സമ്പാദ്യശീലം തുടങ്ങാം ബാല്യം മുതൽ
ആറാം തമ്പുരാൻ എന്ന സിനിമയിൽ മജ്ജു വാര്യർ കുടുക്ക പൊട്ടിക്കുന്ന ഒരു രംഗമുണ്ട്. വിറ്റുപോയ ഹാർമോണിയം തിരിച്ചുവാങ്ങുന്നതിനുവേണ്ടിയായിരുന്നു വളരെ നാളത്തെ സമ്പാദ്യമെടുക്കാൻ പ്രേരിതയായത്. പിന്നീട് ചെയ്യാനായി ഉദ്ദേശിച്ചിരുന്ന ചികിൽസാ ആവശ്യത്തിനായി കിട്ടുന്നതൊക്കെ നുള്ളിപെറുക്കി സൂക്ഷിച്ചതായിരുന്നു ആ സമ്പാദ്യം. നമ്മുടെ ഭവനങ്ങളിൽ പണ്ടുണ്ടായിരുന്നതും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതുമായ ഒരു വസ്തുവാണ് കുടുക്ക. പ്രധാനമായും കളിമൺ കൊണ്ടുണ്ടാക്കിയതാണെങ്കിലും ഉപയോഗിച്ചുതീർന്ന പൗഡർടിന്നുകളും മറ്റു പ്ലാസ്റ്റിക് പാത്രങ്ങളും കുടുക്കക്ക് പകരമായും ഉപയോഗിച്ചിരുന്നു. കുട്ടികളെക്കൊണ്ട് അതിൽ പണം ഇടുവിക്കുവാൻ മുതിർന്നവർ ശ്രദ്ധിക്കുമായിരുന്നു. പിന്നീട് കുടുംബത്തിലുണ്ടാവുന്ന ചില ആവശ്യങ്ങളോ ആഗ്രഹങ്ങളോ നിറവേറ്റുന്നതിന് ഇതു ഉപയോഗിച്ചിരുന്നു. കുട്ടികളിൽ സമ്പാദ്യശീലം വളർത്തുവാനും നാളേക്കായുള്ള കരുതൽ ഉണ്ടാക്കുന്നതിനും മിതവ്യയം പോലുള്ള മൂല്യങ്ങൾ പകരുന്നതിനും ഇത് ഉപകരിച്ചിരുന്നു.

എന്നാൽ ഇന്ന് സമ്പാദ്യത്തിന് രൂപഭേദങ്ങൾ ഉണ്ടായി. അതിന്റെ ആശയത്തിലും ആവിഷ്കാരത്തിലും വ്യതിയാനമുണ്ടായി. പുതിയ തലമുറക്ക് സമ്പാദ്യശീലമില്ല എന്ന് പഴയ തലമുറയും പഴയ തലമുറക്ക് ജീവിക്കാനറിയില്ല എന്ന് പുതിയതലമുറയും പരസ്പരം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

എന്താണ് സമ്പാദ്യം?

ചെലവ് കഴിഞ്ഞ് മിച്ചംവരുന്നതല്ല; മറിച്ച്, സമ്പാദ്യം കഴിഞ്ഞ് മിച്ചം വരുന്നതാണ് ചെലവ്. ഈ അടിസ്‌ഥാനചിന്തയിൽനിന്നാണ് സമ്പാദ്യം തുടങ്ങേണ്ടത്. ജീവിതത്തോടുള്ള സമീപനത്തിൽ വന്ന കാലാനുസൃതമായ മാറ്റം സമ്പാദ്യത്തിലുമുണ്ട്.

