ഒൻപതോ പത്തോ വയസുള്ളപ്പോഴാണു റേഡിയോയിൽ ‘എന്തെന്തു മോഹങ്ങളായിരുന്നു, എത്ര കിനാവുകളായിരുന്നു’ എന്ന ഗാനം ആദ്യമായി കേൾക്കുന്നത്. ഏതു സിനിമയിലേതെന്നോ ആരു പാടിയതെന്നോ ഒന്നും അറിഞ്ഞുകൂടാത്ത ആ ഗാനം മനസിൽ അജ്‌ഞാതമായൊരു നൊമ്പരമുണർത്തി. വീണ്ടും കേൾക്കണമെന്ന ആഗ്രഹവും. പിന്നീട് എല്ലാ സന്ധ്യകളിലും 7.10–ന് ആകാശവാണിയിൽനിന്നുള്ള ചലച്ചിത്ര ഗാനങ്ങൾക്കായി റേഡിയോ ഓൺ ചെയ്യുന്നത് ആ പാട്ട് ഉണ്ടായിരിക്കണേ എന്ന പ്രാർഥനയോടെയായിരുന്നു. വല്ലപ്പോഴും അതുവരും, കാത്തുകാത്തിരുന്നൊരു അതിഥി ഓർക്കാപ്പുറത്തു വന്നുകയറുന്നതുപോലെ.

പക്ഷേ, ഈ പാട്ട് ഒരു പ്രശ്നമുണ്ടാക്കും. അത് എന്റെ കണ്ണുകൾ നിറയ്ക്കും. തുടക്കത്തിൽ പ്രശ്നമില്ല; ഗായകന്റെ സ്വരം വരുമ്പോഴാണു പ്രശ്നം. ‘ഒരു മോഹംപോലും പൂത്തുതളിർത്തില്ല; ഒരു കതിർപോലും കൊയ്തില്ല’ എന്ന ഭാഗം വരുമ്പോൾ കണ്ണുകൾ നിറഞ്ഞുകവിയും. ആ വരികൾ രണ്ടാംവട്ടം പാടുമ്പോൾ ‘കൊയ്തില്ലാ’യിലെ ‘ല്ലാ’യാണ് ഏറ്റവും കുഴപ്പമുണ്ടാക്കുന്നത്. അപ്പോൾ കണ്ണുകൾ കവിയുന്നതു മറ്റുള്ളവർ കാണാതിരിക്കാൻ വീടിന്റെ വരാന്തയിലേക്ക് ഒഴിഞ്ഞുമാറും. അവിടെ, വീടിനുമുമ്പിൽ ദൂരേക്കു പരന്നുകിടക്കുന്ന നേർത്ത ഇരുട്ടിലേക്ക്, കുറെയകലെയുള്ള വീടുകളിൽ മണ്ണെണ്ണവിളക്കുകളുടെ ചെമ്പരത്തിപ്പൂക്കളിലേക്കു നോക്കിനിന്നാണു പാട്ടിന്റെ ബാക്കി ഭാഗം കേൾക്കുക.

‘നിത്യകന്യക’ എന്ന സിനിമയിലേതാണ് ആ പാട്ടെന്നും പി. സുശീലയും യേശുദാസുമാണു പാട്ടുകാരെന്നും കുറെ ചെന്നിട്ടാണു മനസിലാക്കുന്നത്. യേശുദാസ് കുഴപ്പക്കാരനാണെന്നു മറ്റു പല പാട്ടുകളിലൂടെയും വ്യക്‌തമായി. ‘കണ്ണുനീർ മുത്തുമായി കാണാനെത്തിയ’ എന്ന പാട്ടിലെ ‘എന്നോടിത്ര’ എന്ന പദം ഇത്ര നോവുണർത്തുന്ന വിധത്തിൽ പാടിക്കളഞ്ഞല്ലോ. ‘മധുരപ്പതിനേഴുകാരീ’ എന്നതൊരു സാധാരണ പ്രേമഗാനമാണെങ്കിലും ‘കലവറ തന്നിൽ കാത്തുസൂക്ഷിച്ച കനകക്കിനാക്കളും’ എന്നു പാടുമ്പോൾ മനസിന്റെ ഏതോ ഭാഗത്ത് അതു തൊടുകയും ചെറുതായി നോവിക്കുകയും ചെയ്യുന്നു.

