ഈ പാട്ടു ശരിയാവില്ലെന്ന് രാജേഷ് ഖന്ന, ആവുമെന്ന് ബർമൻ!
Friday, July 1, 2022 3:21 PM IST
ഒരു ശരാശരി നിലവാരത്തിലുള്ള കഥപറയുന്ന സിനിമയെ വൻ വിജയമാക്കിയ സംഗീതം. അതിശയോക്തിയല്ല. അങ്ങനെയും സിനിമകളുണ്ട്., പാട്ടുകളും. അത്തരമൊരു സിനിമയ്ക്ക് ഇക്കൊല്ലം അന്പതു വയസു പൂർത്തിയാവുന്നു...
സൂപ്പർസ്റ്റാർ എന്ന വിശേഷണം ഏറ്റവുമിണങ്ങിത്തുടങ്ങിയ കാലത്താണ് അന്നു രാജേഷ് ഖന്ന. ദിലീപ് കുമാറും രാജ് കപൂറും ദേവ് ആനന്ദും തിളങ്ങുന്ന താരങ്ങളായിട്ടും വേറൊരു ജനുസായി രാജേഷ് ഖന്ന ജ്വലിച്ചു. ആരാധകർ അക്ഷരാർഥത്തിൽ അയാൾക്കുവേണ്ടി ഭ്രാന്തെടുത്തുനടന്നു. പെണ്കുട്ടികൾ രക്തംകൊണ്ടു കത്തെഴുതാനും, അയാളുടെ കാറിൽ ചായംതേച്ച ചുണ്ടുകളുടെ മുദ്ര പതിപ്പിക്കാനും മത്സരിച്ചുതുടങ്ങിയ കാലം.
അങ്ങനെയിരിക്കെയാണ് 1972ൽ മേരേ ജീവൻ സാഥി എന്ന സിനിമ വരുന്നത്. രാജേഷ് ഖന്നയ്ക്കൊപ്പം തനൂജ, സുജിത് കുമാർ, ബിന്ദു, ഹെലൻ, ഉത്പൽ ദത്ത്, നാസിർ ഹുസൈൻ തുടങ്ങിയവരടങ്ങിയ താരനിര. കൊള്ളാം, കണ്ടിരിക്കാം എന്ന ശരാശരി അഭിപ്രായത്തിൽ തുടങ്ങി പാട്ടുകളുടെ പിൻബലത്തിൽ സംസാരവിഷയമായ സിനിമ.
ഒന്നിനൊന്നു മികച്ച പാട്ടുകൾ പെട്ടെന്നു ഹിറ്റുകളാവുകയും നിത്യഹരിതമായി മാറുകയും ചെയ്തു. കിഷോർ കുമാറിന്റെ മികച്ച പത്തു ഗാനങ്ങൾ തെരഞ്ഞെടുത്താൽ അതിലൊന്നാവും ഈ ചിത്രത്തിലെ ഓ മേരേ ദിൽ കേ ചേൻ എന്ന പാട്ട്.
ഈ പാട്ട് അത്ര പോര!
സ്വപ്നത്തിൽ പിറന്നുവീണ ഈണമെന്ന് വിശേഷിപ്പിച്ചിട്ടുണ്ട് ഈ ചിത്രത്തിലെ ചലാ ജാത്താ ഹൂ കിസീ കേ ധുൻ മേ എന്ന പാട്ടിനെ സംഗീത സംവിധായകൻ ആർ.ഡി. ബർമൻ. സുന്ദരമായ യോഡ്ലേയിംഗ് കൊണ്ട് കിഷോർ കുമാർ സമാനതകളില്ലാത്തവിധം പാടിത്തകർത്ത പാട്ട്. സ്വരങ്ങളുടെ ഉയർച്ചതാഴ്ചകളുമായി ഇന്നും സൂപ്പർഹിറ്റാണ് ജീവൻ തുടിക്കുന്ന ആ ഗാനം.