ദീർഘകാല ആസൂത്രണം ചെയ്യുവാനുള്ള കഴിവ് മനുഷ്യനു മാത്രം സിദ്ധിച്ചിരിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്ന ബാല്യത്തിലും കൗമാരത്തിലും ഭാവിപദ്ധതികൾ ചെയ്യാൻ മനുഷ്യനു സാധിക്കുന്നു. ബാല്യത്തിലും യൗവ്വനത്തിലും സമ്പാദിക്കാനാവുമോ എന്നത് പ്രസക്‌തമായ ചോദ്യമാണ്. സാധിക്കും എന്നുതന്നെയാണ് ഉത്തരം. കുട്ടികളിലും യുവജനങ്ങളിലും സമ്പാദ്യശീലം എപ്രകാരം വളർത്താമെന്നതിന് സഹായകമായ ചില ടിപ്സ് വിശദമാക്കാം.

1. നല്ല പേരന്റിംഗ്

ഫലപ്രദമായ പേരന്റിംഗ് ആണ് പ്രഥമപടി. നല്ല ഭക്ഷണവും വിദ്യാഭ്യാസവും നൽകുന്നതോടൊപ്പം സമ്പാദ്യശീലത്തിന്റെ ആദ്യപടികൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം. പണമിടപാടുകൾ കുടുംബത്തിൽ ചർച്ചാ വിഷയമാവണം.

പല മാതാപിതാക്കളും തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മക്കളെ അറിയിക്കാതെയാണ് വളർത്തുന്നത്. തങ്ങൾക്ക് ലഭിക്കാതെ പോയതെല്ലാം മക്കളിലൂടെ ഏതു വിധേനയും സാധിച്ചെടുക്കണം എന്ന വാശിയിൽ കുട്ടികളാണ് തകർന്നുപോവുന്നത്. സാമ്പത്തിക അച്ചടക്കമില്ലാതെ വളരുന്നതുമൂലം മിതവ്യയത്തെ പിശുക്കായി അവർ ചിത്രീകരിക്കുന്നു. അവരുടെ ആവശ്യങ്ങൾ സാധിക്കാതെ വരുമ്പോൾ അവർ മാതാപിതാക്കൾക്ക് എതിരാകുന്നു. മക്കളെ ദാരിദ്ര്യവും ബുദ്ധിമുട്ടും അറിയിച്ചു വളർത്തുക എന്നതിന്റെ അർത്ഥം അവരുടെ ആവശ്യങ്ങൾ നിരാകരിക്കണമെന്നല്ല, മറിച്ച് ആവശ്യവും അത്യാവശ്യവും തിരിച്ചറിയാനുള്ള വിവേകം പ്രദാനം ചെയ്യുക എന്നതാണ്. മക്കൾ കോളേജിൽ വരുമ്പോൾ 2000 രുപയുടെ വസ്ത്രമണിഞ്ഞുവരുന്നതും അവരുടെ അമ്മ ഓപ്പൺഹൗസിൽ വരുമ്പോൾ 150 രൂപയുടെ സാരി ധരിച്ചുവരുന്നതും കാണുവാൻ പലപ്പോഴും ഇടവന്നിട്ടുണ്ട്.

2. വരവു ചെലവ് കണക്കെഴുതാൻ പഠിപ്പിക്കുക

കുട്ടികളെ വരവ് ചെലവ് കണക്കെഴുതാൻ പഠിപ്പിക്കുക. പണമിടപാടുകളിലെ കൃത്യതയും സുതാര്യതയും കാത്തുസൂക്ഷിക്കാൻ സഹായിക്കുക. ഇവിടെയും മാതാപിതാക്കളാവണം റോൾമോഡൽ.

സാധനങ്ങൾ വാങ്ങിച്ചുകഴിഞ്ഞാൽ ബാക്കി ചോദിച്ചുമേടിക്കുക. സൂപ്പർമാർക്കറ്റിലും മറ്റും അവർക്കായി ചെലവാക്കുന്ന തുകയുടെ കണക്ക് അവരോടുതന്നെ എഴുതി സൂക്ഷിക്കാൻ പറയുക. അതിനായി ഒരു ചെറിയ ബുക്ക് വാങ്ങികൊടുക്കുക. പിൽക്കാലത്ത് വൻതുകകൾ കൈകാര്യം ചെയ്യുമ്പോൾ ഇത് നല്ല ശീലമാവും.