കമുകറ പുരുഷോത്തമനും പി.ബി. ശ്രീനിവാസും കെ.പി. ഉദയഭാനുവും എ.എം. രാജയും ചലച്ചിത്ര ഗാന ശ്രോതാക്കളുടെ മനസിൽ രാജാക്കന്മാരായി വാഴുന്ന കാലത്താണു യേശുദാസിനെ കേട്ടുതുടങ്ങിയത്. എ.എം. രാജയുടെ ശബ്ദത്തിന്റെ മാധുര്യത്തെക്കുറിച്ചു പലർക്കും ഏറെ പറയാനുണ്ടായിരുന്ന കാലം. യേശുദാസാകട്ടെ ശബ്ദമാധുര്യം മാത്രമല്ല ശബ്ദഗാംഭീര്യവും കൊണ്ടുവരികയായിരുന്നു. ഗാംഭീര്യവും മാധുര്യവും എങ്ങനെ ഒത്തുപോകുമെന്നതിന്റെ ഒറ്റയുദാഹരണമായിരുന്നു യേശുദാസ്.



ഗാനരചയിതാക്കളുടെയും സംഗീത സംവിധായകരുടെയും പേരുകൾ ശ്രദ്ധിച്ചുതുടങ്ങാതിരുന്ന പ്രായത്തിലാണു ‘പണ്ടെന്റെ മുറ്റത്തു പാട്ടും കളിയുമായ്, ‘അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം’, ‘അരുവീ തേനരുവീ, ‘കിനാവിലെന്നും വന്നെന്നെ, ‘കല്പനയാകും യമുനാനദിയുടെ അക്കരെ’ തുടങ്ങിയ ഗാനങ്ങൾ ആദ്യം കേട്ടത്. പക്ഷേ, ‘ഭാർഗവീനി ലയ’ത്തിലെ ‘താമസമെന്തേ’ എന്ന അനുപമ സുന്ദരഗാനം ഇറങ്ങിയതുമുതൽ ഗാനരചയിതാക്കളെയും സംഗീത സംവിധായകരെയും ഞങ്ങൾ കുട്ടികളിൽപ്പോലും പലരും ശ്രദ്ധിക്കുകയായി. അത്രയ്ക്കായിരുന്നു യേശുദാസിന്റെ ആ ഗാനം സംഗീത പ്രേമികളിൽ ഉണ്ടാക്കിയ പ്രതികരണം. ‘മാകന്ദ ശാഖകൾ’ എന്നതിന്റെ അർഥം ഒരു മലയാളാധ്യാപകനോടു ചോദിച്ചു. ‘മാകന്ദത്തിന്റെ മാത്രമല്ല മകരന്ദത്തിന്റെയും അർഥം അദ്ദേഹം പറഞ്ഞുതന്നു. ‘മാകന്ദപുഷ്പങ്ങളിലെ മകരന്ദത്തിന്റെ മാധുര്യമുള്ള ഗാനം’ എന്ന് അദ്ദേഹം ആ പാട്ടിനെക്കുറിച്ചു പറഞ്ഞതോർക്കുന്നു.

പി. ഭാസ്കരൻ– കെ. രാഘവൻ ടീമിന്റെ ‘നഗരം നഗരം മഹാസാഗരം’ (നഗരമേ നന്ദി), ഭാസ്കരൻ ചിദംബരനാഥുമാരുടെ ‘കുങ്കുമപ്പൂവുകൾ പൂത്തു’ (കായംകുളം കൊച്ചുണ്ണി), ‘കരയുന്നോ, പുഴ ചിരിക്കുന്നോ’ (മുറപ്പെണ്ണ്), വയലാർ ദേവരാജന്മാരുടെ ‘പാരിജാതം തിരുമിഴി തുറന്നു’ (തോക്കുകൾ കഥ പറയുന്നു), ‘ആമ്പൽപ്പൂവേ’ (കാവാലം ചുണ്ടൻ), വയലാർ ദക്ഷിണാമൂർത്തിമാരുടെ ‘സ്വപ്നങ്ങൾ സ്വപ്നങ്ങൾ’ (കാവ്യമേള), ഭാസ്കരനും ബാബുരാജും ചേർന്ന ‘പ്രാണസഖി’ (പരീക്ഷ), വയലാറും ആർ.കെ. ശേഖറും ഒന്നിച്ച ‘ചൊട്ട മുതൽ ചുടല വരെ ’ (പഴശിരാജ) എന്നിങ്ങനെ യേശുദാസിന്റെ ഗാനങ്ങൾ ഒന്നൊന്നായി സംഗീതാസ്വാദകരെ കീഴ്പ്പെടുത്തുകയായിരുന്നു പിന്നീട്.

