നോക്കിയ 3310 തിരിച്ചുവരുന്നു
ബാഴ്സിലോണ: നോക്കിയയുടെ 3310 മോഡൽ മൊബൈൽ ഫോൺ വിപണിയിൽ തിരിച്ചെത്തുന്നു. എച്ച്എംഡി ഗ്ലോബലാണ് ഫോണിന് ആകർഷകമായ പുതുരൂപം നൽകി വിപണിയിൽ തിരിച്ചെത്തിക്കുന്നത്. ഈ വർ ഷത്തിൻറെ പകുതിയോടെ രാജ്യത്ത് നോക്കിയ 3310 പുതിയ രൂപത്തിൽ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 3500 രൂപയാണ് പുതിയ ഫോണിൻറെ വില.

നോക്കിയയുമായി 10 വർഷത്തേക്ക് ബ്രാൻഡ് ലൈസൻസിംഗ് കരാർ ഒപ്പിട്ടിട്ടുള്ള എച്ച്എംഡി നോക്കിയയുടെ ആൻഡ്രോയിഡ് മോഡലുകളായ നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നിവ വർഷത്തിൻറെ രണ്ടാം പാതിയോടെ വിപണിയിൽ ഇറക്കുമെന്ന് എച്ച്എംഡി ഗ്ലോബലിൻറെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ പെക്ക രന്താല പറഞ്ഞു.


നോക്കിയ 3310 മോഡലിനെ മൊത്തത്തിൽ പൊളിച്ചടുക്കിയാണ് എച്ച്എംഡി വിപണിയിൽ ഇറക്കുന്നത്. പുതുസെറ്റിന് വലിയ സ്ക്രീനുകളാവും ഉണ്ടാവുക. 22 മണിക്കൂർ ടോക്ക് ടൈം ബാറ്ററി ലൈഫാണ് ഫോണിൻറെ പ്രധാന ആകർഷണം. സ്റ്റാൻഡ് ബൈ ലൈഫ് ഒരു മാസമാണ്. ഇതിനാൽ തന്നെ സ്മാർട്ട്ഫോൺ ഉപയോക്‌താക്കൾക്കു ബാക്കപ്പ് ഫോണായി ഇത് ഉപയോഗിക്കാനാവും.