മറ്റൊരു കിഷോർ കുമാറിനെയാണ് ഓ മേരേ ദിൽ കേ ചേൻ എന്ന പാട്ടിൽ ദർശിക്കാനാവുക. എന്നാൽ ആ പാട്ടിനു പിന്നിൽ ഒരു കഥയുണ്ട്. ഈണം കേട്ടമാത്രയിൽ ഇതത്ര പോരാ എന്നായിരുന്നു നായകൻ രാജേഷ് ഖന്നയുടെ പ്രതികരണം. ഇതു വേണ്ടെന്ന് സംവിധായകൻ രവികാന്തിനോടു തീർത്തു പറയുകയും ചെയ്തു. ഇനിയെന്തു ചെയ്യുമെന്നായി രവികാന്ത്. മടിയോടെയാണ് ആർ.ഡി. ബർമനെ സമീപിച്ച് രാജേഷ് ഖന്നയുടെ തീരുമാനം അറിയിച്ചത്.
വിവരം അറിഞ്ഞയുടൻ ബർമൻ തന്റെ ഹാർമോണിയവുമായി സൂപ്പർ സ്റ്റാറിന്റെ മുറിയിലേക്കു പോയി. നിമിഷങ്ങൾ ഇഴഞ്ഞുനീണ്ടു. പുറത്തു കാത്തുനിന്നവർക്ക് ആകാംക്ഷ. പതിനഞ്ചു മിനിറ്റിനുശേഷം ബർമൻ പുറത്തുവന്നു പറഞ്ഞു- ഖന്ന ഈ പാട്ടിന് ഓക്കേ പറഞ്ഞു! ശേഷമുള്ളത് ചരിത്രം.
കിഷോർ ആറാട്ട്
മജ്റൂഹ് സുൽത്താൻപുരിയുടെ മനോഹരമായ വരികളായിരുന്നു പാട്ടുകളുടെ പിൻബലം. മുകളിൽ പറഞ്ഞ രണ്ടു പാട്ടുകൾക്കു പുറമേ നാലെണ്ണംകൂടി കിഷോർ കുമാറിന്റെ ശബ്ദത്തിൽ. ഓരോന്നും അന്നുമിന്നും ഹിറ്റ്.
ദീവാനാ ലേകേ ആയാ ഹേ, അപ്നോ കോ കബ് ഹേ ശാം, കിത്നേ സപ്നേ കിത്നേ അർമാൻ എന്നീ പാട്ടുകളിൽ പുതിയ ഭാഷയിൽ പറഞ്ഞാൽ കിഷോർ ആറാടുകയായിരുന്നു. ലതാ മങ്കേഷ്കറിനൊപ്പം ദീവാനാ കർകേ ഛോഡേംഗേ എന്ന പാട്ടും കിഷോർ പാടി. ആഷയും ബർമൻ സ്വയവുമാണ് മറ്റു രണ്ടു പാട്ടുകൾ പാടിയത്. അന്പതു വർഷം പൂർത്തിയാകുന്പോഴും പുതുമ മങ്ങുന്നില്ലെന്നതാണ് ഈ ഗാനങ്ങളുടെ പ്രത്യേകത.
മജ്റൂഹ്: എക്കാലത്തെയും കവി
എഴുത്തുതൂവലിൽനിന്ന് ഒന്നാംതരം കവിത മാത്രം വന്നിരുന്ന ഗാനരചയിതാക്കളുടെ ഒരു നിരയുണ്ട്- സാഹിർ ലുധിയാൻവി, ഷക്കീൽ ബദായുനി, കൈഫി ആസ്മി, ഹസ്രത് ജയ്പുരി, ഖമർ ജലാലാബാദി... ഈ കൂട്ടത്തിൽ മജ്റൂഹ് സുൽത്താൻപുരിയുമുണ്ടായിരുന്നു.
പാട്ടുകളിൽ കവിത വിരിയിച്ചവരിൽ മുൻനിരക്കാരൻ. എല്ലാത്തരം വികാരങ്ങളും വരികളിൽ കൊണ്ടുവരാൻ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്. ഗസലുകളിൽ അദ്ദേഹം മികവുപുലർത്തി. രണ്ടായിരാമാണ്ടിൽ 81-ാം വയസിൽ വിടപറയുന്നതിനു മുന്പ് ഇരുനൂറ്റന്പതിലേറെ സിനിമകൾക്കുവേണ്ടി അദ്ദേഹം പാട്ടുകളെഴുതി. അതിൽ ഒരുകാലത്തും മറക്കാത്ത വരികളാണ് ഓ മേരേ ദിൽ കേ ചേൻ...
ഹരിപ്രസാദ്