ടാജ്മഹൽ, ദോസ്തി, സംഗം തുടങ്ങിയ ചിത്രങ്ങളിലെ മുഹമ്മദ് റഫി ഗാനങ്ങൾ സ്കൂൾ വിദ്യാർഥികൾക്കിടയിലും പ്രചാരം നേടിയിരുന്നു. യേശുദാസിനോടുള്ള ആരാധനയെ നിരുത്സാഹപ്പെടുത്താൻ ചില മുതിർന്നവർ റഫിയുടെ ഗാനങ്ങൾ ചുണ്ടിക്കാട്ടി. റഫിയുടെ പാട്ടുകൾ അത്യന്തം ഹൃദയാവർജകമാണെന്നതു ശരി. എന്നാൽ, യേശുദാസ് റഫിയുടെ പിന്നിലാണോ? ആ സംശയവുമായി കഴിയുമ്പോഴാണു ‘ചെമ്മീനി’ൽ വയലാറും സലിൽ ചൗധരിയുംകൂടി കടൽ ഇളക്കിമറിച്ചത്. മന്നാഡേയുടെ ‘മാനസമൈനേ’ വൻഹിറ്റായെങ്കിലും ആ ഗാനത്തെക്കാൾ എനിക്കിഷ്ടപ്പെട്ടത് യേശുദാസിന്റെ ‘കടലിന്നക്കരെ പോണോരേ’ ആണ്. ഹിന്ദി ഗായകന്റെതിനേക്കാൾ ഏറെ മധുരം മലയാളി ഗായകന്റെ സ്വരം ട്യൂൺ അത്ര പോരാ എന്നു പറഞ്ഞു ലതാ മങ്കേഷ്കർ ഉപേക്ഷിച്ച ഗാനമാണു ‘കടലിന്നക്കരെ’ എന്നുകൂടി കേട്ടപ്പോൾ യേശുദാസ് ആരുടെയും പിന്നിൽ നിൽക്കേണ്ടയാളല്ല എന്നു തീർച്ചയായി.

മുഗ്ധമെന്നും സ്നിഗ്ധമെന്നും പറയാവുന്ന സ്വരത്താൽ മലയാളികളെ മുഴുവൻ ബന്ദികളാക്കിയ എത്രയോ ഗാനങ്ങൾ ഇതിനകം യേശുദാസ് കാഴ്ചവച്ചിരുന്നു. ‘കരുണയിലെ വാർതിങ്കൾത്തോണിയേറി, കരുണതൻ മണിദീപമേ (ഒ.എൻ.വി– ദേവരാജൻ), ‘ചിത്രമേളയിലെ പാടുവാൻ മോഹം, ആകാശദീപമേ, കണ്ണുനീർക്കായലിലെ, മദം പൊട്ടിച്ചിരിക്കുന്ന (ശ്രീകുമാരൻ തമ്പി– ദേവരാജൻ), ‘പഠിച്ച കള്ളനിലെ താണ നിലത്തേ നീരോടൂ, ഉറക്കം വരാത്ത രാത്രി (വയലാർ– ദേവരാജൻ), റെബേക്കയിലെ ‘ആകാശത്തിലെ കുരുവികൾ’ (വയലാർ– രാഘവൻ) എന്നിങ്ങനെ ധാരാളം ഗാനങ്ങൾ.