3. സമ്പാദ്യപദ്ധതിയിൽ ചേർക്കുക

കുട്ടികളെ ചെറിയ സേവിംഗ്സ് സ്കീമിൽ അംഗമായി ചേർക്കുക. പോസ്റ്റ് ഓഫീസ് പോലുള്ള റെക്കറിംഗ് നിക്ഷേപസൗകര്യങ്ങൾ നിസ്സാരതുകയ്ക്കാണെങ്കിലും തുടങ്ങുക. വെറും 10 രൂപയ്ക്ക് പോസ്റ്റോഫീസിൽ റെക്കറിംഗ് ഡിപ്പോസിറ്റ് തുടങ്ങാം.

സ്കൂളുകളിൽ സമ്പാദ്യപദ്ധതികൾ ആവിഷ്കരിക്കുക. കുട്ടികൾതന്നെ അത് കൈകാര്യം ചെയ്യട്ടെ കുട്ടികളിൽനിന്ന് ഓരോ മാസവും തിരഞ്ഞെടുക്കുന്ന ട്രഷറർമാർ അതിന് നേതൃത്വം കൊടുക്കുന്നത് ഉചിതമായിരിക്കും. അദ്ധ്യാപകരുടെ ഒരു മേൽനോട്ടം ഉണ്ടായാൽ മതിയാവും.

4. ദാനം ചെയ്യാൻ പഠിപ്പിക്കുക

വീട്ടിൽ അവർക്ക് മറ്റുള്ളവരിൽനിന്ന് ലഭിക്കുന്ന പോക്കറ്റ് മണികളും സമ്മാനങ്ങളും സൂക്ഷിക്കുവാനും പിന്നീട് അവർക്കുതന്നെ എന്തെങ്കിലും വാങ്ങിക്കുവാനും പരിശ്രമിക്കുക.
ടിപ്പുകൾ സൂക്ഷിക്കാൻ അവർതന്നെ പഠിക്കട്ടെ. ദേവാലയങ്ങളുടെ കാണിക്കപെട്ടിയിൽ കുട്ടികളെക്കൊണ്ട് നേർച്ചയിടീക്കുന്നവരുണ്ട. മറ്റുള്ളവരുടെ ആവശ്യങ്ങൾക്കായും ഒരു തുക മാറ്റണം എന്ന പാഠം അവർ പഠിക്കട്ടെ. അതുപോലെ ദാനധർമം ചെയ്യുന്നതും കുട്ടികളുടെ സാന്നിദ്ധ്യത്തിലാവണം.


5. പീർ ഗ്രൂപ്പ് പ്രഷറിനെ അതിജീവിക്കൽ

ഒരാളെ ധനവാനാക്കുന്നത് വരുമാനത്തിന്റെ വലുപ്പമല്ല പ്രത്യുത അത് അയാൾ പണം ചെലവാക്കുന്ന രീതിയാണ്. അതുകൊണ്ട് വരുമാനം, ചെലവ്, സമ്പാദ്യം തുടങ്ങിയ സാമ്പത്തികസൂചികകൾ ജീവിതത്തെ മൊത്തത്തിൽ കണ്ട് ആസൂത്രണം ചെയ്യുവാൻ യൗവ്വനത്തിലേ സാധിക്കണം.
ഇനി കുട്ടികൾ വളർന്ന് യുവത്വത്തിലേക്ക് പ്രവേശിക്കുമ്പോൾ ജീവിതചിന്തകൾക്കും സമീപനങ്ങൾക്കും മാറ്റം വരുന്നു. പീർഗ്രൂപ്പ് പ്രെഷർ ആണ് അപ്പോൾ ഏറ്റവും സ്വാധീനിക്കുന്നത്. സമൂഹത്തിലെ സാമ്പത്തിക ഉച്ചനീചത്വം ഉൾക്കൊള്ളാനാവാത്ത ഈ പ്രായത്തിൽ ജീവിതാസ്വാദനത്തിന്റെ പുതിയ മാനങ്ങൾ തേടുന്നു. ഒരാളെ ധനവാനാക്കുന്നത് വരുമാനത്തിന്റെ വലുപ്പമല്ല പ്രത്യുത അത് അയാൾ പണം ചെലവാക്കുന്ന രീതിയാണ്. അതുകൊണ്ട് വരുമാനം, ചെലവ്, സമ്പാദ്യം തുടങ്ങിയ സാമ്പത്തികസൂചികകൾ ജീവിതത്തെ മൊത്തത്തിൽ കണ്ട് ആസൂത്രണം ചെയ്യുവാൻ യൗവ്വനത്തിലേ സാധിക്കണം.

