ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
Monday, November 25, 2024 9:50 AM IST
ദേശീയ പുരസ്കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വദേശി ടോം സ്കോട്ടിന്റെ സിനിമാപ്രവേശം. പതിറ്റാണ്ടിനിപ്പുറം അഭിനയം, ഡബ്ബിംഗ്, നിര്‍മാണം...വിപുലമാണ് ടോമിന്റെ സിനിമാലോകം. കെപിഎസി, സമാറ, ജനഗണമന, കാക്കിപ്പട, ചാപ്പകുത്ത്, ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ് എന്നിവയില്‍ വേഷങ്ങള്‍.
വഴിത്തിരിവായതു ജനഗണമനയിലെ ഡിഐജി ഹരീന്ദ്രശര്മ. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി എംപുരാന്, ഓഫ്റോഡ്, പ്രിന്‍സ് ആന്‍ഡ് ഫാമിലി, എബനേസര്‍, വെബ് സീരീസ് ഐസ്, ലീഗലി വീര്‍, ദണ്ഡകാരണ്യം, കൂട്, ജയ 234 എന്നിവ റിലീസിനൊരുങ്ങുന്നു. നിര്‍മാണ പങ്കാളിത്തമുള്ള ഡോക്യുമെന്ററി സാറ താഹ തൗഫിക് ഒടിടി റിലീസിലേക്ക്. ടോം സ്കോട്ട് സണ്‍ഡേ ദീപികയോടു സംസാരിക്കുന്നു.
നൂറ്റൊന്നു ചോദ്യങ്ങള്‍
സ്കൂള്‍, കോളജ് കാലങ്ങളില്‍ വിദൂരസ്വപ്നങ്ങളില്‍ പോലും സിനിമയില്ല. അക്കാലത്തെ ഇഷ്ടം അധ്യാപനമായിരുന്നു. ഡിഗ്രിക്കു ശേഷം രണ്ടു സ്കൂളുകളില്‍ കംപ്യൂട്ടര്‍ അധ്യാപകനായി. പിന്നീട് സെയില്സില് മുതല്‍ ഇന്‍ഫോപാര്‍ക്കിലെ അഡ്മിനിസ്ട്രേഷനില്വരെ വിവിധ ജോലികള്‍. കൂടാതെ, ടെക്സ്റ്റൈല്‍ ബിസിനസും. 2012ലാണ് സിദ്ധാര്‍ഥ് ശിവയുടെ ആദ്യ ചിത്രം നൂറ്റൊന്നുചോദ്യങ്ങള് നിര്‍മിച്ചത്. അതില്‍ ഒരു വേഷം ചെയ്ത് അഭിനയത്തിലും അരങ്ങേറ്റം.
ചിത്രം മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരവും മികച്ച ബാലനടനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളും നേടി. ഐഎഫ്എഫ്ഐയില്‍ ഇന്ത്യന്‍ പനോരമയിലേക്കു സെലക്ടായ നാലു മലയാള ചിത്രങ്ങളിലൊന്നായി. 2013 ഐഎഫ്എഫ്കെയില് പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച ചിത്രമായി. ഇന്ത്യയില്‍ ഒരു സിനിമയ്ക്കു കിട്ടാവുന്ന ബഹുമതികളെല്ലാം ചിത്രം നേടി. ഇടക്കാലത്ത് ബിസിനസും കുടുംബവും പരിഗണിച്ചു സിനിമയില്‍നിന്നു വഴിമാറി.
ജനഗണമന വഴി തെലുങ്കില്‍
2016ല്‍ സിദ്ധാര്‍ഥ് ശിവയുടെ ചാക്കോച്ചന് ചിത്രം "കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ'യില്‍ വേഷം. 2019ല്‍ ഒരു പ്രോജക്ട് ഡിസൈന്‍ ചെയ്തതോടെ എന്റെ മേഖല ഇതാണെന്നുറപ്പിച്ചു. 2020 ഓടെ സിനിമയായി ഫോക്കസ്. റഹ്മാന് നായകനായ സമാറ എന്ന സയന്‍സ് ഫിക്ഷനില്‍ പോലീസ് വേഷം. അതിലെ ലുക്ക് കണ്ടിട്ടാണ് ഡിജോ ജോസ് ചിത്രം ജനഗണമനയില്നിന്നു കോള്‍ വന്നത്.