മന്ദതകൊണ്ടും സാന്ദ്രതകൊണ്ടും വിസ്മയം സൃഷ്ടിച്ച സ്വരമാണ് യേശുദാസിന്റേത്. ‘സ്കൂൾ മാസ്റ്ററിലെ ‘ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം’ എന്ന പാട്ട് രാത്രിയിൽ നവദമ്പതികൾ വീട്ടിൽ മറ്റാരും കേൾക്കാതെ പാടുന്നതാണെന്ന് അതു കേൾക്കുമ്പോൾതന്നെ നമുക്കു മനസിലാകും. മന്ത്രശബ്ദത്തിന്റെ മാധുര്യം എത്രമാത്രമെന്നു വ്യക്‌തമാക്കുന്ന പാട്ട്. കൊടുങ്ങല്ലൂരമ്മയിലെ മഞ്ജു ഭാഷിണീ, ലോട്ടറി ടിക്കറ്റിലെ മനോഹരി നിൻ മനോരഥത്തിൽ (രണ്ടും ദക്ഷിണാമൂർത്തി), ചുവന്ന സന്ധ്യകളിലെ കാളിന്ദീ കാളിന്ദീ, താരയിലെ ഉത്തരായനക്കിളി പാടി, പേൾ വ്യൂവിലെ യവനസുന്ദരീ, അയൽക്കാരിയിലെ ഇലഞ്ഞിപ്പൂമണം (എല്ലാം ദേവരാജൻ), മിടുമിടുക്കിയിലെ പൊന്നും തരിവള മിന്നും കൈയിൽ (ബാബുരാജ്), കള്ളിപ്പെണ്ണിലെ താരുകൾ ചിരിക്കുന്ന താഴ്വരയിൽ (ചിദംബരനാഥ്) ഇവയൊക്കെ റേഡിയോയുടെ ശബ്ദം അല്പം ഉയർത്തിയാലേ അടുത്ത മുറിയിലിരുന്നു കേൾക്കാനാവൂ.



കീഴ്സ്‌ഥായിയിലുള്ള പാട്ടുകൾ യേശുദാസിന് ഏറ്റവും കൂടുതൽ നൽകിയതു ദേവരാജനാണെന്നു തോന്നുന്നു. അതേ സംഗീത സംവിധായകൻതന്നെയാണു യേശുദാസിനെ താരസ്‌ഥായിയിലുള്ള പാട്ടുകളും ഏറ്റവുമധികം ഏൽപിച്ചിട്ടുള്ളത്. യേശുദാസും ദേവരാജനും സഹകരിച്ച ആദ്യഗാനങ്ങളിലൊന്നായ കണ്ണുനീർമുത്തുമായ് എന്ന പാട്ടിൽതന്നെ ഉച്ചസ്‌ഥായി എത്ര തീവ്രമായും മധുരമായും അനായാസമായും സാധിക്കാമെന്നു യേശുദാസ് കാട്ടിത്തന്നല്ലോ. സ്ത്രീശബ്ദത്തിലെ താരസ്‌ഥായി ഗാനങ്ങൾക്കു പ്രത്യേകമായി മാധുരിയെ നിയോഗിക്കാറുണ്ടായിരുന്ന ദേവരാജനു പുരുഷശബ്ദത്തിലെ ഉച്ചസ്‌ഥായി ഗാനങ്ങൾക്കുവേണ്ടി പ്രത്യേകമായൊരു ഗായകനെ തേടിപ്പോകേണ്ടി വന്നില്ല.

യേശുദാസിന്റെ സ്വരത്തിന്റെ സാന്ദ്രത ആദ്യകാലത്ത് ഏറ്റവും വെളിവായിട്ടുള്ളതു ദേവരാജഗീതങ്ങളിൽ ആയിരുന്നെങ്കിൽ സലിൽ ചൗധരിയും രവീന്ദ്രനും അത് ഏറ്റവുമധികം പ്രയോജനപ്പെടുത്തി. നീ മായും നിലാവോ (മദനോത്സവം), കേളീ നളിനം (തുലാവർഷം), ഭൂമി തൻ സംഗീതം നീ, ശ്രാവണം വന്നു (അന്തിവെയിലിലെ പൊന്ന്), പറന്നുപോയ് നീയകലെ (ചുവന്ന ചിറകുകൾ), ദുഃഖിതരേ പീഡിതരേ (തോമാശ്ലീഹാ), പദരേണു തേടി (ദേവദാസി) എന്നീ പാട്ടുകൾ ആലപിക്കുമ്പോൾ സംഗീത സംവിധായകന്റെ നിർദേശമനുസരിച്ചാവണമെന്നില്ല ദാസ് സ്വരം സാന്ദ്രമാക്കിയത്. ഗാനത്തിന്റെ സ്വഭാവം ഉൾക്കൊണ്ടു ശബ്ദം മാറ്റാൻ യേശുദാസിന് അതുല്യമായ നൈപുണ്യമുണ്ടെന്നു സമ്മതിക്കാതെ വയ്യ. തത്ത്വചിന്താപരമോ വിഷാദാത്മകമോ ആയ ഗാനങ്ങൾ ഈ ഗായകന്റെ സ്വരത്തെ എങ്ങനെ മുഴക്കമുള്ളതാക്കുന്നുവെന്നത് അദ്ഭുതകരം തന്നെ.