യുവത്വത്തിൽ ഏറ്റവും സ്വാധീനിക്കുന്നതും അവർ ഇഷ്ടപ്പെടുന്നതും സുഹൃത്തുക്കളെയാണ്. അതുകൊണ്ട് സൃഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതിൽ വിവേകമുണ്ടാവണം.

‘താങ്കളുടെ സുഹൃത്തിനെക്കുറിച്ച് എന്നോട് പറയൂ. ഞാൻ താങ്കളുടെ സ്വഭാവം പറയാം’ എന്ന പഴമൊഴി വളരെ അർത്ഥവത്താണ്. ഭക്ഷണം, ഷൂസ്, യാത്ര, വിനോദം, മൊബൈൽ, സെൽഫി, ഹോളിഡേട്രിപ്പുകൾ ഇവയൊക്കെ ഹരം പിടിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ വേറിട്ട് ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ഉൾക്കരുത്താണാവശ്യം. പീർ ഗ്രൂപ്പ് പ്രഷറിനെ നേരിടുവാൻ കുട്ടികളെ ചെറുപ്പം മുതലേ സജ്‌ജമാക്കണം.

5. ആസക്‌തി വളർത്താം ജീവിതത്തോട്

യുവത്വത്തിൽതന്നെ അദ്ധാനശീലവും സമ്പാദ്യവും വളർത്തുക. ‘ഏൺ വൈൽ യു ലേൺ’
പദ്ധതിയനുസരിച്ച് പാർട് ടൈം ജോലികൾ ലഭ്യമാണ്. സ്വന്തമായി അദ്ധ്വാനിക്കുന്നതിന്റെ ത്രില്ല് ഉണ്ടാവും. അഡിക്ട് ആവേണ്ടത് ജീവിതത്തോട് തന്നെയാവണം.

കിട്ടുന്ന പണത്തിൽനിന്ന് എന്തു മിച്ചം വയ്ക്കാം എന്നു ചിന്തിക്കുന്നവർക്കേ സമ്പാദ്യമുണ്ടാവൂ. പണത്തിന്റെ നൂതന സ്രോതസുുകൾ കണ്ടെത്തിക്കൊണ്ടേയിരിക്കണം. ഓൺലൈൻ ട്യൂഷൻ, ബ്ലോഗ് എഴുത്ത്, കേറ്ററിംഗ്, ഡ്രൈവിംഗ്, റിട്ടെയിൽ വ്യാപാരശൃഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കൽ, ടൂറിസ്റ്റ് ഗൈഡ് തുടങ്ങി ഓരോരുത്തരുടേയും സാഹചര്യമനുസരിച്ച് , തൽപര്യമനുസരിച്ച് ജോലിചെയ്യാം. പെട്ടെന്നു പണക്കാരനാകാൻ ശ്രമിച്ചാൽ അപകടത്തിൽചെന്ന് പെടും.

എന്നാൽ പഠനത്തിൽ മികവ് പുലർത്തുന്നവർ ചെറിയ ജോലികൾക്ക് പോവാതെ ഉന്നതവിദ്യാഭ്യാസം നേടുന്നതാണ് ഉചിതം. കാരണം നിങ്ങളെതേടി വൻസാദ്ധ്യതകളുടെ ലോകം മുന്നിലുണ്ട്. ഇന്ന് ഏതുവിഷയമാണെങ്കിലും അതിൽ പ്രാഗൽഭ്യവും ആശയവിനിമയകഴിവുമുണ്ടെങ്കിൽ ജോലി ഉറപ്പാണ്. അതുകൊണ്ട് ജോലിയും വരുമാനവും ഉണ്ടായിട്ടുവേണ്ടേ സമ്പാദ്യം തുടങ്ങിയ ചിന്തകൾ അസ്‌ഥാനത്താവുന്നു.

