കാത്തിരുന്ന അത്രയും ഉണ്ടോ എന്പുരാനിൽ?
Friday, March 28, 2025 11:32 AM IST
ഒരു ഹോളിവുഡ് സിനിമ എങ്ങനെ കാണുന്നുവോ അതാണ് എന്പുരാൻ കണ്ടിറങ്ങുന്പോൾ പേക്ഷകർക്ക് തോന്നുക. മേക്കിംഗ് രീതികൾ കൊണ്ട് കാണികളെ പിടിച്ചിരുത്താനും ഇതൊരു മലയാളചിത്രം തന്നെയാണോയെന്ന് ഒന്നുകൂടി ചിന്തിപ്പിക്കുന്ന തരത്തിലുമുള്ള സംവിധായകൻ പൃഥ്വിരാജിന്റെ ഭാഷയിൽ പറയുന്ന "ഒരു കൊച്ചു വലിയ ചിത്രം'.
പക്ഷേ ആ കൊച്ചുവലിയ ചിത്രം പ്രേക്ഷകർക്ക് ആസ്വദിക്കാനായോ എന്നിടത്താണ് ചിത്രത്തിന്റെ വിജയം അളക്കാൻ സാധിക്കുക. ഒറ്റ വാക്കിൽ പറഞ്ഞാൽ എന്പുരാൻ കൊള്ളാം. എന്നാൽ ചില പോരായ്മകൾ തോന്നുകയും ചെയ്യും. ഒരു പ്രതികാരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളും വർഗീയ മുതലെടുപ്പുകളും അത് കേരളത്തിനെ എങ്ങനെ ബാധിക്കുന്നുവെന്നതും ചിത്രം പറയുന്നുണ്ട്.
മുരളി ഗോപിയുടെ തിരക്കഥയെ ആറ്റിക്കുറുക്കി ഹൈക്വാളിറ്റി മേക്കിംഗിലാണ് സംവിധായകൻ ചിത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നതെന്ന് നിസംശയം പറയാം. എന്നാൽ ആരാധകർ ഏറെ കാത്തിരുന്ന മോഹൻലാലിന്റെ ഇൻട്രോ കുറച്ചുകൂടി മികച്ചതാക്കമായിരുന്നുവെന്നും സ്റ്റീഫൻ നെടുന്പള്ളിയെ കാണാൻ കാത്തിരുന്ന പ്രേക്ഷകർക്ക് നിരാശ സമ്മാനിച്ചുവെന്നും വ്യക്തം.
ലൂസിഫർ എന്ന ചിത്രത്തിൽ നിന്നും എന്പുരാനിലേക്കുള്ള അഞ്ചുവർഷത്തെ സംവിധായകന്റെ പരിശ്രമവും കഠിനാധ്വാനവുമെല്ലാം ഓരോ ഫ്രെയിമുകളിലും കാണാം. എന്പുരാന്റെ കഥ തുടങ്ങുന്നത് ഉത്തരേന്ത്യയിൽ നിന്നുമാണ്. ഗുജറാത്തിലെ ഗോധ്ര കലാപത്തിന്റെ ഓർമപ്പെടുത്തലുകളുമായാണ് ചിത്രം തുടങ്ങുന്നത്. ആ കലാപത്തിന്റെ തീച്ചൂളയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരുകൂട്ടം ആൾക്കാരും അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും പിന്നീടുള്ള സസ്പെൻസുകളും അതിനൊപ്പം നിറയുന്നു.
ഇതിനൊപ്പം കേരളരാഷ്ട്രീയത്തിൽ ഈ അഞ്ചുവർഷത്തിനിടയിൽ വന്ന മാറ്റങ്ങളാണ് പിന്നീട് കാണിക്കുന്നത്. നെടുന്പള്ളി എന്ന ഗ്രാമത്തിൽ നിന്നും അവരുടെ സ്റ്റീഫാച്ചയൻ പോയിട്ട് അഞ്ചുവർഷമായി. പിന്നീട് കേരളം എങ്ങനെ മാറിയെന്നും മുന്നോട്ട് അവരെ കാത്തിരിക്കുന്ന പല പ്രശ്നങ്ങളുമാണ് ചിത്രം പറയുന്നത്. ഇതിനിടയിലും ഗോവർധന്റെ അന്വേഷങ്ങൾ നടക്കുന്നുണ്ട്.
