നിറം മങ്ങുന്ന എഫ്ഡി
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവാക്കിയതോടെ വലിയ തുകയുടെ നിക്ഷേപങ്ങൾ കൊണ്ട് ബാങ്കുകൾ നിറഞ്ഞത് പെട്ടന്നായിരുന്നു. അസാധുവാക്കിയ 15.44 ലക്ഷം കോടി രൂപയുടെ നോട്ടുകൾ 2016 ഡിസംബർ മുപ്പതിനകം ബാങ്കുകൾക്കോ പോസ്റ്റോഫീസുകൾക്കോ കൈമാറണമെന്നാണ് നിർദേശിച്ചത്. ഡിസംബർ 15 വരെ 13 ലക്ഷം കോടിയോളം രൂപ ബാങ്കുകളിലേക്ക് തിരിച്ചെത്തി.

നോട്ട് അസാധുവാക്കിയതിന്റെ ഏറ്റവും വലിയ ഫലം പലിശ നിരക്ക് കുറയുന്നു എന്നുള്ളതാണ്. പക്ഷേ, അത് ഗുണമോ ദോഷമോ എന്നുള്ളതാണ് പ്രശ്നം. ചിലരെ സംബന്ധിച്ചിടത്തോളം അതു ഗുണമാണ്. മറ്റു ചിലരെ സംബന്ധിച്ചിടത്തോളം ദോഷവും. നിക്ഷേപം കൂടുമ്പോൾ തീർച്ചയായും ബാങ്കുകൾ ഡിപ്പോസിറ്റുകളുടെയും വായ്പയുടെയും പലിശ നിരക്കുകൾ കുറയ്ക്കാൻ നിർബന്ധിതരാകും. നോട്ടുകൾ അസാധുവാക്കി 15 ദിവസത്തിനുള്ളിൽ വായ്പ മേഖലയിൽ 0.9 ശതമാനം കുറവുണ്ടായിട്ടുണ്ട്. ഡിപ്പോസിറ്റിലെ കുറവ് അതിലേറയാണ്. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഡിപ്പോസിറ്റിനെ ആശ്രയിച്ചു ജീവിക്കുന്നവരെയാണ്. അവരിൽ നല്ലൊരു പങ്കും മുതിർന്ന പൗരന്മാരും സ്ത്രീകളുമാണെന്നതാണു വസ്തുത.

ഒക്ടോബറിൽ റിസർവ് ബാങ്ക് റിപോ റേറ്റ് 0.25 ശതമാനം കുറച്ചിരുന്നു. റിപോ റേറ്റ് കുറയുമ്പോൾ ബാങ്കുകൾ ഡിപ്പോസിറ്റുകളുടെ പലിശ കുറയ്ക്കുക പതിവാണ്. വായ്പാ വളർച്ചയില്ലാത്തതിനാൽ ഡിപ്പോസിറ്റ് വർധിക്കുന്നത് ബാങ്കിന്റെ വരുമാന സ്പ്രെഡിനെ ബാധിക്കും. അതിനാൽ ബാങ്കുകൾ അവരുടെ നിക്ഷേപത്തിന്റെ പലിശ നിരക്ക് വെട്ടിക്കുറക്കുവാൻ നിർബന്ധിതരാകും. നോട്ട് പിൻവലിക്കലിന്റെ പശ്ചാത്തലത്തിൽ ബാങ്കിൽ നിക്ഷേപം കുമിഞ്ഞുകൂടിയത് സ്വാഭാവികമായും ഡിപ്പോസിറ്റ് നിരക്കിൽ സമ്മർദ്ദമുണ്ടാക്കുന്നുണ്ട്. പല ബാങ്കുകളും അവരുടെ ബൾക്ക് ഡിപ്പോസിറ്റുകളുടെ (ഒരു കോടി രൂപയ്ക്കു മുകളിലുമുള്ള നിക്ഷേപങ്ങൾ) പലിശ നിരക്ക് സേവിംഗ്സ് ബാങ്ക് നിരക്കിനും താഴെയാക്കി കുറച്ചിരിക്കുകയാണ്. റിസർവ് ബാങ്ക് റീപോ റേറ്റ് കുറക്കുന്നതിനു മുമ്പു തന്നെ പഞ്ചാബ് നാഷണൽ ബാങ്ക് പലിശ നിരക്ക് 0.3 ശതമാനം കുറച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബൾക്ക് ഡിപ്പോസിറ്റുകളുടെ നിരക്ക് 1.29 ശതമാനം മുതൽ 1.9 ശതമാനം വരെയായി കുറച്ചിട്ടുണ്ട്.

