വിനീത് ശ്രീനിവാസൻ, രജീഷ വിജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ഒരു സിനിമാക്കാരൻ കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു.

ഒപ്പസ് പെന്‍റായുടെ ബാനറിൽ തോമസ് പണിക്കർ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ സ്വിച്ചോണ്‍ കർമം പ്രശസ്ത സംവിധായകൻ സിബി മലയിൽ നിർവഹിച്ചു.

ലാൽ, വിജയ് ബാബു, രഞ്ജി പണിക്കർ, സുരാജ് വെഞ്ഞാറമ്മൂട്, ഗ്രിഗറി, ഹരീഷ് കണാരൻ, കലിംഗ ശശി, ചാലി പാലാ, ജാഫർ ഇടുക്കി, അബു സലിം, കോട്ടയം പ്രദീപ്, നോബി, സുധീഷ്, സോഹൻലാൽ, ശ്രീകാന്ത് മുരളി, ശംഭു, മുരുകൻ, ടോമി, അനുശ്രീ, ജെന്നിഫർ, രശ്മി ബോബൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ആൽബി.

കത്തോലിക്ക സഭയിലെ പ്രുഖ പ്രമാണിയായ മാത്യു വെള്ളായണിയുടെ മകനാണ് ആൽബി. മകനെക്കുറിച്ച് ധാരാളം പ്രതീക്ഷകളും സ്വപ്നങ്ങളും കാത്തുസൂക്ഷിച്ച മാത്യു വെള്ളാണിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് ആൽബി, സിനിമാ മോഹവുമായി നഗരത്തിലേക്കു കടന്നു. ഒരു വൈദികനായി കാണാൻ ആഗ്രഹിച്ച മാത്യു വെള്ളായണിയുടെ മനസ് മകന്‍റെ തലതിരിഞ്ഞ പ്രവർത്തിമൂലം ഏറെ വിഷമിച്ചു.

നഗരത്തിലെത്തിയ ആൽബി, സേറ എന്ന പെണ്‍കുട്ടിയുമായി അടുപ്പത്തിലാവുകയും പ്രണയത്തിൽ കലാശിക്കുകയും ചെയ്തു. യാക്കോബക്കാരിയായ സേറയുടെയും ആൽബിയുടെയും പ്രണയത്തെ വീട്ടുകാർ എതിർത്തുവെങ്കിലും ഇരുവരും തമ്മിൽ വിവാഹം കഴിച്ചു പുതിയ ജീവിതം ആരംഭിച്ചു. തുടർന്ന് ഇവരുടെ ജീവിതത്തിൽ പുതിയ ആൾക്കാർ വരുകയും ശേഷം അവരുടെ ജീവിതത്തിലുണ്ടാകുന്ന രസകരങ്ങളായ മുഹൂർത്തങ്ങളുമാണ് ഒരു സിനിമാക്കാരൻ എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.