അതില്‍ സുരാജ് വെഞ്ഞാറമൂടിന്റെ സീനിയറായ പോലീസ് ഓഫീസര്‍. കരിയറിലെ ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം. അത് എന്നെ "ലീഗലി വീര്‍' എന്ന തെലുങ്ക് സിനിമയിലെത്തിച്ചു. അതില്‍ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ സിഐ ഭരണി. ചിത്രം പോസ്റ്റ് പ്രൊഡക്ഷനിലാണ്. കാക്കിപ്പടയില്‍ എത്തിച്ചതും ജനഗണമനയാണ്. അതില്‍ വില്ലനിസമുള്ള പോലീസ് വേഷം.
ദണ്ഡകാരണ്യം
പാ രഞ്ജിത്ത് നീലം പ്രൊഡക്ഷന്‍സിന്റെ ദണ്ഡകാരണ്യമാണ് എന്റെ ആദ്യ തമിഴ് പടം. അതു റിലീസിനൊരുങ്ങുന്നു. അതില്‍ സിആര്‍പിഎഫ് ഡെപ്യൂട്ടി കമ്മീഷണറാണ്. എന്റെ ശരീരപ്രകൃതികൊണ്ടാവണം നിരന്തരം പോലീസ് വേഷങ്ങള്‍ തേടിവരുന്നു.
ഒപ്പം, വേറിട്ട കഥാപാത്രങ്ങളാകാനും അവസരമുണ്ടായി. ചാപ്പകുത്തില് താടിയും മുടിയുമൊക്കെ വളര്‍ത്തിയ വേഷം. റിലീസിനൊരുങ്ങുന്ന ഓഫ്റോഡില്‍ ഒരു വ്യത്യസ്ത കഥാപാത്രം. ഞാന്‍ ഡിസൈന്‍ ചെയ്ത പ്രോജക്ട് കൂടിയാണത്. രണ്ടാമത്തെ തമിഴ് സിനിമ കൂടില്‍ സബ് കളക്ടര്‍ വേഷം. മൂന്നാമത്തെ തമിഴ് സിനിമ ജയ 234 ഷൂട്ടിംഗ് തുടരുന്നു.
സാറ താഹ തൗഫിക്
നിര്‍മാതാവെന്ന നിലയില്‍ രണ്ടാമത്തെ വര്‍ക്ക് "സാറ താഹ തൗഫിക്' എന്ന ഡോക്യുമെന്ററിയാണ്. ബാഹുബലിയുടെ സൗണ്ട് മിക്സര്‍ ജസ്റ്റിന് ജോസാണ് സൗണ്ട് ഡിസൈനും മിക്സിംഗും. അങ്കമാലി ഡയറീസ്, മലൈക്കോട്ടൈ വാലിബന് സിനിമകള്‍ക്കു സംഗീതമൊരുക്കിയ പ്രശാന്ത് പിള്ളയാണ് മ്യൂസിക് ഡയറക്ടര്‍. വോയ്സ് ഓവര്‍ അഞ്ജലി മേനോന്. മട്ടാഞ്ചേരിയില്‍ താമസിച്ചിരുന്ന ജൂത വയോധികയാണ് സാറ. അവരെ സംരക്ഷിച്ചതു താഹയുടെ മുസ്ലിം കുടുംബം.
