ആപ്പിളിനെ പിന്തള്ളി ഗൂഗിൾ ഒന്നാമത്
പൂന: ആഗോളതലത്തിൽ ആപ്പിളിനെ പിന്തള്ളി ഗൂഗിൾ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് ആയി. ആപ്പിൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ ആമസോണ്‍, എടി & ടി, മൈക്രോസോഫ്റ്റ്, സാംസംഗ്, വെറൈസണ്‍, വാൾമാർട്ട്, ഫേസ്ബുക്ക്, ഐസിബിസി എന്നീ കന്പനികൾ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. ബ്രാൻഡ് ഫിനാൻസ് ഗ്ലോബൽ 500 റിപ്പോർട്ടിലാണ് കന്പനികളെ തരംതിരിച്ചത്.

ഗൂഗിളിൻറെ ബ്രാൻഡ് മൂല്യം 24 ശതമാനം ഉയർന്ന് 10,940 കോടി ഡോളറായപ്പോൾ ആപ്പിളിൻറെ മൂല്യം 14,590 കോടി ഡോളറിൽനിന്ന് 10,710 കോടി ഡോളറായി താഴ്ന്നു.

അതേസമയം, മികച്ച 100 ബ്രാൻഡുകളിൽനിന്ന് ടാറ്റാ പുറത്തായി. ആദ്യ നൂറിൽ ഇടംനേടിയിരുന്ന ഏക ഇന്ത്യൻ കന്പനിയായിരുന്നു ടാറ്റാ. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബോർഡ് റൂമിൽ നടക്കുന്ന തമ്മിലടികൾ ടാറ്റായുടെ ബ്രാൻഡ് മൂല്യത്തിന് ക്ഷീണം വരുത്തിയിരുന്നു. ബ്രാൻഡ് മൂല്യം 1,368 കോടി ഡോളറിൽനിന്ന് 1,311 കോടി ഡോളറായി താഴ്ന്നു. കഴിഞ്ഞ വർഷം 82-ാം സ്ഥാനത്തായിരുന്ന കന്പനി ഇപ്പോൾ 103-ാമതാണ്. എങ്കിലും ഇന്ത്യയിൽനിന്നുള്ള ഏറ്റവും വിലമതിക്കുന്ന ബ്രാൻഡുതന്നെയാണ് ടാറ്റാ.


കഴിഞ്ഞ വർഷം 242-ാം സ്ഥാനത്തായിരുന്ന എയർടെൽ 190ലേക്ക് കയറി. ലൈഫ് ഇൻഷ്വറൻസ് കോർപറേഷനാവട്ടെ 283ൽനിന്ന് സ്ഥാനം മെച്ചപ്പെടുത്തി 222ലേക്കു കയറി. 50 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇൻഫോസിസ് 251-ാം സ്ഥാനത്താണ്. 2016ൽ 301-ാം സ്ഥാനത്തായിരുന്നു.