ബാധിക്കുക റിട്ടയർ ചെയ്തവരെ

റിട്ടയർമെന്റ് ജീവിതം നയിക്കുന്നവരിൽ നല്ലൊരു പങ്കും സ്‌ഥിരവരുമാനത്തിനായി ബാങ്ക് ഡിപ്പോസിറ്റുകളെയാണ് ആശ്രയിക്കുന്നത്. അവരെയാണ് പലിശ നിരക്ക് കുറയുന്നത് കാര്യമായി ബാധിക്കുന്നതും. കഴിഞ്ഞ കുറെ വർഷങ്ങളായി പലിശ നിരക്ക് കുറഞ്ഞു വരികയാണ്. കഴിഞ്ഞ വർഷത്തേക്കാൾ ബാങ്ക് സ്‌ഥിര നിക്ഷേപങ്ങളുടെ പലിശ 1–1.5 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. ഇത് ലഘുസമ്പാദ്യനിക്ഷേപങ്ങളേക്കാൾ ഏതാണ്ട് 1–1.3 ശതമാനം കുറവുമാണ്.

നിലവിൽ ഒന്നു മുതൽ 10 വർഷം വരെയുള്ള നിക്ഷേപങ്ങൾക്കു ലഭിക്കുന്ന ശരാശരി പലിശ 7.25 ശതമാനത്തിനു ചുറ്റളവിലാണ്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ 3–10 വർഷക്കാലത്തേക്കുള്ള സ്‌ഥിര നിക്ഷേപങ്ങൾക്കു നൽകുന്ന പലിശ 6.50 ശതമാനമാണ്. പൊതുമേഖല ബാങ്കുകളിൽ ഭൂരിപക്ഷവും 6.5–7.5 ശതമാനം പലിശ നിരക്കാണ് 1–5 വർഷ ഡിപ്പോസിറ്റുകൾക്കു നൽകുന്നത്. ഇടത്തരം ബാങ്കുകൾ അൽപ്പംകൂടി മെച്ചപ്പെട്ട പലിശ നൽകുന്നുണ്ട്.


മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് ബാങ്കുകൾ 0.25 ശതമാനം മുതൽ 0.5 ശതമാനം വരെ അധിക നിരക്ക് നൽകുന്നുണ്ട്.

ബാങ്കുകൾ നിക്ഷേപങ്ങളുടെ നിരക്ക് കുറയ്ക്കുമ്പോൾ പോസറ്റോഫീസ് നിക്ഷേപങ്ങൾക്കു ലഭിക്കുന്ന പലിശ നിരക്ക് ആകർഷകമാകുന്നുണ്ട്. ഒരു വർഷത്തെ നിക്ഷേപങ്ങൾക്ക് ബാങ്ക് 7 ശതമാനവും അഞ്ച് വർഷത്തെ നിക്ഷേപങ്ങൾക്ക് 7.8 ശതമാനം നിരക്കിൽ പലിശ നൽകുമ്പോൾ പോസ്റ്റോഫീസിലെ മാസ നിക്ഷേപങ്ങൾക്ക് 7.7 ശതമാനം നിരക്കിൽ പലിശ ലഭിക്കുന്നുണ്ട്. സീനിയർ സിറ്റിസൺ സേവിംഗ് സ്കീമും സുകന്യ സമൃദ്ധിയും 8.5 ശതമാനവും പലിശ നൽകുന്നുണ്ട്. പിപിഎഫും 8 ശതമാനം പലിശ ഒരു വർഷം നൽകുന്നുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തിൽ പലിശനിരക്കുകൾ താഴുവാനുള്ള പ്രവണതയാണു കാണിക്കുന്നത്. പെട്ടെന്നു സംഭവിച്ചില്ലെങ്കിലും ഭാവിയിൽ പലിശ നിരക്ക് കുറയുമെന്നുതന്നെയാണ് വിലയിരുത്തൽ.
ഇപ്പോഴത്തെ നിരക്കിൽ ഡിപ്പോസിറ്റ് നിലനിർത്താൻ ആഗ്രഹിക്കുന്നവർ അത് ഇപ്പോൾ തന്നെ ചെയ്യുക. ദീർഘകാലത്തിൽ പലിശ കുറയുമെന്നു തന്നെയാണ് വിദഗ്ധരുടെ അഭിപ്രായം.