ഇറാഖ്, സിറിയ, തുര്ക്കി, റഷ്യ, പാകിസ്ഥാൻ, ചൈന തുടങ്ങി നിരവധി രാജ്യങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. കഥാപരമായി ചിത്രത്തിന് മികവ് പുലർത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് ചിത്രത്തിന്റെ ഒരു പോരായ്മയായി തോന്നിയത്. മാത്രമല്ല പ്രേക്ഷകരിൽ രോമാഞ്ചം ഉണർത്താൻ സാധിച്ചിട്ടില്ലയെന്നും ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ആളുടെ കാസ്റ്റിംഗ് എന്തിനായിരുന്നു എന്നുവരെ തോന്നിപ്പോകുന്ന നിമിഷങ്ങളും പോരായ്മകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
അതേസമയം ആദ്യ പകുതിയെ കടത്തിവെട്ടുന്നതാണ് ചിത്രത്തിന്റെ രണ്ടാം പകുതിയുടെ തുടക്കം. ഒരു മോഹൻലാൽ ആരാധകൻ അല്ലെങ്കിൽ പോലും ആ രംഗങ്ങൾ നിങ്ങളെ കോരിത്തരിപ്പിക്കുമെന്നുറപ്പാണ്. സയീദ് മസൂദ് എന്ന കഥാപാത്രമായി പൃഥ്വിരാജ് വരുന്ന രംഗവും കിടിലനാക്കിയിട്ടുമ്ട്.
അതേസമയം ആക്ഷനും മാസുമൊക്കെയായി കംപ്ലീറ്റ് എൻഗേജിംഗ് ആണ് ചിത്രത്തിന്റെ രണ്ടാം പകുതി. ചിത്രത്തിലെ ഒരു ഫൈറ്റ് രംഗം മാത്രമാണ് മികവ് പുലർത്തിയത്. ക്ലൈമാക്സിലെ ഫൈറ്റുകളൊക്കെ പഴകിപൊളിഞ്ഞ ഫൈറ്റ് സീനുകളെയാണ് ഓർമിപ്പിച്ചത്. പൃഥ്വിയും ലാലേട്ടനും അഴിഞ്ഞാടുന്നുണ്ടെങ്കിലും ആക്ഷനിൽ പുതുമയൊന്നും കാണാൻ കഴിഞ്ഞില്ല.
ഒരുപാട് പെർഫോമൻസ് ഓറിയന്റഡ് സീനുകളൊന്നും ചിത്രത്തിൽ ആർക്കും തന്നെയില്ല. മഞ്ജു വാര്യർ, ടൊവീനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, കാർത്തികേയ ദേവ, ഇന്ദ്രജിത്ത് തുടങ്ങിയവരും അവരവരുടെ ഭാഗം മികവുറ്റതാക്കി. അതുപോലെ സംഭവങ്ങൾ വളരെ കൃത്യമായി കൂട്ടിയിണക്കുന്നതിലും സംവിധായകൻ വിജയിച്ചിട്ടുണ്ട്.
അഖിലേഷ് മോഹന്റെ എഡിറ്റിംഗും സുജിത്ത് വാസുദേവന്റെ ഛായഗ്രഹണവും എടുത്തുപറയേണ്ടതാണ്. അത്രമികവോടെയാണ് അവ കൈകാര്യം ചെയ്തിരിക്കുന്നത്. അതേസമയം ദീപക് ദേവിന്റെ സംഗീതവും പശ്ചാത്തലം സംഗീതവും ചിത്രത്തിനൊത്ത് ഉയർന്നില്ല. മോഹൻലാലിന്റെ ഇൻട്രോ സീനിൽ പോലും പതിഞ്ഞ താളത്തിൽ ഹൈ എക്സൈറ്റ്മെന്റ് കൊണ്ടുവരാൻ സാധിക്കാതെ ദുർബലമായി പോയതായി തോന്നി.
എന്തിരുന്നാലും ലൂസിഫറിന്റെ ഹൈപ്പ് കൊണ്ടുവരാൻ ചിത്രത്തിനായില്ലെങ്കിലും ടെക്നിക്കലി ഹൈ ലെവൽ വിഷ്വൽ ക്വാളിറ്റിയുള്ള ഒരു സിനിമയാണ് എംപുരാനെന്ന് കൃത്യമായി പറയാം. എമ്പുരാൻ കാണാൻ അത്രയും കാത്തിരുന്ന പ്രേക്ഷകനെ ചിത്രം ചെറുതായി മടുപ്പിച്ചിട്ടുണ്ടെങ്കിലും ചിത്രം ഒരു അസാധ്യ മേക്കിംഗ് ലെവൽ എക്സ്പീരിയൻസ് തരും എന്നതിൽ സംശയമില്ല. ഇനി ലൂസിഫർ മൂന്നാം ഭാഗത്തിനായി കാത്തിരിക്കാം. അതിലേയ്ക്കുള്ള പാലമിട്ടാണ് പൃഥ്വിരാജ് ചിത്രം അവസാനിപ്പിച്ചിരിക്കുന്നത്.
ഒരു കാര്യം കൂടി; ആ ഡ്രാഗണെ കാണിക്കാൻ ഇത്രയും സസ്പെൻസ് വേണമായിരുന്നോ?