സർവേക്കല്ലിലെ മന്ദാകിനീ ഗാനമന്ദാകിനി, ദേവദാസിയിലെ ഒരുനാൾ വിശന്നേറെ, നഖക്ഷതങ്ങളിലെ ആരെയും ഭാവഗായകനാക്കും, അക്ഷരങ്ങളിലെ ഒരു മഞ്ഞുതുള്ളിയിൽ നീലവാനം, പഞ്ചാഗ്നിയിലെ സാഗരങ്ങളെ പാടിയുറക്കിയ, ധന്യയിലെ ധന്യേ നീയെൻ ജീവന്റെയുള്ളിൽ, നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകളിലെ പവിഴംപോൽ, ഓമനയിലെ മാലാഖേ മാലാഖേ, തോക്കുകൾ പറയുന്ന കഥയിലെ പ്രേമിച്ചു പ്രേമിച്ചുനിന്നെ, റെസ്റ്റ് ഹൗസിലെ പാടാത്ത വീണയും പാടും, പഞ്ചതന്ത്രത്തിലെ ശാരദ രജനീദീപമുയർന്നു, ഇലവങ്കോടു ദേശത്തിലെ എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം, യവനികയിലെ ചെമ്പകപുഷ്പ സുവാസിത യാമം, തുമ്പോളി കടപ്പുറത്തെ കാതിൽ തേന്മഴയായ് തുടങ്ങിയ ഗാനങ്ങൾ അക്ലിഷ്ടമെന്നും ആർക്കും പാടാവുന്നവയെന്നും തോന്നുമെങ്കിലം യേശുദാസല്ലാതെ ഏതു ഗായകൻ പാടിയാലും ഇത്ര മസൃണമധുരമാകില്ലെന്നു തീർച്ച.

അധികമാരും പരാമർശിക്കാത്ത ഒരു ഗാനം ഇവിടെ ഓർമിക്കുകയാണ്: ജോർജ് ഓണക്കൂർ കഥയെഴുതിയ എന്റെ നീലാകാശം എന്ന ചിത്രത്തിനുവേണ്ടി കെ. രാഘവൻ സംഗീതമൊരുക്കിയ ഒ.എൻ.വി വാങ്മയം ‘അകലെയാകാശപ്പനിനീർ പൂന്തോപ്പിൽ’. തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങൾ തെരഞ്ഞെടുക്കാൻ ക്ഷണിക്കപ്പെട്ടപ്പോൾ ഒ.എൻ.വി വിരൽതൊട്ടതു വയലാറിന്റെ ദേവരാജഗാനമായ ‘സന്ധ്യ മയങ്ങും നേര’ത്തിലും (മയിലാടുംകുന്ന്) ഓണക്കൂർ എത്തിനിന്നത് ഒ.എൻ.വി– എം.ബി.എസ് ഗാനമായ ‘ശരദിന്ദു മലർദീപനാളത്തിലുമാണ്. രാഘവൻ മാസ്റ്ററോ യേശുദാസോ ആരും ‘അലസനേത്രയാം മതിലേഖ’യെ പരാമർശിച്ചുകേട്ടിട്ടില്ല. ഈ ഗാനത്തിന്റെ അതീവലാളിത്യമായിരിക്കാം ഇത് അവഗണിക്കപ്പെടാൻ കാരണം. ഒരു നാടൻ പാട്ടിന് ഈണം പകരുന്ന ലാഘവത്തോടെയാകാം രാഘവൻ മാസ്റ്റർ ഈ ഗാനത്തെ ചിട്ടപ്പെടുത്തിയതും. പക്ഷേ, യേശുദാസല്ലാതെ ഒരു ഗായകൻ അതു പാടിയിരുന്നെങ്കിൽ അതൊരു ഭാവഗീതമാകാതെ ഒരുപക്ഷേ, കൂടുതൽ പോപ്പുലറായൊരു ‘കായലരികത്തു വലയെറിഞ്ഞപ്പോൾ’ ആയേനേ.