6. മിതവ്യയശീലം വളർത്തുക

മിതവ്യയശീലമുള്ളവരാവുകയാണ് അഭികാമ്യം. മിതവ്യയശീലമെന്നത് പിശുക്കല്ല, ആവശ്യവും അനാവശ്യവും ആഡംബരവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ് ജീവിക്കലാണ്.
അതിന് ചെറുപ്പക്കാർ പ്രാപ്തരാവുക എന്നതാണ് കരണീയമായിട്ടുള്ളത്. നമ്മൾ എന്തു ധരിക്കണം, എന്ത് ഭക്ഷിക്കണം എന്നൊക്കെ തീരുമാനിക്കേണ്ടത് പരസ്യകമ്പനികളല്ല, സുഹൃത്തുക്കളുമല്ല, ആത്യന്തികമായി നമ്മൾ തന്നെയാണ്. ഈ തിരിച്ചറിവാണ് സമ്പാദ്യശീലത്തിന് ആവശ്യമായിരിക്കുന്നത്.
ആൽബർട്ട് ആന്റോ, ഫ്രാങ്കോ മോഡിഗ്ലാനി എന്നീ സാമ്പത്തിക ശാസ്ത്രജ്‌ഞന്മാർ അവതരിപ്പിച്ച ലൈഫ് സൈക്കിൾ സിദ്ധാന്തമനുസരിച്ച് ജീവിതചക്രത്തെ മൂന്നായി തരം തിരിക്കാം. ആദ്യത്തേത് വരുമാനമില്ലാത്തതും എന്നാൽ ചിലവുള്ളതുമായ ബാല്യകാലം. രണ്ടാമത് വരുമാനവും ചിലവും ഉള്ള യൗവനകാലം, മൂന്നാമത് വരുമാനം കുറഞ്ഞ് ചിലവുകൾ ഏറുന്ന വാർദ്ധക്യകാലം.
മറ്റൊരു ഭാഷയിൽ പറഞ്ഞാൽ ബാല്യത്തിൽ സമയമുണ്ട്, ആരോഗ്യമുണ്ട.് പക്ഷേ, പണമില്ല. യൗവ്വനത്തിൽ ആരോഗ്യമുണ്ട് പണമുണ്ട് പക്ഷേ, സമയമില്ല. വാർദ്ധക്യത്തിൽ സമയമുണ്ട്. ആരോഗ്യമില്ല, പണവുമില്ല.

വ്യക്‌തമായ സാമ്പത്തിക ആസൂത്രണത്തിലൂടെ ജീവിതം കരുപിടിപ്പിക്കുന്നവരാണ് മറ്റുള്ളവരെയും സാമ്പത്തികമായി വളർത്തുന്നത്. അതുകൊണ്ട് ശക്‌തമായ ആസൂത്രണം ഈ മേഖലയിൽ ചെറുപ്പത്തിലേ തുടങ്ങണം. പിന്നീടു കടക്കെണിയിൽപെട്ടു പരിതപിക്കാനിടയാവരുത്. ഓസ്കാർ വൈൽഡ് അഭിപ്രായപ്പട്ടതുപോലെ നമ്മൾ സ്വന്തം അബദ്ധങ്ങൾക്ക് അനുഭവം എന്നു പേരിടുന്നവരാണ്.

ഡോ. കൊച്ചുറാണി ജോസഫ്
അസോസിയേറ്റ് പ്രൊഫസർ * ഹെഡ് ഡിപാർട്ട്മെന്റ് ഓഫ് ഇക്കണോമിക്സ്, ഭാരതമാത കോളേജ്, തൃക്കാകര.