സാറയുമായി പരിചയമുള്ള അറബിക്-ഹീബ്രു കാലിഗ്രഫറാണ് കൊച്ചിയില്‍ തന്നെയുള്ള തൗഫിക്. ഈ കഥാപാത്രങ്ങളുടെ ആത്മബന്ധത്തിന്റെ കഥയാണ്. അവരുടെ റിയല്‍ ലൈഫ് ഷൂട്ട് ചെയ്യുകയായിരുന്നു. ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹികപ്രസക്തിയുള്ള പ്രമേയം. സംവിധായകന് ശരത് കൊറ്റിക്കലും നിര്‍മാണ പങ്കാളിയാണ്. ഇന്ത്യന്‍ എംബസി പരിപാടിയില്‍ ചിത്രം ഇസ്രയേലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
എമ്പുരാന്
പൃഥ്വിരാജിന്റെ എമ്പുരാനിലാണ് ഒടുവില്‍ അഭിനയിച്ചത്. സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ പോലും ഇതിലൊരു വേഷം കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന തരത്തിലുള്ള സിനിമ. ഞാന്‍ അഭിനയിച്ച പരസ്യചിത്രത്തില്‍ അസിസ്റ്റന്റായിരുന്ന സഹല്‍ എമ്പുരാനില്‍ അസി. ഡയറക്ടറാണ്. ഞാൻ നിർമിച്ച ഡോക്യുമെന്ററിയുടെ ഡയറക്ടര്‍ വഴിയാണ് സഹല്‍ എന്നെ വിളിച്ചത്. അതില്‍ ടോവിനോയുടെ കൂടെയുള്ള കഥാപാത്രം.
സിനിമയും ബിസിനസും
ഇതരഭാഷാ ചിത്രങ്ങളുടെ മലയാളം വേര്‍ഷനില്‍ ഡബ്ബ് ചെയ്യാനും അവസരമുണ്ടായി. തമിഴ്ചിത്രങ്ങളായ എഫ്ഐആര്‍, ധ്രുവനച്ചത്തിരം, സെല്‍ഫി, ലിയോ എന്നിവയില്‍ ഗൗതം മേനോന്റെയും ലെജന്‍ഡില്‍ സുമന്റെയും കന്നട ചിത്രം ക്രാന്തിയില്‍ തരുണ്‍ അരോറയുടെയും ശബ്ദമായി.
ലുലു, ഒപ്പോ, ആമസോണ്‍ ഇന്ത്യ എന്നിവയുടെ പരസ്യചിത്രങ്ങളിലും വേഷമിട്ടു. പരസ്യങ്ങളില്‍ പ്രായമുള്ള വേഷങ്ങളാണ് ഏറെയും. അതിനാല്‍ താടി സോള്‍ട്ട് ആന്‍ഡ് പെപ്പറായി നിലനിര്‍ത്തുന്നു. പോലീസ് വേഷങ്ങള്‍ക്കു വേണ്ടിയാണ് താടിയെടുക്കാറുള്ളത്.
കോട്ടയം മാന്നാനത്താണു താമസം. സിനിമയും ബിസിനസും ഒന്നിച്ചുകൊണ്ടുപോകാനാണ് ആഗ്രഹം. ഇപ്പോള്‍ കൊച്ചിയില്‍ ക്രിപ്റ്റോ പോര്‍ട്ട് ഫോളിയോ മാനേജ്മെന്റ് കമ്പനിയുടെ ഓള് കേരള ഓപ്പറേഷന്‍സ് ഹെഡാണ്. എന്റെ കാലിബറിനനുസരിച്ചു വേറിട്ട വേഷങ്ങള്‍ വരുമെന്ന പ്രതീക്ഷയിലാണ്. ജനഗണമനയിലെയും കാക്കിപ്പടയിലെയും വേഷങ്ങള്‍ ഏറെയിഷ്ടം. തെലുങ്ക്, തമിഴ് സിനിമകളിലെ വേഷങ്ങളും ആസ്വദിച്ചു ചെയ്തവയാണ്.
ടി.ജി. ബൈജുനാഥ്