ഭക്തഹനുമാൻ എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാരൻതമ്പിയെഴുതി ദക്ഷിണാമൂർത്തി സംഗീതമേകിയ രാമരാമ ലോകാഭിരാമ, യത്തീമിനുവേണ്ടി പി. ഭാസ്കരൻ എഴുതി ബാബുരാജ് ഈണം പകർന്ന അള്ളാവിൻ കാരുണ്യമില്ലെങ്കിൽ, ജീവിതം ഒരു ഗാനത്തിനായി തമ്പി രചിച്ച് എം.എസ്. വിശ്വനാഥൻ സംഗീതം നിറച്ച സത്യനായകാ, ടാക്സി ഡ്രൈവർ എന്ന ചിത്രത്തിലേക്കായി ശ്രീധരൻ നായർ രചിച്ച് ജോഷി സംഗീതം പകർന്ന സ്വർഗലോക നാഥനാം എന്നീ ഗാനങ്ങൾ അത്രയേറെ ഭക്‌തിസാന്ദ്രമായും ഹൃദയാവർജകമായും പാടാൻ യേശുദാസിനല്ലാതെ ആർക്കു കഴിയുമെന്നു പറയൂ. ദാസിന്റെ ഭക്‌തിഗാനങ്ങൾ ഓർമിക്കുമ്പോൾ, ഒ.എൻ.വി എഴുതിയ ‘നിന്റെ സങ്കീർത്തനം ഓരോരോ ഈണങ്ങളിൽ പാടുവാൻ നീ തീർത്ത മൺവീണ ഞാൻ’ എന്നതിലെ ഞാൻ ഈ ഗായകനാണെന്നു തോന്നിപ്പോകുന്നു.



സന്യാസിനീ, പ്രേമഭിക്ഷുകീ, മോഹത്തിന്റെ മുഖം ഞാൻ കണ്ടു, സീമന്തിനീ നിന്റെ ചൊടികളിലാരുടെ, അരികിൽ നീയുണ്ടായിരുന്നെങ്കിൽ, സുമംഗലീ നീ ഓർമിക്കുമോ, കണ്ണുനീർക്കായലിലെ തുടങ്ങിയ ദേവരാജ ഗീതികളിലെ വിരഹത്തിന്റെ നടുവീർപ്പിൻ കാറ്റുകൊണ്ടു ശ്രോതാക്കൾ തങ്ങളുടെ ദുഃഖങ്ങളെയുറക്കുന്നു, എത്രയോ കാലമായി. ശ്യാമസുന്ദരപുഷ്പമേ, ആറ്റിന്നക്കരെയാരാരോ, ഹൃദയത്തിൻ രോമാഞ്ചം, പാർവണേന്ദുവിൻ എന്നീ രാഘവഗീതങ്ങൾ കേ ൾക്കുമ്പോൾ ദാസിനല്ലാതെ ആർക്കും അത്രമേൽ ഹൃദയസ്പർശകമായി വേദനതൻ ശ്രുതി പടർത്താനാവില്ലെന്നു നാമറിയുന്നു.

ഒരു മുഖം മാത്രം കണ്ണിൽ, സാഗരമേ ശാന്തമാക നീ, ആരോടും മിണ്ടാതെ, മധു ചന്ദ്രികേ നീ മായുന്നുവോ, ഇതിലേ ഏകനായ്, അനുരാഗ സുധയാൽ ഹൃദയം നിറഞ്ഞപ്പോൾ എന്നീ വിഷാദഗാനങ്ങൾ എത്ര കേട്ടാലും നമുക്കു മതിവരാത്തതു ദാസ് എന്ന ഗായകന്റെ അപ്രതിമമായ പ്രാഗല്ഭ്യംകൊണ്ടുതന്നെ.

