍റ്, ഓരോ ദേശത്തിനും പിടിക്കുന്ന രീതിയിൽ വട പാവിന്‍റെ വ്യത്യസ്തമായ രുചിഭേദങ്ങൾ .... എല്ലാത്തിനുമുപരിയായി അഞ്ചു കൊല്ലത്തിനകം 500 ഒൗട്ട് ലെറ്റുകൾ. ജംബോ കിംഗ് മക്ഡൊണാൾഡ്സിനെക്കാൾ വലിയ ഫുഡ് ചെയിനാകുമെന്നാണ് ധീരജ് പറയുന്നത്.

പ്രചോദനത്തിന്‍റെ ശക്തി

ലോകത്ത് തന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ച രണ്ടു പേർ സാം വാൾട്ടണും (വാൾ മാർട്ട് സ്ഥാപകൻ) റേ ക്രോക്കും (മക്ഡൊണാൾഡ്സ് സ്ഥാപകൻ) ആണെന്ന് ധീരജ് ഗുപ്ത പറയും. പിന്നെ സോണിയുടെ അകിയോ മോറിട്ടയും. അവരെയാണ് ധീരജ് മനസാ ഗുരുക്കന്മാരായി കാണുന്നത്. തോൽവികളെ വിജയത്തിന്‍റെ പാതയിലേക്കുള്ള
ദിശസൂചികളാക്കിയവരാണവർ.

ഏതു പരിശ്രമത്തിന്‍റെയും പാതയിൽ തോൽവികളുണ്ടാകും. പക്ഷേ അതിൽ മനസ് തളർന്ന് പലായനം ചെയ്യുന്നവർക്ക് ബിസിനസ് ഇണങ്ങില്ല. അതിന് ഒരു പോരാളിയുടെ മനസു വേണം. ആദ്യത്തെ ബിസിനസിൽ 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടും വീണ്ടും ഒരു പോരാളിയായി തിരിച്ചു വന്നതാണ് ധീരജ് ഗുപ്ത എന്ന സംരംഭകന്‍റെ വിജയത്തിന്‍റെ രഹസ്യം.
അങ്ങനെയൊരു പോരാളി നിങ്ങളുടെ ഉള്ളിലുണ്ടോ?

ഡോ. രാജന്‍ പെരുന്ന