കാമറക്കണ്ണുകൊണ്ട് കളവു കാണിക്കാത്ത എംജെ
Monday, July 15, 2019 11:28 AM IST
“കാമറയുടെ ഫീൽ പരമാവധി ഒരു സിനിമയിൽ നിന്നൊഴിവാക്കുക എന്നതാണ് എന്റെ രീതി. കാമറ ആവശ്യമില്ലാതെ ചലിച്ചാൽ റിയാലിറ്റി നഷ്ടമാകാൻ സാധ്യതയുണ്ട്. സീനിനെ മനോഹരമാക്കുന്നതിന് അത്തരം ചില മൂവ്മെൻസ് ഗുണം ചെയ്യുമെങ്കിൽ നല്ലത്. പക്ഷേ, ആവശ്യത്തിൽ കൂടുതലായാൽ യാഥാർഥ ഭാവം നഷ്ടപ്പെടും’’ വെള്ളിത്തിരയിൽ ദൃശ്യഭാഷ ഒരുക്കുന്പോൾ എം.ജെ രാധാകൃഷ്ണൻ എന്ന ഛായാഗ്രാഹകൻ പുലർത്തിയിരുന്ന അടിസ്ഥാനതത്വം ഇതായിരുന്നു.
പുതിയ കാലത്തിലെ ഡിജിറ്റൽ ഫോർമാറ്റിൽ പ്രത്യേക ഫ്രെയിമിൽ പോലും കളർ വ്യതിയാനം വരുത്താൻ സാധിക്കുന്പോഴും കലയുടെ അംശം നഷ്ടമാകാതിരിക്കാൻ ഈ കലാകാരൻ കാണിച്ച അർപ്പണ ബോധമാണ് ഇന്നു മലയാള സിനിമ ഇദ്ദേഹത്തിനു നൽകുന്ന ബഹുമാന സ്ഥാനം.
തന്റെ കാമറക്കണ്ണുകൊണ്ട് കളവു കാണിക്കാനോ ഗിമ്മിക്സുകളുടെ ഇന്ദ്രജാലം കാട്ടാനോ ഈ സീനിയർ ഛായാഗ്രാഹകൻ മുതിർന്നില്ല. പകരം ദൃശ്യങ്ങളെ യാഥാർഥ്യബോധത്തോടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിലെ എണ്ണപ്പെട്ട ഛായാഗ്രഹകരിൽ ഒരാളായി എം.ജെ മാറിയതും. പുരസ്കാരങ്ങൾ ഒന്നിനു പിറകേ ഒന്നായി ലഭിക്കുന്പോഴും ലാളിത്യമായിരുന്നു മുഖമുദ്ര.
മികച്ച കാമറാമാനുള്ള സംസ്ഥാന പുരസ്കാരം ഏഴു തവണയാണ് എം.ജെ. രാധാകൃഷ്ണനെ തേടിയെത്തിയത്. 1996ൽ ജയരാജിന്റെ ദേശാടനത്തിലൂടെയാണ് ആദ്യ സംസ്ഥാന അവാർഡ് നേട്ടം. പിന്നീട് 99ൽ കരുണത്തിനും 2007ൽ അടയാളങ്ങൾക്കും സംസ്ഥാന ബഹുമതി ലഭിച്ചു. 2008ൽ ബയോസ്കോപിനും 2010ൽ വീട്ടിലേക്കുള്ള വഴിക്കും 2011ൽ ആകാശത്തിന്റെ നിറത്തിനും പുരസ്കാര നിറവ്. ഈ കാലയളവിൽ കാൻ പുരസ്കാരമടക്കം വിവിധ ലോകോത്തര ചലച്ചിത്ര മേളകളിലായി നാല് ഇന്റർനാഷണൽ പുരസ്കാരവും തേടിയെത്തി.
2016ൽ ഡോ.ബിജു സംവിധാനം ചെയ്ത കാടുപൂക്കുന്ന നേരം എന്ന സിനിമയിലെ കാമറയ്ക്കാണ് അവസാനമായി സംസ്ഥാന ബഹുമതി എം.ജെ. രാധാകൃഷ്ണനെ തേടിയെത്തിയത്. പുരസ്കാര നേട്ടത്തിനെക്കുറിച്ച് ചോദിച്ചാലും എം.ജെ പറയും, “അങ്ങനെയെന്തെങ്കിലും കൂടുതലായി പറയാൻ എനിക്കറിയില്ല. ഓരോ സിനിമയും നന്നായി ചെയ്തുവെന്നാണ് വിശ്വാസം. സിനിമയുടെ മൂഡിനു ചേരുന്ന രീതിയിൽ ലൈറ്റപ്പും കളറിംഗും നൽകി ഒട്ടും ഗ്ലാമറസായി അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. അതിന്റെ റിസൾട്ടാണ് അവാർഡുകളൊക്കെ’’.
എൻ.എൻ. ബാലകൃഷ്ണനൊപ്പം സ്റ്റിൽ ഫോട്ടോഗ്രാഫറായിട്ടായിരുന്നു എം.ജെയുടെ തുടക്കം. ബാലകൃഷ്ണനു വരാൻ സാധിക്കാത്തിനെത്തുടർന്നാണ് പഞ്ചവടിപ്പാലത്തിന്റെ സ്റ്റിൽഫോട്ടോഗ്രാഫറായി മാറുന്നത്. പിന്നീട് പല സിനിമകളിലും സ്റ്റിൽ ഫോട്ടോഗ്രാഫറായി വർക്കു ചെയ്തു. ആ സമയത്താണ് ഛായാഗ്രാഹകനും സംവിധായകനുമായ ഷാജി എൻ. കരുണുമായി പരിചപ്പെട്ടതും അദ്ദേഹത്തിന്റെ കാമറാ അസിസ്റ്റന്റായി കൂടുന്നതും.
അവിടെനിന്നു രാജീവ് അഞ്ചൽ സംവിധാനം ചെയ്ത അമ്മാനംകിളിയിലൂടെയാണ് സ്വതന്ത്ര കാമറാമാനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഷാജി എൻ. കരുണിന്റെ തന്നെ ഓള് വരെ നാൽപ്പതിൽ അധികം ചിത്രങ്ങൾക്കു ദൃശ്യഭാഷ ചമയ്ക്കാൻ എം.ജെയ്ക്കു സാധിച്ചു.
സാങ്കേതിക-സജ്ജീകരണ മികവുകളുടെ അകന്പടിയാൽ ഇന്നു ഛായാഗ്രാഹകർ പെരുമ നേടുന്നതിനും മുന്പാണ് എം.ജെ എന്ന അതികായൻ മലയാള സിനിമയുടെ യശസ് ഉയർത്തുന്നത്. മൂന്നു പതിറ്റാണ്ടിന്റെ അനുഭവ സന്പത്തിൽ കലയിൽ സത്യസന്ധത പുലർത്താൻ ഇദ്ദേഹത്തിനു കഴിഞ്ഞു. ആ പൈതൃകം പിന്തുടർന്ന് മകൻ യദു കൃഷ്ണനും ഛായാഗ്രാഹകനായി മികവു തെളിയിക്കാൻ രംഗത്തുണ്ട്.
ലിജിൻ. കെ ഈപ്പൻ