ദാസിന്റെ സ്വരത്തിലെ ഏതു ഘടകമാണ് അദ്ദേഹത്തിന്റെ ഗാനങ്ങളെ അതുല്യമാക്കുകയെന്നു വ്യവച്ഛേദിക്കുന്നതു കൊക്കകോളയുടെ ഘടകങ്ങൾ വേർതിരിച്ചെടുക്കുന്നതിനെക്കാൾ വിഷമകരമാണ്. ലോലഭാവമാണോ ഗാംഭീര്യമാണോ താഴ്ന്ന സ്‌ഥായിയിൽനിന്ന് ഉച്ചസ്‌ഥായിയിലേക്കു ക്രമേണയോ പെട്ടെന്നോ സംക്രമിക്കാനുള്ള കഴിവാണോ, ഗാനത്തിന്റെ ഭാവവും സത്തയും ഉൾക്കൊള്ളാനുള്ള വൈഭവമാണോ, അംശങ്ങളെ വേർതിരിച്ചു പ്രകാശമാനമാക്കുന്നതിനുള്ള നൈപുണ്യമാണോ എ ന്നൊക്കെ ഇഴപിരിക്കാൻ ഒരു ശബ്ദശാസ്ത്രജ്‌ഞനും കഴിയുമെന്നു തോന്നുന്നില്ല. അതാണു പ്രതിഭയെന്നു പറയുന്നത്. ഐൻസ്റ്റീന്റെ ഐക്യു ഉള്ള ഒരാൾക്കോ അദ്ദേഹത്തിന്റെ തലച്ചോറിന്റെ ഭാരം കൃത്യമായിത്തന്നെയുള്ളയാൾക്കോ മറ്റൊരു ഐൻസ്റ്റീൻ ആകാൻ കഴിയാത്തതുപോലെ, ഘടകങ്ങൾ സംയോജിപ്പിച്ചോ സിദ്ധിയെ സാധനകൊണ്ടു പോഷിപ്പിച്ചെടുത്തോപോലും മറ്റൊരു യേശുദാസിനെ സൃഷ്ടിക്കാനാകില്ല. അതിനു നല്ല ഉദാഹരണമാണ് അദ്ദേഹത്തിന്റെ ഗായകപുത്രൻ. കലാസിദ്ധിക്കു ജനിതക സ്വാധീനമുണ്ടായിരിക്കാം. എന്നാൽ, പ്രതിഭയ്ക്കു പാരമ്പര്യ സ്വഭാവമില്ല. ആദത്തിന്റെ സൃഷ്ടിപോലെയാണു പ്രതിഭയുടെ സൃഷ്ടിയെന്ന് ആലങ്കാരികമായി പറയട്ടെ. ദൈവം സ്വന്തം കൈകൾകൊണ്ടു നേരിട്ടു മെനഞ്ഞെടുക്കുന്നവരാണു മഹാപ്രതിഭാശാലികൾ.

എല്ലാ കലകളും സംഗീതത്തെ സമീപിക്കാൻ ശ്രമിക്കുന്നുവെന്ന വാക്യത്തെ പിഞ്ചെന്ന് ഈ ലേഖകൻ പണ്ടൊരിക്കൽ, എല്ലാ ഗായകരും യേശുദാസിനെ സമീപിക്കാൻ ശ്രമിക്കുന്നുവെന്ന് എഴുതി. എന്നാൽ, തങ്ങൾ യേശുദാസിൽനിന്നു വ്യത്യസ്തരാകാൻ ശ്രമിക്കുന്നുവെന്നാണു പുതുതലമുറ ഗായകന്മാർ അവകാശപ്പെടുന്നത്. യേശുദാസിനെ പിന്തുടരുക അസാധ്യമെന്ന് അവസാനം ബോധ്യമായതുകൊണ്ടാവാം അവർ സ്വന്തം പാത വെട്ടുന്നതിനു ശ്രമിക്കുന്നത്.

സമസ്ത ഭാവഗായകനായ യേശുദാസിനെ പുതിയ സംഗീത സംവിധായകർക്ക് ആവശ്യമില്ലായിരിക്കാം. അതിന് അവർ പല കാരണങ്ങളും പറയുന്നുണ്ട്. എന്നാൽ, യേശുദാസിനെ അർഹിക്കുന്ന സംഗീത സംവിധായകർ ചുരുക്കമായിരിക്കുന്നുവെന്നതല്ലേ സത്യം? അവർക്കു പാടിക്കാൻ ഏതെങ്കിലുമൊരു നടനോ നടന്റെ മകനോ നടന്റെ അമ്മായിയുടെ മകനോ മതിയാവും. നൂറും നൂറ്റമ്പതും ചിത്രങ്ങൾക്കു സംഗീത സംവിധാനം നിർവഹിച്ച പുതിയ ആളുകൾ ഉണ്ട്. എന്നാൽ, ഓർമിച്ചിരിക്കത്തക്ക രണ്ടോ മൂന്നോ പാട്ടുകൾ മാത്രമേ അവർക്കു സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുള്ളു. കൈയബദ്ധമായി കണക്കാക്കാവുന്നത്ര പരിമിതം.