എഫ്ഡി നിരക്ക് തുടർച്ചയായി താഴുന്ന സാഹചര്യത്തിൽ ഡെറ്റ് മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പെടെ മറ്റ് ധനകാര്യ ഉപകരണങ്ങളുടെ നിക്ഷേപ സാധ്യത അന്വേഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

പലിശ കുറഞ്ഞെങ്കിലും ഇപിഎഫ് തന്നെ കേമൻ

എപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ2016–17–ലേക്കുള്ള പലിശ നിരക്ക് 0.15 ശതമാനം കുറച്ച് 8.65 ശതമാനമാക്കി. 2015–16–ൽ 8.8 ശതമാനമായിരുന്നു ഇത്. നാലു വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. രാജ്യത്ത് കടപ്പത്ര പലിശ നിരക്കുകൾ ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് ഈ നടപടി. ഏതാണ്ട് 170 ദശലക്ഷത്തോളം വരുന്ന ആളുകളുടെ മുഖ്യമായ റിട്ടയർമെന്റ് സേവിംഗ്സ് ആണ് ഇപിഎഫ്.

പലിശ കുറച്ചുവെങ്കിലും ഇപ്പോഴും ഇപിഎഫ് ഏറ്റവും ആകർഷക ഡെറ്റ് നിക്ഷേപമാണ്. പത്തുവർഷ ഗവൺമെന്റ് ബോണ്ടിനേക്കാൾ 2.16 ശതമാനം അധികം പലിശ ഇപിഎഫ് നിക്ഷേപത്തിനുണ്ട്. പിപിഎഫ് നിരക്കായ 8.1 ശതമാനത്തേക്കാളും കൂടുതലാണ്. ചുരുക്കത്തിൽ ഏറ്റവും കൂടുതൽ പലിശ നൽകുന്ന ഡെറ്റ് നിക്ഷേപമാണ് ഇപിഎഫ്. പഞ്ചവർഷ ബാങ്ക് ഡിപ്പോസിറ്റിന്റെ പലിശ 6.5 ശതമാനമാണിപ്പോൾ.
2015 ജനുവരി മുതൽ റിസർവ് ബാങ്ക് 1.75 ശതമാനം പലിശ കുറച്ചുവെങ്കിലും ഇപിഎഫിൽ നേരിയ കുറവേ ഉണ്ടായിട്ടുള്ളു. ഇപിഎഫ് റിട്ടേണിന് നികുതിയും നൽകേണ്ടതില്ല. ഈ റിട്ടേൺ നികുതി നൽകേണ്ടിവരുന്ന 11–12 ശതമാനം റിട്ടേണിനു തുല്യമാണ്.

അതിനാൽ നിശ്ചയമായും 2017–ൽ ഇപിഎഫ് നിക്ഷേപം തുടരണം. പ്രത്യേകിച്ചും സ്‌ഥിര വരുമാന നിക്ഷേപ ഉപകരണങ്ങളിൽ കൂടുതലായി നിക്ഷേപം നടത്തുന്നവർ. ജോലിക്കാർ നിർബന്ധമായും നിക്ഷേപിക്കേണ്ട 12 ശതമാനത്തിനു പകരം കഴിയുന്നത്ര തുക നിക്ഷേപിക്കാം. കാരണം നേരത്തെ സൂചിപ്പിച്ചതുപോലെ ഇത് ഏറ്റവും ഉയർന്ന പലിശ നൽകുന്ന ഡെറ്റ് ഉപകരണമാണ്. ഇപിഎഫ് 2017–ൽ ഏതൊരാളുടേയും നിക്ഷേപാസൂത്രണത്തിലേയും നികുതിയാസൂത്രണത്തിലേയും മുഖ്യ നിക്ഷേപ ഉപകരണങ്ങളിലൊന്നാണ്.