പത്രപ്രവർത്തകനും കഥാകൃത്തുമായ സുഭാഷ് ചന്ദ്രൻ താൻ ഇരുപത്തിരണ്ടാംവയസിൽ ആത്മഹത്യ ചെയ്യാൻ പുറപ്പെട്ടതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. വിഷാദരോഗത്തിന്റെ പിടിയിലായിരുന്ന അദ്ദേഹം ജീവിതം താങ്ങാനാവാതെ ഒരു അർധരാത്രിയിൽ ആലുവാപ്പുഴയുടെ തീരത്ത് എത്തി. പൂർണചന്ദ്രൻ മേഘങ്ങൾക്കുപിന്നിൽ മറഞ്ഞിരിക്കേ പുഴയുടെ തീരത്തിരുന്നു തന്റെ ജീവിതത്തിന്റെ വ്യർഥതയെക്കുറിച്ച് ആലോചിച്ചു. പുഴയുടെ ആഴത്തിലേക്കു ചാടുന്നതിന്റെ തുടക്കമായി കൈയിലെ വാച്ച് അഴിച്ചു പുഴയിലേക്ക് എറിഞ്ഞു. അപ്പോൾ ദൂരെയെങ്ങോനിന്ന് ഗന്ധർവ്വസ്വരത്തിൽ ഒരു ഗാനം ഒഴുകിവരുന്നു.

‘വസുമതീ, ഋതുമതീ, ഇനിയുണരൂ...’

സുഭാഷ് ആകാശത്തേക്കു നോക്കി. കരിമേഘത്തിനുള്ളിൽനിന്നു പൂർണചന്ദ്രൻ ഇറങ്ങിവരുന്നു.

യേശുദാസ് തുടരുകയായിരുന്നു:

‘സ്വർണരുദ്രാക്ഷം ചാർത്തി– ഒരു

സ്വർഗാതിഥിയെപ്പോലെ

നിന്റെ നൃത്തമേടയ്ക്കരികിൽ

നില്പൂ ഗന്ധർവപൗർണമി...’

അപ്പോഴത്തെ അനുഭൂതി ഒന്നു കുറിച്ചിടുകയെങ്കിലും ചെയ്യുന്നതിനായി യുവസാഹിത്യകാരൻ ആത്മഹത്യയിൽനിന്നു പിന്തിരിഞ്ഞു.

‘ഈ ഗാനം മറക്കുമോ?

ഇതിന്റെ സൗരഭം നിലയ്ക്കുമോ?’

ഇല്ല, യേശുദാസ് പാടിയ ആയിരം പാട്ടുകളുടെയെങ്കിലും സൗരഭം ഒരിക്കലും അടങ്ങില്ല. സംഘർഷഭരിതമായ, ദുഃഖഭരിതമായ വേളകളിൽ, ജീവിതത്തിന് ഒരു മലയെക്കാൾ ഭാരമുണ്ടെന്നു തോന്നുന്ന നിമിഷങ്ങളിൽ എത്രയോ പേർക്ക് ആ സൗരഭം ജീവാമൃതമായിട്ടുണ്ട്. എത്രയോ പേർ ഈ ലോകത്തിൽ പിടിച്ചുനിൽക്കുന്നത് ഈ ഭൂമിയിലല്ലാതെ ഗന്ധർവഗീതമില്ല എന്ന അറിവുകൊണ്ടായിരിക്കാം.

ഈശ്വരൻ മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ടാൽ സംസാരിക്കുന്നതു യേശുദാസിന്റെ സ്വരത്തിലായിരിക്കുമെന്നു പറഞ്ഞതു കഥകളിപ്പാട്ടുകാരനായ കലാമണ്ഡലം ഹൈദരാലിയാണ്. എന്നെങ്കിലും തന്റെ കണ്ണുകൾക്കു കാഴ്ച കിട്ടിയാൽ ആദ്യം കാണാനാഗ്രഹിക്കുന്നത് യേശുദാസിന്റെ മുഖമാണെന്നു പറഞ്ഞതു ഹിന്ദി സംഗീത സംവിധായകൻ രവീന്ദ്ര ജയിനും. ആത്മാവുകൊണ്ടു സംഗീതത്തെ കേൾക്കുന്നവർ ആ ശബ്ദത്തിൽ ദിവ്യത കാണുന്നുവെന്നത് അങ്ങനെയല്ലാത്തവർക്കുമാത്രം അദ്ഭുതമായിരിക്കും.

þtPm¬ BâWn